കോഴിക്കോട് ട്രെയിനില്‍ തീയിട്ടതിന് മഹാരാഷ്ട്ര രത്‌നഗിരിയില്‍ പിടിയിലായ ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് സംഘം കേരള പൊലീസിനു കൈമാറി. പ്രതിയുമായി കേരള പൊലീസ് സംഘം റോഡ് മാര്‍ഗം കേരളത്തിലെത്തും. ഇതേസമയം, ഷാറൂഖിന്റെ പിതാവിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കേരള പോലീസും ഒപ്പമുണ്ട്. കേരള പോലീസ് അടക്കമുള്ള എല്ലാ അന്വേഷണ ഏജന്‍സികളുടേയും സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ രത്‌നഗിരിയില്‍നിന്നു പിടികൂടിയതെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി പിന്‍വലിച്ചു. എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍നിന്ന് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ചില ഭാഗങ്ങളും നീക്കം ചെയ്തു. ജനാധിപത്യം, മുഗള്‍ ഭരണകാലം തുടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്തതു നേരത്തെ വിവാദമായിരുന്നു.
സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25 ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേര്‍ന്നു പരിഹാരമുണ്ടാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. മന്ത്രി പറഞ്ഞു.
ദേവികുളത്തെ സിപിഎം എംഎല്‍എയായിരുന്ന എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമസഭാംഗത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ ഇതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കം. എന്നാല്‍ സ്വന്തം പാര്‍ട്ടി എംഎല്‍എയെ സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 20 നാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. 10 ദിവസത്തെ സ്റ്റേ കാലാവധി മാര്‍ച്ച് 31 ന് തീര്‍ന്നതാണ്.
ക്രൈസ്തവര്‍ക്കു നാളെ പെസഹാ ആചരണം. യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ സന്ദേശം പകരുകയും അന്ത്യത്താഴത്തില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ദേവാലയങ്ങളിലെ പ്രത്യേക തിരുക്കര്‍മങ്ങളില്‍ വിശ്വാസികള്‍ പങ്കെടുക്കും. ഞയറാഴ്ചയാണ് ഈസ്റ്റര്‍.
സംസ്ഥാനത്തെ ജയിലുകളില്‍ മതപരമായ തിരുക്കര്‍മങ്ങളും പൂജകളും നിരോധിച്ചു. കുര്‍ബാനയും പൂജയും മാത്രമല്ല, മതപഠന ക്ലാസുകളും ആധ്യാത്മിക പഠനങ്ങളും വിലക്കി ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഉത്തരവിറക്കി. തടവുകാര്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മധു കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞതിനു സര്‍ക്കാരാണ് ഉത്തരവാദിയെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിധിക്കെതിരെ സര്‍ക്കാര്‍ ജില്ലാ സെക്ഷന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കിയതും പൊലീസ് പ്രതികളെ സഹായിച്ചതുമെല്ലാം അങ്ങാടിപ്പാട്ടായിരുന്നെന്നും സുരേന്ദ്രന്‍.
പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വികലമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിര്‍മിതി അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റു വേണമെന്ന വാദവുമായി കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിനു പുറമെ വിജയ സാധ്യതയുള്ള പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ത്യശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം വി ആര്‍ കൃഷ്ണ തേജ നിര്‍ധന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന തൃശൂര്‍ മുളയത്തെ എസ്ഒഎസ് വില്ലേജിനു കൈമാറി.
പൊതുമേഖലാ ബാങ്കുകളില്‍ അവകാശികള്‍ കൈപ്പറ്റാതെ കിടന്ന 35000 കോടി രൂപ റിസര്‍വ്വ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പത്തു വര്‍ഷമോ അതിലധികമോ പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപമാണ് റിസര്‍വ് ബാങ്കിലേക്ക് കണ്ടുകെട്ടിയത്. പ്രവര്‍ത്തനരഹിതമായ പത്തേകാല്‍ ലക്ഷം അക്കൗണ്ടുകളിലെ പണമാണിതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയില്‍ അറിയിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. ധനനയ പ്രഖ്യാപനം നാളെ ഉണ്ടാകും. 25 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് ആറര ശതമാനമാണ്.
അദാനി- മോദി ബന്ധം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയങ്ങളെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ നിര്‍ത്തി വച്ചു. ഉച്ചക്കുശേഷവും ബഹളം തുടര്‍ന്നതോടെ ലോക്‌സഭ നാളത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനം നാളെ അവസാനിക്കും.ഇരുപക്ഷവും ബഹളംവച്ചതിനാല്‍ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം പോലും ഇരുസഭകളും സമ്മേളിക്കാനായില്ല. എന്നാല്‍ ബജറ്റും ബില്ലുകളും പാസാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തെലുങ്കാനയില്‍ എത്താനിരിക്കേ, ബിജെപി സംസഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിനെ തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് വീട്ടില്‍നിന്ന് വലിച്ചിഴച്ച് അറസ്റ്റു ചെയ്തത്.
പൂര്‍ണ്ണമായി ത്രീ ഡി പ്രിന്റ് ചെയ്ത ക്രയോജനിക് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് സ്വകാര്യ റോക്കറ്റ് നിര്‍മ്മാതാക്കളായ സ്‌കൈറൂട്ട് എയ്റോസ്പേസ്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയാണിത്. തദ്ദേശീയമായി വികസിപ്പിച്ച മൊബൈല്‍ ക്രയോജനിക് എന്‍ജിന്‍ ടെസ്റ്റ് പാഡ് ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സോളാര്‍ ഇന്‍ഡസ്ട്രീസ് പ്രൊപ്പല്‍ഷന്‍ ടെസ്റ്റ് ഫെസിലിറ്റിയില്‍ വച്ചാണ് ‘ധവാന്‍- സെക്കന്‍ഡി’ ന്റെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തിയത്.
വിവാഹസമാനമായി ലഭിച്ച ഹോം തിയേറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ വധുവിന്റെ മുന്‍ കാമുകനെ അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയില്‍ ബാലാഘട്ടില്‍ നിന്നുള്ള സര്‍ജു മര്‍കം എന്ന യുവാവാണു പിടിയിലായത്. നവ വരനായ ഹേമേന്ദ്ര മെരാവി (30), സഹോദരന്‍ രാജ്കുമാര്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളെ കൊല്ലാനാണ് സേ്‌ഫോടകവസ്തു ഘടിപ്പിച്ച ഹാം തിയേറ്റര്‍ സമ്മാനിച്ചതെന്നു പോലീസ് പറഞ്ഞു.