മുനമ്പത്തെ തർക്ക ഭൂമിയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. വടക്കൻ പറവൂർ സബ് കോടതി മുതൽ ഹൈക്കോടതിയിൽ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിൻ്റെ സുപ്രധാന നിരീക്ഷണം.
ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (56) ആണ് ഇന്നലെ രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയത്. സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. അദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്.
ജമാഅത്തെ ഇസ്ലാമിയുടേയും എസ് ഡി പി ഐയുടേയും പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന് സി എം പി നേതാവ് സിപി ജോൺ. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. എസ് ഡി പി ഐ ഉൾപ്പടെയുള്ളവർ മതേതര പക്ഷത്ത് വരണമെന്നും ജോൺ ആവശ്യപ്പെട്ടു. അടുത്ത തവണ അധികാരത്തിലേറാമെന്ന് യു ഡി എഫിന് അമിത ആത്മവിശ്വാസം പാടില്ലെന്നും പണിയെടുത്താലേ ജയിക്കുകയുള്ളു എന്നകാര്യം മറക്കരുതെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവിൽ ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടുണ്ടെന്ന് കെ മുരളീധരൻ. 2016 ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ തനിക്ക് ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും മുരളീധരൻ വിവരിച്ചു.മോദിയെ വിമർശിക്കാതെ, രാഹുൽ ഗാന്ധിയെ മാത്രം വിമർശിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാർട്ടിക്കും വെൽഫയർ പാർട്ടിയുടെ പിന്തുണ എങ്ങനെ കിട്ടുമെന്നും കെ മുരളീധരൻ ചോദിച്ചു.
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽപെടുത്തി. കരാർ ഏറ്റെടുത്ത സൺ ഏജ് കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയതായി ശുചിത്വ മിഷൻ അറിയിച്ചു. മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസായ ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്രിസ്മസ് ദിനത്തിൽ തൃശൂർ മേയർ എം കെ വര്‍ഗീസിന് കേക്ക് കൊടുത്തതുമായി ബന്ധപ്പെട്ട് സി പി ഐ നേതാവ് വി എസ് സുനിൽ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്‍റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ ഡോക്ടർ ആശാ ദേവിക്ക് പകരം ജില്ല മെഡിക്കൽ ഓഫീസറായി ഡോക്ടർ എൻ രാജേന്ദ്രൻ തിരിച്ചെത്തും. രാജേന്ദ്രൻ ഉൾപ്പെടെ സ്ഥലംമാറ്റപ്പെട്ട മൂന്നു പേര്‍ സമീപിച്ചതിനെ തുടർന്നു ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് തത്കാലികമായി തടഞ്ഞു.അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡി എം ഓ ആയി ചുമതലയേറ്റു.
കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മോട്ടോർ ആൻഡ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ അഡീഷണല്‍ ജഡ്ജായ എം സുഹൈബിനെതിരെയാണ് ഹൈക്കോടതിയുടെ നടപടി. സുഹൈബ് ഉടന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വടകര ജില്ലാ ജഡ്ജ് ജി ബിജുവിന് ചുമതല കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി.
ഫോർട്ടുകൊച്ചിയിൽ പുതുവർഷരാത്രിയിൽ ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. വെളി മൈതാനത്ത് ഗാലാ ഡി കൊച്ചി തയാറാക്കിയ പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. കാർണിവൽ കമ്മിറ്റിയുടെ പാപ്പാഞ്ഞിയെ പതിവുപോലെ പരേഡ് മൈതാനത്ത് കത്തിക്കും.
കണ്ണൂരിൽ കുപ്രസിദ്ധി നേടിയ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. യുവതിയാണ് പൊലീസിൽ പരാതി നൽകിയത്.
യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ . നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ . കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ.
പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലത്തിന്റെ കൈവരികൾ ഇടിച്ചുതകർത്തശേഷം ബസ്താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് പിഴ ചുമത്തിയത്. ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിലാണ്പിഴ ചുമത്തിയത് .സെപ്തംബർ 6 ന് ബെംഗളൂരു – പുനെ വിമാനത്തിലാണ് സംഭവം.
ദില്ലിയിൽ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ദില്ലിയിലെ ആർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഉത്തർ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ദില്ലി പൊലീസിന് ഇദ്ദേഹം നൽകിയ മരണമൊഴി.
കാണാതായ വനിതാ കോൺസ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങൾ. വിശദമായ തിരച്ചിലിനൊടുവിൽ സബ് ഇൻസ്‌പെക്ടർ, വനിതാ കോൺസ്റ്റബിൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹൈദരാബാദിൽ നിന്ന് 116 കിലോമീറ്റർ അകലെയുള്ള കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും നിരോധിത സംഘടനയായ ജമാഅത്ത് ഉദ് ദവയുടെ നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്‌താകുവിൽ തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കുന്നു.
കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികള്‍.
മഹാ കുംഭമേളയ്ക്ക് ഒരുങ്ങി ഉത്തർപ്രദേശ്. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ യുപി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 56 സൈബർ യോദ്ധാക്കളുടെ സംഘത്തെയാണ് വിന്യസിക്കുന്നത്. സൈബർ സുരക്ഷാ നടപടികളുടെ ഭാഗമായി സൈബർ കുറ്റവാളികളെ നേരിടാൻ കർമപദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.