എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ എന്താണു തെറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികള്‍ക്കെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. തുടര്‍നടപടികള്‍ക്കു സ്റ്റേ ഇല്ല. സാക്ഷിയെ വിളിച്ച് മൊഴിയെടുക്കാന്‍ അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു. തന്നെ കുറ്റാരോപിതനായിട്ടാണ് വിളിപ്പിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. രണ്ടു സമന്‍സും രണ്ടു രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് എന്തിനാണെന്നു കോടതി എന്‍ഫോഴ്‌സ്‌മെന്റിനോടു ചോദിച്ചു. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ അഭിഭാഷകന്‍ വാദിച്ചു.
ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഉടക്കി സിപിഐ. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണു സിപഐ നിലപാട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മാറ്റിവച്ചുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നിയമസഭയില്‍ ബില്‍ പാസാക്കാമെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് എല്‍ഡിഎഫില്‍ ചര്‍ച്ച വേണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണു റിപ്പോര്‍ട്ട്.
കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലും മുന്‍ ഡയറക്ടര്‍മാരുടേയും ഉദ്യോഗസ്ഥരുടെയും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് അവസാനിച്ചത് ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക്. ഇന്നലെ രാവിലെ എട്ടിനാണ് റെയ്ഡ് ആരംഭിച്ചത്. പ്രതികളുടെ വീടുകളില്‍നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ.കെ ദിവാകരന്‍, സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു, കരീം എന്നിവരുടെ വീടുകളിലും ബാങ്ക് ഓഫീസിലും 75 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കാഷ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്കു വീരമൃത്യു. ആക്രമണം നടത്തിയ രണ്ടു ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നു. സൈന്യം ഇവരെ നേരിട്ടതോടെ ഏറ്റുമുട്ടലായി.
ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ 16 ഇടങ്ങളില്‍ ഉറപ്പുള്ള ടാറിംഗ് നടത്തണമെന്ന് ദേശീയപാതാ അതോറിറ്റി കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനു നിര്‍ദേശം നല്‍കി. രണ്ടു മെഷീനുകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉറപ്പുള്ള ഹോട്ട് മിക്‌സിംഗ് ടാറിടണമെന്നാണ് നിര്‍ദേശം.
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടിവരില്ലെന്നാണ് മദ്രാസ് ഐഐടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധര്‍ കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാല്‍ നിയമ വിരുദ്ധമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു. കമ്പനികള്‍ തന്നെ ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റുകള്‍ ഉപയോഗിക്കാം. ക്യാമറ ഹെല്‍മെറ്റില്‍ വയ്ക്കാതെ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വച്ചുകൂടേയെന്നും മന്ത്രി ചോദിച്ചു.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതാണ്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ചയായി മല്‍സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്ത് സമരത്തിലാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കുക, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവരെ പുനരിധവാസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
സംസ്ഥാനത്ത് അതിദരിദ്രര്‍ 64,006 പേര്‍. ഇവരില്‍ 8553 പേരും മലപ്പുറം ജില്ലയില്‍. കുടുംബശ്രീ നടത്തിയ പഠന സര്‍വേയിലാണ് ഈ വിവരം. അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വ്വേ.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനു ഗൂഡാലോചന ആരോപിച്ച് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളോടു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഫിഖില്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണര്‍. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്‌കാരം സമ്മാനിക്കും.
വ്‌ളോഗര്‍ റിഫ മെഹ്‌നു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെ അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ മെഹ്‌നാസിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കാസര്‍കോട്ടെ മെഹ്‌നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
തളിപ്പറമ്പില്‍ വെട്ടാന്‍ കൊണ്ടുവന്ന പോത്തിന്റെ പരാക്രമത്തില്‍ നാലു പേര്‍ക്കു പരിക്ക്. കെട്ടുപൊട്ടിച്ചോടിയ പോത്ത് വഴിയേ കണ്ടവരെയെല്ലാം ആക്രമിച്ചു. കുത്തേറ്റ് നാലു പേര്‍ക്ക് പരിക്കേറ്റു.
തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകള്‍ കുറക്കുമെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ്. തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതി തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യ ഘട്ടത്തില്‍ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു മടങ്ങിയ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്.
പന്ത്രണ്ടു ലക്ഷം രൂപയ്ക്കാണ് ആനക്കൊമ്പ് വില്‍ക്കാന്‍ കരാറുറപ്പിച്ചിരുന്നതെന്ന് ആനക്കൊമ്പുമായി പിടിയിലായ കട്ടപ്പന സുവര്‍ണ്ണഗിരിയിലെ താമസിക്കാരനും ടിപ്പര്‍ ഡ്രൈവറുമായ അരുണ്‍. ബന്ധുവിന്റെ കൈയ്യില്‍നിന്നു വാങ്ങിയ ആനക്കൊമ്പ് മറിച്ചുവില്‍ക്കാന്‍ കുമളിക്ക് കൊണ്ടുപോവുകയായിരുന്നു. ആനക്കൊമ്പിന് എട്ടു കിലോ നാനൂറു ഗ്രാം തൂക്കവും 124 സെന്റീ മീറ്റര്‍ നീളവുമുണ്ട്.
അട്ടപ്പാടി മധുകൊലക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിനു തെളിവുകളുമായി പ്രോസിക്യൂഷന്‍. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ബന്ധപ്പെട്ടതിനുള്ള രേഖകള്‍ ആണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാംപ്രതി അബ്ബാസിന്റെ മകളുടെ മകന്‍ ഷിഫാനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. അബ്ബാസ് ഒളിവിലാണ്.
കോഴിക്കോട് വടകരയില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ടു കുട്ടികള്‍ക്കു പരിക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്കു തെങ്ങ് നടുവൊടിഞ്ഞു വീഴുകയായിരുന്നു
കരുളായി വനത്തില്‍നിന്ന് ആനക്കൂട്ടത്തില്‍നിന്നു വഴിതെറ്റി കുട്ടിക്കൊമ്പന്‍ നാട്ടിലെത്തി. രാത്രി ഒമ്പതോടെയാണ് കരുളായി വളയംകുണ്ടിലെത്തിയ കുട്ടിക്കൊമ്പനെ നാട്ടുകാര്‍ തടഞ്ഞുവച്ച് വനം അധികൃതരെ വിവരം അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വളയംകുണ്ടിലെ വനാതിര്‍ത്തിയില്‍ ആനകൂട്ടത്തിനരികില്‍ വിട്ടു.
തൊടുപുഴയിലെ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. രക്തസ്രാവം മൂലം ആശുപത്രിയില്‍ എത്തിയ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രസവിച്ചെന്നു യുവതിയും ഭര്‍ത്താവും സമ്മതിച്ചത്. കുഞ്ഞു മരിച്ചെന്ന് അറിയിച്ചതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവു പറയുന്നത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അന്ധവിശ്വാസം വളര്‍ത്തി പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയരുതെന്ന് രാഹുല്‍ ഗാന്ധി. കറുത്ത വസ്ത്രം അണിഞ്ഞ് കോണ്‍ഗ്രസ് വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍മ്മന്ത്രവാദം എന്നു പരിഹസിച്ചിരുന്നു.
സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയ്ക്ക് പരുക്ക്. ‘ഇന്ത്യന്‍ പൊലീസ് ഫോഴ്സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാല്‍ ഒടിഞ്ഞിട്ടുണ്ട്. നടിതന്നെയാണ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.
4.5
Good.