അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ ഇന്നലെ കണ്ടെടുത്തിരുന്നു. രണ്ടു ദിവസമായി ചാറ്റര്‍ജിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.
കെപിസിസിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ശിബിരം കോഴിക്കോട്ട് ആരംഭിച്ചു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തന്‍ ശിബിറില്‍ ചര്‍ച്ചയാകും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരടക്കം ഇരുന്നൂറോളം പ്രതിനിധികളാണ് രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ചിനു സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡിലാണു ശിബിരം. മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ല.
കെഎസ്ആര്‍ടിസിയില്‍ 41,000 പെന്‍ഷന്‍കാര്‍ക്കു പെന്‍ഷന്‍ കിട്ടിയില്ല. പെന്‍ഷന്‍ വിതരണത്തിനു സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതാണു കാരണം. ഇതേസമയം, ജൂണ്‍ മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു.
മണ്ണാര്‍ക്കാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സദാചാര ആക്രമണം നടത്തിയവരില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു പോലീസ്.
കാറില്‍ മാരകായുധങ്ങളുമായെത്തിയ മൂന്നു പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂര്‍ പാലപ്പൂര് സിഎസ്‌ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള വീട്ടില്‍ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാര്‍(29) പാലപ്പൂര് നെടിയവിള വീട്ടില്‍ഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയില്‍ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്.
വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. മനുഷ്യരിലേക്കു പകരില്ലെങ്കിലും പന്നിഫാമുകളിലേക്കു പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.
യുക്രെയിന്‍ അടക്കമുള്ള വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.
ഹരിദ്വാര്‍ തീര്‍ത്ഥാടക സംഘത്തിന് മേല്‍ ട്രക്കിടിച്ച് കയറി ആറു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ഗ്വാളിയോറില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടക സംഘത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജില്‍ അമ്പതുകാരന്റെ മൃതദേഹം. വീട്ടിലുള്ളവര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്.
ഹരിദ്വാര്‍ പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ടു വഴിയോരക്കച്ചവടക്കാരെ ഹരിദ്വാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ശിവാലിക് നഗറിലെ ചന്തയില്‍ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പോലീസ്.