കൊച്ചി നഗരം പുതുവർഷത്തെ സ്വാഗതം ചെയ്യാനൊരുങ്ങി. രാത്രി 12ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂർ തുടങ്ങി വിവിധ ഇടങ്ങളിലും ഹോട്ടലുകളിലും പുതുവത്സര ആഘോഷങ്ങളുണ്ട്. കൊച്ചി നഗരത്തിൽ സുരക്ഷ ഒരുക്കുക എന്നതാണ് പോലീസിന്റെ വെല്ലുവിളി. സുരക്ഷ മുൻനിർത്തി പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ രൂപ വിവാദവുമായി ഇക്കൊല്ലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന പാപ്പാഞ്ഞി പിന്നീട് രൂപ മാറ്റം വരുത്തി എല്ലാവർക്കും സ്വീകാര്യമായി. മലയാറ്റൂരിലെ നക്ഷത്ര തടാകം, മറൈൻ ഡ്രൈവ് തുടങ്ങി എല്ലായിടവും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. എങ്കിലും ഫോർട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. പുതുവത്സരത്തെ വരവേറ്റ് പാപ്പാഞ്ഞിയെ കത്തിച്ച ശേഷം ആഘോഷ പരിപാടികളൊന്നും പാടില്ലെന്ന നിയന്ത്രണം പൊലീസ് വച്ചിട്ടുണ്ട്. അറിയിപ്പുകളും കൊടുത്തിട്ടുണ്ട്. നിരത്തുകളിലെ പരിശോധന പുലരും വരെ നീളും.
ഹോട്ടലുകളിൽ പുതുവത്സര ആഘോഷത്തിനെത്തുന്നവർ നിർബന്ധമായും തിരിച്ചറിയിൽ രേഖ കാണിക്കണം. ലഹരിമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുടമകൾക്ക് എതിരെയും നടപടിയുണ്ടാകും.കൊച്ചി മെട്രോയും പുതുവർഷ തിരക്ക് കണക്കിലെടുത്ത് പുലർച്ചെ ഒരു മണി വരെ സർവീസ് നടത്തും. രാത്രി 9 മുതൽ പുലർച്ചെ ഒരു മണി ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുണ്ടാകുമെന്ന് കെഎംആർഎൽ അറിയിച്ചു.