ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി അതില്‍ ആശങ്ക വേണ്ടന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. ബിസിഎല്‍-2 കുടുംബത്തില്‍പ്പെട്ട ഒരു ആന്റി-അപ്പോപ്‌റ്റോട്ടിക് പ്രോട്ടീനായ എംസിഎല്‍-1 (മൈലോയ്ഡ് സെല്‍ ലുക്കീമിയ-1) ഹെയര്‍ ഫോളിക്കുകളിലെ കോശങ്ങളുടെ നശീകരണം (അപ്പോപ്‌റ്റോസിസ്) തടയുന്നതിലൂടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ എംസിഎല്‍-1 എന്ന ശക്തമായ ഒരു സംരക്ഷക പ്രോട്ടീന്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കി. എംസിഎല്‍-1 ഇല്ലാതെ ഈ കോശങ്ങള്‍ സമ്മര്‍ദത്തിന് വിധേയമാവുകയും ഒടുവില്‍ നശിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ഹെയര്‍ ഫോളിക്കുകള്‍ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ ആവര്‍ത്തിക്കുന്നു. സജീവ വളര്‍ച്ചാ ഘട്ടമായ അനജെന്‍, മന്ദഗതിയിലുള്ള വളര്‍ച്ചയും ഫോളിക്കിള്‍ ചുരുങ്ങലും അടയാളപ്പെടുത്തുന്ന പരിവര്‍ത്തന ഘട്ടമായ കാറ്റജെന്‍, വളര്‍ച്ച നിലയ്ക്കുകയും കൊഴിയുകയും ചെയ്യുന്ന വിശ്രമ ഘട്ടമായ ടെലോജന്‍. ഇതിന് ശേഷം ഈ ചക്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഫോളിക്കിളുകള്‍ ചുരുങ്ങുന്നതു മൂലം സമ്മര്‍ദം ഉണ്ടാകാം. ഇത് ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങള്‍ക്ക് അപ്പോപ്ടോസിസ് എന്ന അവസ്ഥ ഉണ്ടാക്കാം. എന്നാല്‍ ബിസിഎല്‍-2 പ്രോട്ടീനുകള്‍ ഈ പ്രക്രിയ നിയന്ത്രിക്കും. ബിസിഎല്‍-2 പ്രോട്ടീന്‍ ആയ എംസിഎല്‍-1 കോശങ്ങളുടെ അതിജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീന്‍ ആണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിരുന്നെങ്കിലും ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങളുടെ നിയന്ത്രണത്തിലും മുടി പുനരുജ്ജീവനത്തിലും അതിന്റെ പങ്ക് നിഗൂഢമായിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എംസിഎല്‍-1 ഇല്ലാതാക്കല്‍ സജീവമായ ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങളെ വേഗത്തില്‍ നശിക്കുകയും ഇത് രോമം നീക്കം ചെയ്ത പാടുകളിലെ രോമ പുനരുജ്ജീവനത്തെ പൂര്‍ണ്ണമായും തടഞ്ഞുവെന്നും ഗവേഷകര്‍ വിശദീകരിച്ചു.