സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ നടപടിയുമായി മോട്ടാർവാഹനവകുപ്പ്. സർക്കാർ വാഹനങ്ങള്‍ക്ക് പുതിയ നമ്പർ സീരീസ് നൽകാൻ തീരുമാനിച്ചു. സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥർക്കുള്ള അധികാരം പരിമിതിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നു.
മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാൻ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്. കെ.എൽ-15 നിലവിൽ കെഎസ്ആർടിസിക്കുള്ളതാണ്. സർക്കാർ വാഹനങ്ങള്‍ക്കിനി കെ.എൽ-15 എഎ രജിസ്ട്രേഷനായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎൽ-15 എബിയും, അർദ്ധ സർക്കാർ- സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പർ കെഎൽ15-എസിയിലുമായിരിക്കും.
പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്.
പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും. സർക്കാർ ഉത്തരവ് ഇറങ്ങി കഴിഞ്ഞാൽ സർക്കാർ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക. ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാൻ തീരുമാനിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദമുണ്ട്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ കൂടാതെ നിയമസഭയിലെയും കോടതിിലെയും ഉദ്യോഗസ്ഥർ ബോർഡ് വച്ച് യാത്ര ചെയ്യാൻ അുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇങ്ങനെ സർക്കാർ ബോർഡ് ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതുകൊണ്ട് സ്പെഷ്യൽ സെക്രട്ടറിക്ക് മുകിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായി ബോർഡ് അനുവദിക്കാനാണ് സർക്കാർ നീക്കം.