മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ മേയ് ആദ്യം വിപണിയിലെത്തും. ടോക്കിയോ മോട്ടര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ സുസുക്കി സ്വിഫ്റ്റ് ഇന്ത്യയില്‍ മാത്രമല്ല ജാപ്പനീസ് വിപണിയിലും ഉടന്‍ പുറത്തിറക്കും. എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ജപ്പാനില്‍ പ്രദര്‍ശിപ്പിച്ച ഇസഡ് 12 ഇ എന്ന 1.2 ലീറ്റര്‍ എന്‍ജിന് 80 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കുമുണ്ട്. അതേ സ്‌പെക്കില്‍ തന്നെയാണ് ഈ എന്‍ജിന്‍ ഇന്ത്യയിലെത്തുക എന്ന് വ്യക്തമല്ല. ജാപ്പനീസ് മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് മോട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് എന്‍ജിന് 3 ബിഎച്ച്പിയും 60 എന്‍എം അധിക ടോര്‍ക്കും നല്‍കും. ലീറ്ററിന് 24.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ജാപ്പനീസ് വിപണിയില്‍ സിവിടി, ഓണ്‍വീല്‍ ഡ്രൈവ് മോഡലുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എഎംടി, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ക്കാണ് സാധ്യത.