24 പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഹയ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഹിന്ദിയിലാണ് ഗാനം. ‘ഹോ ഏക് ദോ പല്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്മി മേനോന്‍ ആണ്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വരുണ്‍ സുനിലും ഗ്വെന്‍ ഫെര്‍ണാണ്ടസും ചേര്‍ന്നാണ്. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ ഗണത്തില്‍ ഒരുക്കിയ ചിത്രമാണ് ഇത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് ഹയയില്‍. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. വരുണ്‍ സുനിലിന്റെ സംഗീത സംവിധാനത്തില്‍ മനു മഞ്ജിത്, പ്രൊഫ. പി എന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് എന്നിവരാണ് മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ എസ് ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , വരുണ്‍ സുനില്‍, ബിനു സരിഗ എന്നിവരാണ് മറ്റ് ഗായകര്‍.