‘നേര്‍ച്ചപ്പെട്ടി’ എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കാണെന്ന ആരോപണവുമായി സംവിധായകന്‍ ബാബു ജോസഫ്. കന്യാസ്ത്രീയുടെ പ്രണയത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും എത്തിയതോടെയാണ് ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും, സിനിമയ്ക്കെതിരെ വ്യപകമായി പരാതികള്‍ നല്‍കാനാണ് നീക്കമെന്നും അറിവ് കിട്ടിയിട്ടുണ്ടെന്ന് സംവിധായകന്‍ പ്രതികരിച്ചു. ജൂലൈ 14ന് റിലീസ് നടത്താനാണ് ഉദ്ദേശിച്ചത്. എന്നാല്‍ തിയേറ്റര്‍ കിട്ടിയില്ല. ജൂലൈ 28നും ഇതേ അനുഭവമുണ്ടായി എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നൈറ നിഹാര്‍, അതുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.