മരങ്ങളും പച്ചപ്പും നിലനിര്ത്തിയാല് നഗരങ്ങളില് മാനസികാരോഗ്യ പ്രശ്നങ്ങള് മൂലം ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു. പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളില് താമസിക്കുന്നവര്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്ക്കുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകര് ശരിവയ്ക്കുന്നു. പച്ചപ്പ് കൂടും തോറും ഗുണഫലങ്ങളും വര്ധിക്കുന്നു. നമ്മള് താമസിക്കുന്നിടത്ത് കൂടുതല് പച്ചപ്പും പ്രകൃതിയും ഉണ്ടെങ്കില് മാനസിക സമ്മര്ദ്ദം കുറയും. അങ്ങനെയുള്ള സ്ഥലങ്ങളില്, മാനസികരോഗങ്ങള്ക്ക് വേണ്ടി ആശുപത്രിയില് പോകേണ്ടി വരുന്നവരുടെ എണ്ണം ഏഴ് ശതമാനം കുറവാണെന്നാണ് ഗവേഷകര് പറയുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള് ഉള്ളവരില് ഒമ്പത് ശതമാനം വരെയും, സൈക്കോട്ടിക് ഡിസോഡര് ഉള്ളവരില് എഴ് ശതമാനം വരെയും, ഡിമെന്ഷ്യ രോഗികളില് ആറ് ശതമാനം വരെയും ആശുപത്രി വാസത്തില് കുറവുണ്ടായെന്നാണ് കണക്കാക്കുന്നത്. നഗരത്തില് മാത്രം കൂടുതല് പച്ചപ്പ് ഉറപ്പാക്കുമ്പോള് പ്രതിവര്ഷം ഏകദേശം 7,712 സൈക്യാട്രിക് അഡ്മിഷനുകള് ഒഴിവാക്കാന് കഴിയുമെന്നാണ് ഗവേഷകര് കണക്കാക്കുന്നത്. നഗരങ്ങളില് പാര്ക്കുകളുടെയും നടപ്പാതകളുടെയും സുരക്ഷയും ലഭ്യതയും അനുസരിച്ച് ഫലങ്ങളില് മാറ്റം വരാമെന്നും പഠനങ്ങള് ചൂണ്ടികാണിക്കുന്നു.
പ്രകൃതിയും പച്ചപ്പും മാനസിക സമ്മര്ദ്ദം കുറയ്ക്കും!
