മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ദില്ലിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു മൻമോഹൻ സിങ്. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 9.51 ഓടെ മരണം സ്ഥിരീകരിച്ചു.
ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണനയങ്ങളുടെ പതാകവാഹകനായിരുന്നു.
പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ജനനം.1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഒക്സ്ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി.
ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിന് 1987ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ഗുര്‍ശരണ്‍ കൗറാണ് ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ പത്നി. മൂന്നു പെണ്‍മക്കളാണുള്ളത്.