അക്കിനേനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങള്‍ കളറാക്കാന്‍ ആഡംബര വാഹനം സ്വന്തമാക്കി പിതാവ് നാഗാര്‍ജുന. നാഗചൈതന്യക്കു പുറമെ ഇളയ മകന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുകയാണ്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടപടകള്‍ക്കായി ആര്‍ ടി ഒ ഓഫീസിലെത്തിയ നാഗാര്‍ജുനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന ലെക്‌സസിന്റെ അത്യാഡംബര വേരിയന്റ് ആയ എല്‍ എം 350 എച്ച് 4 സീറ്റര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സോണിക് അഗാറ്റെ എന്ന നിറമാണ് വാഹനത്തിന്. രാജ്യത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളില്‍ ഒന്നാണ് ലെക്‌സസ്സ് എല്‍ എം 350 എച്ച്. ടൊയോട്ട വെല്‍ഫെയറിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിക്കുന്ന ഈ വാഹനം ആകാരഭംഗിയില്‍ വെല്‍ഫെയറില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. നാല്-ഏഴ് സീറ്റ് കോണ്‍ഫിഗറേഷനില്‍ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയര്‍ലൈന്‍ സ്‌റ്റൈല്‍ റീക്ലൈനര്‍ സീറ്റുകള്‍, ഫോള്‍ഡ് ഔട്ട് ടേബിളുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെയുണ്ട് ഈ എംപിവിയില്‍. നാല് സിലിണ്ടര്‍, 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. ഇ-സിവിടി ഗിയര്‍ബോക്സാണ്.