ഒരാള്‍ പ്രതിവര്‍ഷം 180 മുട്ടയെങ്കിലും കുറഞ്ഞത് കഴിച്ചിരിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിര്‍ദേശം. കുട്ടികള്‍ വര്‍ഷം 90 മുട്ടയെങ്കിലും കഴിക്കണമെന്നും ഐസിഎംആര്‍ പറയുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസാണ് മുട്ട. ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവീകമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ. ബയോളജിക്കല്‍ വാല്യുവില്‍ മുട്ടയെ വെല്ലാന്‍ മറ്റൊരു മാംസ്യമാത്രയില്ലെന്നു തന്നെ പറയാം. പശുവിന്‍ പാലിന്റെ ബയോളജിക്കല്‍ വാല്യൂ 90 ആണങ്കില്‍ മുട്ടയിലേത് 94 ആണ്. മുലപ്പാലിന്റെ ബയോളജിക്കല്‍ വാല്യൂവിനോട് ഏതാണ്ട് അടുത്തതാണിത്. മുട്ടയില്‍ നിന്ന് 550- ഓളം പ്രോട്ടീനുകള്‍ ഇതുവരെ വേര്‍ത്തിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനം മാത്രമേ ശാസ്ത്രത്തിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. കൂടാതെ ഫോസ്ഫറസ്, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അയണും സിങ്കും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചില അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും രോഗാണുക്കളോട് പൊരുതാനും മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ സഹാക്കും.