തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് വി.എസ്.സുനില്‍കുമാര്‍. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല ,കമ്മിഷണര്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാകില്ല. പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
അതോടൊപ്പം എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി. ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് ആവശ്യമെന്നും എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വാശിയെന്നും മുരളീധരന്‍ ചോദിച്ചു.
തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും, അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണർക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങൾ അറിയിച്ചില്ല. വിവിധ ഇടങ്ങളിൽ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.