മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തി. എട്ട് പേരടങ്ങുന്ന സംഘത്തിന്റെ പരിശോധന ആറ് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ വർഷം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സഞ്ജയ് റാവുവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് സൂചന. ഇതേ കേസിൽ ഒരുമാസം മുമ്പ് കളമശ്ശേരിയിലെ എൻഐഎ ആസ്ഥാനത്ത് മുരളി കണ്ണമ്പള്ളിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ കേസിന്റെ പേരിലാണ് പരിശോധനയും ചോദ്യം ചെയ്യലും നടന്നതെന്ന് മുരളി കണ്ണമ്പിള്ളി പറഞ്ഞു.. മുരളി കണ്ണമ്പിള്ളിയുടെ ലാപ്‍ടോപ്പും നേരത്തെ മകൻ ഉപയോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗശൂന്യമായതുമായ മറ്റൊരു ലാപ്ടോപ്പും ഏതാനും പെൺഡ്രൈവുകളും കൊണ്ടുപോയിട്ടുണ്ട്. എന്തിനാണ് ഇവ കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ലെന്നും മുരളി കണ്ണമ്പിള്ളി ആരോപിച്ചു.