പാട്ടുപ്രേമികളുടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്താന്‍ പുതിയ തുടക്കം കുറിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘എംജി സോളിലോക്കീസ്’ എന്ന പേരില്‍ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പഴയ ക്ലാസിക് ഹിന്ദി ഗാനങ്ങളാണ് മുരളി ഗോപി ഈ ചാനലിലൂടെ ആരാധകര്‍ക്കു മുന്നിലെത്തിക്കുന്നത്. താന്‍ ഒരു കേള്‍വിക്കാരനായി വളര്‍ന്ന പാട്ടുകളിലേക്ക് ഒന്ന് യാത്ര പോകാനും അവയെ സ്നേഹിക്കാനുമാണ് ഈ ചാനല്‍ തുടങ്ങിയതെന്ന് മുരളി ഗോപി പറയുന്നു. ആ പാട്ടുകളെ അനുകരിക്കാനോ അവയുമായി മത്സരിക്കാനോ ഉള്ള ശ്രമം താന്‍ നടത്തുന്നില്ലെന്നും ഒരു കടുത്ത ആരാധകന് മാത്രം സാധ്യമാവുന്ന രീതിയില്‍ അവയെ ധ്യാനലീനമായി സമീപിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരെ ആറു പാട്ടുകളാണ് മുരളി ഗോപി തന്റെ യൂട്യൂബ് ചാനലില്‍ പാടി അപ്ലോഡ് ചെയ്തിരിക്കുന്നത്. 60 കളിലെയും 70 കളിലെയും ഹിന്ദി ക്ലാസ്സിക്കുകള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.