കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ബി.ജെ.പി. നേതാവ് വി മുരളീധരൻ. പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ മൃതദേഹങ്ങൾ പട്ടടയിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നുവെന്നും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് മരിച്ചവരുടെ സംസ്കാരത്തിൽ എത്തണമായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്, എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളും നിങ്ങളും എന്ന പിണറായി വിജയന്റെ പ്രസ്താവന വേർതിരിവ് ഉണ്ടാക്കാനാണ്. കേന്ദ്ര സർക്കാരിന് വേർതിരിവില്ല. സംസ്ഥാന സർക്കാർ സാന്നിധ്യം അറിയിക്കാൻ പോകേണ്ടിയിരുന്നത് കുവൈത്തിൽ അല്ല, മരിച്ചവരുടെ വീട്ടിലേക്കാണ്. ദുരന്തത്തിലെങ്കിലും രാഷ്ട്രീയം മാറ്റിവയ്ക്കാനുള്ള വിവേകം പിണറായി വിജയൻ കാണിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.