ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന് തെന്‍ഡുല്‍ക്കർ നല്കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുംബൈ പോലീസിന്റെ സൈബർ സെൽ ആണ് കേസിന്റെ അന്വേഷണം നടത്തുന്നത്. ഡീപ് ഫേക്ക് ഉപയോഗിച്ച് പരസ്യചിത്രം നിർമ്മിച്ച ഗെയിമിംഗ് കമ്പനിക്കെതിരെയും വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജിനെതിരെയുമാണ് അന്വേഷണം.ഗെയിമിംഗ് കമ്പനി നിർമ്മിച്ച വ്യാജ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെയുള്ള കാര്യങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും, ഇത്തരത്തിലുള്ള വീഡിയോ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.
ഓൺലൈൻ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് വീഡിയോ പ്രചരിച്ചത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എക്സ്പ്ലാറ്റ്ഫോമിൽ മറുപടി നൽകിയിരുന്നു . ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.