◾കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കും. റൊട്ടേഷന്‍ വ്യവസ്ഥയില്‍ സോണല്‍ അടിസ്ഥാനത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുക. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉപദേശകസമിതി രൂപീകരിക്കും. സോണല്‍ ഓഫീസ് മേധാവിമാരായി കഴിവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഓണത്തിന് മുന്‍പായി കൊടുത്തുതീര്‍ക്കാനും ധാരണയായി. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
◾തിരുവനന്തപുരം പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. മൂന്നു പേരെ കാണാനില്ല. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന പതിനഞ്ചു പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി. കൊച്ചിയില്‍നിന്ന് രണ്ടു നേവി ഹെലികോപ്ടറുകളും എത്തി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ഋഷി സുനകിനേക്കാള്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷം. ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാകും. മാര്‍ഗരറ്റ് താച്ചറും തെരേസ മേയും ആണ് നേരത്തെ ബ്രിട്ടീഷ് വനിതാ പ്രധാനമന്ത്രിമരായത്. 2025 വരെയാണ് ലിസ് ട്രസിന്റെ ഭരണ കാലാവധി.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ മുതല്‍. കന്യാകുമാരിയില്‍നിന്ന് ആരംഭിക്കന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയിലുള്ള 118 സ്ഥിരാംഗങ്ങളില്‍ എട്ടു പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീന്‍ നൗഷാദ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ തുടങ്ങിയവരാണു കേരളത്തില്‍നിന്നുള്ള സ്ഥിരാംഗങ്ങള്‍.
◾വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റു മരിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണു പഠനം നടത്തുക. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വിവാദമായിരുന്നു.
◾
◾വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നതുള്‍പ്പെടെ ഏഴ് ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു സമര സമിതി ആവര്‍ത്തിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്കു സഹായ വിതരണം ചെയ്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തില്‍ ലത്തീന്‍ അതിരൂപത പ്രതിഷേധം അറിയിച്ചു.
◾സ്പീക്കര്‍ പദവി രാജിവച്ച എം.ബി രാജേഷ് ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവച്ച ഒഴിവിലാണ് രാജേഷിനെ മന്ത്രിയാക്കുന്നത്.
◾തെരുവു നായക്കളില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നും വാക്സിന്‍ എടുത്തിട്ടും മരിക്കുന്നതിനെക്കുറിച്ചു നിയമസഭയില്‍ പരാതിപ്പെട്ടപ്പോള്‍ ഭരണപക്ഷം പുച്ഛിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
◾പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്ന സമീപനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾തിരുവനന്തപുരത്ത് ഓണസദ്യ മാലിന്യത്തിലേക്കു വലിച്ചെറിഞ്ഞ 11 നഗരസഭ ജീവനക്കാരില്‍ സ്ഥിരം ജീവനക്കാരായ ഏഴു പേര്‍ക്കു സസ്പെന്‍ഷന്‍. താത്കാലിക ജീവനക്കാരായ നാലു പേരെ പിരിച്ചുവിട്ടു. ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ഡ്യൂട്ടി സമയത്ത് ഓണാഘോഷം അരുതെന്ന നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ജീവനക്കാര്‍ കുറ്റക്കാരാണെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
◾ഇന്ത്യന്‍ പാസ്പോര്‍ട്ട് വ്യാജമായി നിര്‍മിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൂടെ മനുഷ്യക്കടത്തിനു ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ബംഗ്ലാദേശുകാരന്‍ അറസ്റ്റിലായി. ചിറ്റഗോംഗ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഷുക്കൂര്‍ (32) ആണ് മംഗളൂരുവില്‍നിന്ന് പിടിയിലായത്.
◾സില്‍വര്‍ലൈന്‍ മംഗലാപുരം വരെ നീട്ടി ബിജെപിയുമായി പരസ്യമായിത്തന്നെ ധാരണയുണ്ടാക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ഇതു മുന്നില്‍ക്കണ്ടാണ്. മംഗലാപുരം വരെ നീട്ടിയാലും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് കെ.അരുണ്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടുവണ്ണൂര്‍ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനാണ് അരുണ്‍. അരുണ്‍ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഇന്നു വിധി പ്രസ്താവിക്കും.
◾മാനഹാനിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് അഡ്വ. ജഹാംഗീര്‍ ആമിന റസാഖിനെ മലപ്പുറം കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചു.
◾വയനാട് മീനങ്ങാടിയില്‍ കാര്‍ യാത്രക്കാരെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. കുടക് സ്വദേശികളായ സഹോദരങ്ങളായ ആസിയ, സഫ്വാന്‍ എന്നിവരെയാണ് മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തത്. മയക്കുമരുന്നു സംഘമാണ് ആക്രമണം നടത്തിയതെന്നു പോലീസ്. ആസിയയുടെ ഭര്‍ത്താവ് കബീര്‍ മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
◾വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അടക്കമുള്ള യൂണിഫോമിന്റെ കാര്യത്തില്‍ കോളജ് ഡെവലപ്മെന്റ് കമ്മറ്റികള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളാണു പരിഗണിക്കുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
◾ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജെഡിഎസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുായ എച്ച് ഡി കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങളുമായാണ് നിതീഷ്‌കുമാര്‍ ചര്‍ച്ച നടത്തുന്നത്.
◾നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെ സുരക്ഷ കേന്ദ്ര അര്‍ധ സൈനിക വിഭാഗം ഏറ്റെടുത്തു. സ്റ്റേറ്റ് റിസര്‍വ് പൊലീസിന് പകരം 150 സിഐഎസ്എഫ് സംഘത്തിനാണു സുരക്ഷ ചുമതല. ഡെപ്യുട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണു മേല്‍നോട്ടം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.
◾ഡല്‍ഹി രാജ്പഥിന്റെ പേര് ‘കര്‍ത്തവ്യ പഥ്’ എന്നാക്കി. നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റം. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ആദരസൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്.
◾മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്.
◾ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിശ്വാസവോട്ടു നേടി. 81 അംഗ നിയമസഭയില്‍ സോറന്‍ മന്ത്രിസഭ 48 വോട്ട് നേടി. ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടിയിരുന്നത്.
◾കഴിഞ്ഞ മാസം റെയില്‍വേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ 19 ശതമാനം വര്‍ദ്ധന. 12,926 കോടി രൂപയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്.
◾വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. 2047 ല്‍ രാജ്യത്തെ 14 കോടി ആളുകള്‍ 60 വയസിലേറെയുള്ളവരാകുമെന്നാണ് വിലയിരുത്തല്‍. പിഎഫിന്റെ പെന്‍ഷന്‍ ഫണ്ടിന് ഇതു വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് വ്യാഖ്യാനം. ഈ സാഹചര്യത്തില്‍ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നാണ് ഇപിഎഫ്ഒ നിര്‍ദേശിക്കുന്നത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇതേസമയം ബെലഗാവി ജില്ലയില്‍ ഒരു ലിംഗായത്ത് സ്വാമി ആത്മഹത്യ ചെയ്തു. ബസവ സിദ്ധലിംഗ സ്വാമിയാണ് ജീവനൊടുക്കിയത്. ലൈംഗികാതിക്രമ ചര്‍ച്ചയുടെ വീഡിയോയില്‍ സ്വാമിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.
◾പ്രതിസന്ധിയിലായ ശ്രീലങ്കയെ സംരക്ഷിക്കാന്‍ നാനൂറു കോടി ഡോളറിന്റെ സഹായം നല്‍കിയതായി ഇന്ത്യ. ഭക്ഷ്യ വസ്തുക്കളും മരുന്നും നല്‍കി ശ്രീലങ്കയെ സഹായിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ വ്യക്തമാക്കി.
◾തെക്കുകിഴക്കന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
◾ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടും . വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
◾സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി പുതിയ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി. 24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, വായ്പയ്ക്ക് അപേക്ഷിക്കല്‍, ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യല്‍, ചെക്ക്ബുക്കിന് അപേക്ഷിക്കല്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ എസ്എംഎസ് വഴി പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. നിലവില്‍ ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക കീ വേര്‍ഡുകള്‍ ടൈപ്പ് ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഇവിടെ ഇതിന്റെ ആവശ്യമില്ലെന്ന് ബാങ്ക് പറയുന്നു.
◾പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെല്‍ക്കിന് കൊല്‍ക്കത്തയിലെ ടെക്നോ ഇലക്ട്രിക്കല്‍സില്‍ നിന്ന് 45 കോടി രൂപയുടെ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണ ഓര്‍ഡര്‍ ലഭിച്ചു. രണ്ട് 315 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ ഛത്തീസ്ഗഢ് സ്റ്റേറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡിനും രണ്ട് 100 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് ഡിവിഷനിലേക്കുമാണ് ഓര്‍ഡര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇവ കൈമാറണം. കഴിഞ്ഞവര്‍ഷം ടെല്‍ക് ഛത്തീസ്ഗഢിലേക്ക് രണ്ട് 315 എം.വി.എ ട്രാന്‍സ്ഫോര്‍മറുകള്‍ നല്‍കിയിരുന്നു. അടുത്ത 5 വര്‍ഷത്തെ വൈദ്യുതി ഉപഭോഗ കണക്കുകള്‍ പ്രകാരം 40 മുതല്‍ 50 ശതമാനം അധികം വൈദ്യുതി ഉത്പാദനവും പ്രസരണവും വേണ്ടിവരുമെന്നുമാണ് ടെല്‍ക്കിന്റെ വിലയിരുത്തല്‍. ഇതുപ്രകാരം വരുംവര്‍ഷങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ കൂടുതല്‍ ഓര്‍ഡറുകള്‍ നേടാനുള്ള ശ്രമങ്ങളിലാണ് കമ്പനി. കഴിഞ്ഞവര്‍ഷം ലഭിച്ച 250 കോടിയുടെ ഓര്‍ഡര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
◾ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മറ്റൊരു കരിയര്‍ ബെസ്റ്റാകും ഛുപ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 23 ന് ഛുപ് തിയറ്ററുകളില്‍ എത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഛുപ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.
◾ജയം രവി നായകനായി പ്രഖ്യാപിച്ച സിനിമയാണ് ‘സൈറണ്‍’. കീര്‍ത്തി സുരേഷ് ആണ് നായിക. ഇപ്പോഴിതാ തെന്നിന്ത്യയുടെ മറ്റൊരു പ്രിയതാരം കൂടി ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നടി അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് സൈറണ്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍ ഏറ്റവും ഒടുവില്‍ നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘കാര്‍ത്തികേയ 2’ ആണ്. അനുപമ പരമേശ്വരന്‍ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് ‘ബട്ടര്‍ഫ്ലൈ’.
◾ഹീറോ മോട്ടോകോര്‍പ്പ് 2022 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. 2022 ഓഗസ്റ്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ മൊത്തത്തില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയിലും മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയിലും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം സ്‌കൂട്ടര്‍ വില്‍പ്പനയിലും കയറ്റുമതിയിലും ഇടിവും രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഈ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ 4,62,608 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 2021 ഓഗസ്റ്റില്‍, ഹീറോ മോട്ടോര്‍കോര്‍പ്പ് 4,53,879 യൂണിറ്റുകള്‍ വിറ്റു. അതായത് കഴിഞ്ഞ മാസം 1.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ആഭ്യന്തര വില്‍പ്പന മാത്രം 2022 ഓഗസ്റ്റില്‍ 4,50,740 യൂണിറ്റായിരുന്നു, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ 4,31,137 യൂണിറ്റുകളെ അപേക്ഷിച്ച്, ഇത് 4.5 ശതമാനം വളര്‍ച്ച സൂചിപ്പിക്കുന്നു.
◾ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തിലെ നിരക്ഷരരായ മനുഷ്യര്‍ക്കു വേണ്ടി സ്വയം ഉഴിഞ്ഞുവെച്ച മലയാളി വനിതയുടെ യഥാര്‍ത്ഥജീവിതത്തിന്റെ നോവലാഖ്യാനം. വായനക്കാര്‍ക്ക് പ്രണയത്തിന്റെയും നിരാശയുടെയും വേദനയുടെയും മറ്റൊരു ലോകം കാട്ടിത്തരുന്ന അഭൗമമായ വായനാനുഭവം. ‘സ്വപ്നവിത്തുകളുമായി ഒരു തീവണ്ടി’. ചന്ദ്രബാബു പനങ്ങാട്. മാതൃഭൂമി ബുക്സ്. വില 275 രൂപ.
◾കാലക്രമേണ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഇത് പിടിപെടുന്നത് ആളുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാള്‍ പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ കൂടുതല്‍ സാധാരണമായിത്തീരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അവസ്ഥകളും വൈജ്ഞാനിക തകര്‍ച്ചയ്ക്ക് കാരണമായേക്കാം. ഡിമെന്‍ഷ്യ സാധ്യത തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, ചെറി എന്നിവയിലെല്ലാം ആന്തോസയാനിന്‍ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും ധാരാളം വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് നട്സ്. ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളെ തടയുന്നതിന് നട്സ് സഹായിക്കുന്നു. വാള്‍നട്ടിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകള്‍ക്ക് മസ്തിഷ്‌ക കോശങ്ങളുടെ വീക്കം കുറയ്ക്കാനും പ്രായമാകല്‍ പ്രക്രിയയിലുടനീളം മികച്ച മസ്തിഷ്‌ക ആരോഗ്യം നിലനിര്‍ത്താനും കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫ്ളാക്സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍, അതുപോലെ മത്തങ്ങ വിത്തുകള്‍ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍, ഫ്ളാക്സ് സീഡുകള്‍, ട്യൂണ, സാല്‍മണ്‍, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഡിഎച്ച്എ ഉള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഡിമെന്‍ഷ്യയെ ചെറുക്കുന്നതിനും തടയുന്നതിനും ഒമേഗ-3 ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. നല്ല മസ്തിഷ്‌ക ആരോഗ്യം നേടുന്നതിന് പ്രതിദിനം 200 മില്ലിഗ്രാം ഡിഎച്ച്എ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ കാട്ടില്‍ കരടി ഇര പിടിക്കാനിറങ്ങി. അടുത്തുളള നദിയെ ലക്ഷ്യമാക്കിയാണ് കരടി നീങ്ങിയത്. ഇന്ന് വലിയൊരു മീന്‍ തന്നെ പിടിക്കണം എന്ന ആഗ്രഹത്തിലാണ് നദിയുടെ അടുത്തെത്തിയത്. ആദ്യം പിടികൂടിയ മീന്‍ ചെറുതായതുകൊണ്ട് വിട്ടു. പിന്നീട് പിടിച്ച മീനുകളൊന്നും തന്നെ മനസ്സില്‍ കണ്ട വലുപ്പം ഉണ്ടാകാത്തതുകൊണ്ട് വിട്ടുകളഞ്ഞു. വൈകുന്നേരമായപ്പോള്‍ കരടി വിശന്നു തളര്‍ന്നു. അപ്പോഴാണ് താന്‍ വിട്ടുകളഞ്ഞ ചെറിയ മീനുകളെ കുറിച്ച് ഓര്‍ക്കുന്നത്. വലുതിനുവേണ്ടി താന്‍ കാത്തിരിക്കാതെ ചെറിയ മീനുകളെ ഭക്ഷിച്ചിരുന്നെങ്കില്‍ വിശപ്പുമാറി എവിടെയെങ്കിലും വിശ്രമിക്കാമായിരുന്നു.. എത്ര ചെറുതാണെങ്കിലും ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണ്. ചിലര്‍ പറയുന്നത് കേള്‍ക്കാം, പ്രതീക്ഷിച്ചത് ലഭിച്ചില്ല.. ഉദ്ദേശിച്ചപോലെ ആയിത്തീര്‍ന്നില്ല എന്നൊക്കെ. ഈ പരാതിവരുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. പ്രതീക്ഷയുടെ ഒരു കണികപോലുമില്ലാതെ രാവിലെ ഉണരുന്ന ധാരാളം ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ആഗ്രഹിച്ചതിന്റെ വിപരീതദിശയില്‍ മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരുണ്ട്.. നിരാശകള്‍കൊണ്ട് മേല്‍ക്കൂരയും അടിത്തറയും പണിയുന്നവരുണ്ട്… ഓരോ അഭിലാഷവും പൂര്‍ത്തികരിക്കുമ്പോള്‍ നമ്മള്‍ അടുത്തപടിയിലേക്ക് കയറും. വലിയകാര്യങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല.. ചെറിയ കാര്യങ്ങളെ പുച്ഛിക്കാതിരുന്നാല്‍ മതി. എത്ര വലിയസ്ഥാനത്തിരിക്കുന്നവരായാലും അവര്‍ പണ്ട് ചെറിയ നേട്ടങ്ങളേയും അംഗീകരങ്ങളേയും ചേര്‍ത്ത് പിടിച്ചവരായിരിക്കും. ആദ്യപടികളെ അവഗണിച്ചുകൊണ്ട് നമുക്കൊരിക്കലും മുകളിലേക്ക് എത്താനാവില്ലല്ലോ…ഒരു നേട്ടങ്ങളേയും നമുക്ക് ചെറുതായികാണാതിരിക്കാന്‍ ശ്രമിക്കാം – ശുഭദിനം.