web cover 89

നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. എതിര്‍ശബ്ദങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദമാക്കാനാണു ശ്രമമെന്നും അവര്‍ ആരോപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പോപ്പുലര്‍ ഫ്രണ്ടിന്റെ 165 നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റു ചെയ്തത് 45 പേരെ. കേരളത്തില്‍നിന്ന് അറസ്റ്റിലായ 19 പേരില്‍ 14 പേരെ ഡല്‍ഹിക്കു കൊണ്ടുപോയി. ബുധനാഴ്ച അര്‍ധരാത്രി കഴിഞ്ഞതോടെ രാജ്യവ്യാപകമായി 1,500 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഒഎംഎ സലാം, കെ.പി ജസീര്‍, നസറുദ്ദീന്‍ എളമരം, മുഹമ്മദ് ബഷീര്‍, കെ.പി ഷഫീര്‍, പി അബൂബക്കര്‍, പി കോയ, ഇ.എം അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരെയാണു ഡല്‍ഹിയിലേക്കു കൊണ്ടുപോയത്.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് അശോക് ഗെലോട്ട്. ഇന്നലെ കേരളത്തിലെത്തി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷനാകാമെന്നും താന്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ഗെലോട്ടിന്റെ ആവശ്യം സോണിയാഗാന്ധിയും രാഹുലും നിരസിച്ചു. ഒരാള്‍ക്ക് ഒരു പദവി എന്നാണു ഉദയ്പൂര്‍ ചിന്തന്‍ ശിബരത്തിലെ തീരുമാനം. (കോണ്‍ഗ്രസ് പൊട്ടിത്തെറിക്കുമോ? https://youtu.be/a55uYTi8iic )

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

ഹര്‍ത്താലിനു നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. അക്രമം നടത്തുന്നവരേയും നിയമലംഘകരേയും അറസ്റ്റു ചെയ്യണം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നത്തെ പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമില്ല. കേരള, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൗണ്‍സിലിന്റെ പരീക്ഷയും മാറ്റി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്നു നടത്താനിരുന്ന നിര്‍മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് 25 ലേക്കു മാറ്റി. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിന് നിര്‍മല്‍ ലോട്ടറിയുടേയും മൂന്നിന് ഫിഫ്റ്റി- ഫിഫ്റ്റിയുടേയും നറുക്കെടുപ്പു നടക്കും.

എല്ലാ തരം വര്‍ഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലുമാണ് ഇങ്ങനെ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നു വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തി ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ക്ഷണം സ്വീകരിച്ച് എത്തിയ മോഹന്‍ ഭാഗവത് ജി രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനം’. ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് കോടതി കെഎസ്ആര്‍ടിസിക്കു നിര്‍ദേശം നല്‍കി.

എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. എന്നാല്‍ ജിതിനെതിരേ തെളിവുണ്ടെന്നും മൂന്നു കേസുകളില്‍ പ്രതിയാണെന്നും ക്രൈംബ്രാഞ്ച്. ഡിയോ സ്‌കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്കു പോയി. അവിടെ നിന്ന് പ്രതിയുടെ ഉടമസ്ഥതയിലുള്ള കെഎസ്ഇബിയുടെ ബോര്‍ഡുവച്ച കാറിലേക്കു മാറി. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ ഓടിച്ചത് സുഹൃത്തായ വനിതയാണെന്നും പോലീസ്. ധരിച്ച ടീ ഷര്‍ട്ടാണു തിരിച്ചറിയാന്‍ സഹായിച്ചതെന്നാണ് പോലീസ് പറയുന്നത്.

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ റെയ്ഡും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഗവര്‍ണര്‍ നിരസിച്ച ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.

വിഴിഞ്ഞം സമരത്തിനു പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം നടത്തുന്നത് പ്രദേശവാസികളല്ല. പദ്ധതി നടപ്പാക്കണമെന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. വിഴിഞ്ഞം തുറമുഖപദ്ധതി നിര്‍ത്തിവക്കാനാവില്ല. സമരത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും മന്ത്രി ദുബായില്‍ പറഞ്ഞു.

സംസ്ഥാനത്തെ ആസൂത്രണ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കെ. വാസുകിയെ ലാന്റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണറായും നിയമിച്ചു. ഡോ. കാര്‍ത്തികേയന്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആകും. ജാഫര്‍ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍. ആസിഫ ്കെ യൂസഫിനെ മില്‍മ എംഡിയാക്കി.

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദ്ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സ്ത്രീത്വത്തെ അപമാനിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിതുര പേപ്പാറയില്‍ പ്രകൃതിപഠന ക്യാമ്പിനെത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളേയും പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരേയും കേരള കോണ്‍ഗ്രസ് ബി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. അക്രമത്തിനു നേതൃത്വം നല്‍കിയ ആര്യനാട് സക്കീര്‍ ഹുസൈനെ പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഒളിവിലാണ്. ആക്രമണത്തില്‍ എസ്ഐ രാജേന്ദ്രന്‍ നായര്‍, റിട്ടയേഡ് എസ്ഐ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ എന്നിവര്‍ക്കു പരിക്കേറ്റു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വന്നതിനു പ്രവര്‍ത്തകനെ സസ്പെന്‍ഡു ചെയ്യേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രവര്‍ത്തകനു പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്‍വവിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് അവധിയെടുത്തത്. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ സതീദേവിക്കാണ് ചുമതല.

ആന പാപ്പാന്മാരാകാന്‍ നാട് വിട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍. കുന്നംകുളം പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എം എം, എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ആന പാപ്പാന്മാര്‍ ആകാന്‍ നാടു വിടുകയാണെന്നും തങ്ങളെ തിരഞ്ഞ് പൊലീസ് വരണ്ടെന്നും മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ വന്ന് കൊള്ളാമെന്നും കത്തെഴുതി വെച്ച ശേഷമാണ് കുട്ടികള്‍ പോയത്.

മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പിപിഎ കരീം അന്തരിച്ചു. 67 വയസായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ വെണ്ടോരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെണ്ടോര്‍ സ്വദേശികളായ കോവില്‍ പറമ്പില്‍ സുധയുടെ മകന്‍ ഹരികൃഷ്ണന്‍ (25), ചക്കാലമറ്റത്ത് വീട്ടില്‍ ലിയോയുടെ മകന്‍ ഷിനോള്‍ഡ് (26) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് പന്തീരങ്കാവില്‍ വീട്ടുജോലിക്കാരിയായ 14 കാരിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അലിഗഡ് സ്വദേശികളായ ദമ്പതിമാരെ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോ. മിര്‍സാ മുഹമ്മദ് കമറാനേയും ഭാര്യ റുഹാനയേയുമാണു റിമാന്‍ഡു ചെയ്തത്.

കല്‍പ്പറ്റയില്‍ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടില്‍ അബ്ദുല്‍ ഖയ്യുമാണ് അറസ്റ്റിലായത്.

ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വര്‍ക്കലയില്‍ സഹോദരനും കുടുംബത്തോടുമൊപ്പം സഞ്ചരിച്ച യുവതിയെ ഉപദ്രവിച്ച പ്രതികള്‍ അറസ്റ്റിലായി. വര്‍ക്കല നടയറ സ്വദേശികളായ നൗഫല്‍(30), ശിഹാബുദ്ദീന്‍ (47) എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

മലപ്പുറം ജില്ലയില്‍ കോടി രൂപയുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.

കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ കോഴിക്കോട് പിടികൂടി. തമിഴ്നാട് മധുര പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ നാരായണ (44), മൈസൂര്‍ ഹുന്‍സൂര്‍ സ്വദേശി മുരളീ (37), കോലാര്‍ മൂള്‍ബാബില്‍ സ്വദേശിനിക ളായ സരോജ (52), സുമിത്ര (41), നാഗമ്മ (48) എന്നിവരാണ് പിടിയിലായത്.

കല്യാണ്‍ സില്‍ക്‌സിന്റെ യുഎഇയിലെ ആറാമത്തെയും ഷാര്‍ജയിലെ രണ്ടാമത്തെയും ഷോറും ഇന്നു വൈകുന്നേരം 6.30-ന് മുവൈലയില്‍ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജാണ് ഈ ഷോറും ഉദ്ഘാടനം ചെയ്യുക.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജികള്‍ ഉത്തരവിനായി മാറ്റി. ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടേയെന്ന് കോടതി ചോദിച്ചു.

ശിവസേനയിലെ രണ്ടുവിഭാഗങ്ങള്‍ക്കും മുംബൈ കോര്‍പറേഷന്‍ ദസറ ദിന റാലിക്ക് അനുമതി നിഷേധിച്ചു. ഗറില്ല യുദ്ധമുറ പുറത്തെടുത്തായാലും ഒക്ടോബര്‍ അഞ്ചിന് റാലി നടത്തുമെന്ന് ഉദ്ദവ് താക്കറെ വിഭാഗം.

നാവികസേനയ്ക്കായി 1700 കോടി രൂപ മുടക്കി 35 ബ്രഹ്‌മോസ് മിസൈലുകള്‍ വാങ്ങുന്നു. പ്രതിരോധ മന്ത്രാലയം ബ്രഹ്‌മോസ് എയ്‌റോസ്‌പേസുമായി കരാര്‍ ഒപ്പുവച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്.

മൂന്നു ലക്ഷം റിസര്‍വ് സൈനികരെ യുദ്ധമുഖത്തിറക്കാന്‍ റിക്രൂട്ട്മെന്റുമായി പുടിന്‍. സൈനിക സേവനം നിര്‍ബന്ധമാക്കുമെന്ന ഭീതിയോടെ പുരുഷന്മാര്‍ റഷ്യയില്‍നിന്ന് പലായനം ചെയ്യാന്‍ തുടങ്ങി. വിമാനത്തില്‍ യാത്രക്കാരുടെ തിരക്കു വര്‍ധിച്ചു. പുരുഷന്മാര്‍ക്കു നിയന്ത്രിതമായേ ടിക്കറ്റ് നല്‍കൂവെന്ന തീരുമാനം റഷ്യന്‍ വിമാനക്കമ്പനികള്‍ നടപ്പാക്കിത്തുടങ്ങി.

മലയാളിതാരം സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യ എ ടീമിന് ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

ഉത്സവസീസണില്‍ ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും പ്രഖ്യാപിച്ച ആദായവില്‍പന ആരംഭിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ പ്ലസ് അംഗങ്ങള്‍ക്കും ആമസോണില്‍ പ്രൈം അംഗങ്ങള്‍ക്കും ഇന്ന് തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. ഗാഡ്ജെറ്റുകള്‍, ലാപ്ടോപ്പുകള്‍, മൊബൈലുകള്‍, സ്മാര്‍ട് വാച്ചുകള്‍, ടിവികള്‍ എന്നിവയ്ക്കും മറ്റും വിഭാഗങ്ങളിലുളള ഉപകരണങ്ങള്‍ക്കും 80 ശതമാനം വരെ കിഴിവാണ് ഫ്‌ലിപ്പ്കാര്‍ട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കും. കൂടാതെ, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 8 ശതമാനം കിഴിവും 5 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ എല്ലാ ദിവസവും രാവിലെ 12 നും 8 നും വൈകുന്നേരം 4 നും പുതിയ ‘ക്രേസി ഡീലുകള്‍’ ഉണ്ടാകും.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ 80.28 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഏകദേശം 31 പൈസയുടെ നഷ്ടമാണ് നേരിട്ടത്. ഇന്നലെ 79.97 എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത് രൂപയെ സ്വാധീനിക്കുകയായിരുന്നു. മാസങ്ങള്‍ക്കകം രൂപയുടെ മൂല്യം 82 രൂപയിലേക്ക് താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വ്യാപാരകമ്മി കൂടുന്നതും ആഗോള മാന്ദ്യവും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദിലീപ് നായകനായി എത്തുന്ന ‘വോയ്സ് ഓഫ് സത്യനാഥന്‍’ എന്ന റാഫി ചിത്രത്തിന് പാക്കപ്പ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാനവേഷത്തില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റ് ഏഴിന് ചിത്രീകരണം പുനഃരാരംഭിക്കുകയും ചെയ്തു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നതു റാഫി തന്നെയാണ്.

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘യശോദ’. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരി-ഹരീഷ് ജോഡിയാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്. ഉണ്ണി മുകുന്ദന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗൗരവം നിറഞ്ഞ ലുക്കിലാണ് ഉണ്ണി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് യശോദ. ചിത്രത്തില്‍ ഗര്‍ഭിണിയായാണ് സാമന്ത എത്തുന്നത്.

രാജ്യത്തെ യുവജനങ്ങളുടെ ഇഷ്ട സ്‌കൂട്ടര്‍ മോഡലുകളില്‍ ഒന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഡിയോ. അടുത്തിടെയാണ് കമ്പനി ഈ ജനപ്രിയ മോഡലിന്റെ പുതിയ ലിമിറ്റഡ് എഡിഷനായ ഡിയോ സ്പോര്‍ട്സിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളാണ് ഡിയോ സ്‌പോര്‍ട്‌സില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. രണ്ട് പുതിയ കളര്‍വേകള്‍ അതായത് സ്ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് വിത്ത് ബ്ലാക്ക് – റെഡ് റിയര്‍ സസ്പെന്‍ഷന്‍ എന്നിവ രണ്ടിലും സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കും. സ്ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ പുതിയ ഹോണ്ട ഡിയോ സ്‌പോര്‍ട്‌സ് രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 68,317 രൂപയും 73,317 രൂപയുമാണ് സ്‌കൂട്ടറിന്റെ ദില്ലി എക്സ്-ഷോറൂം വില.

മലയാളക്കരയെ സ്‌നേഹിച്ച സൈദ് എന്ന അറബിയുടെ കഥയാണിത്. ഭാഷയ്ക്കപ്പുറവും ദേശങ്ങള്‍ക്കപ്പുറവും വളരുന്ന പ്രണയത്തിന്റെ കഥ. ജോലി തേടി അറബ് നാട്ടിലെത്തിയ ഒരു മലയാളിപെണ്‍കുട്ടിയുടെ ഇച്ഛാശക്തിക്കും സത്യസന്ധതയ്ക്കും ദൃഢനിശ്ചയത്തിനും മുന്നില്‍ പ്രണയത്തിന്റെ ശക്തിയില്‍ കീഴടങ്ങേണ്ടി വന്ന അറബിയുടെ മലയാളമുഖം. നമ്മള്‍ കേട്ടുപരിചയിച്ച ഗദ്ദാമമാരുടെ കദനകഥകളില്‍നിന്നും അര്‍ബാബ്മാരുടെ ക്രൂരതകളില്‍നിന്നും വ്യത്യസ്തമായി ജോലിക്കാരെ മനുഷ്യത്വത്തോടെ സമീപിക്കുന്ന ഒരു അറബിഗൃഹത്തിലെ കാഴ്ചകള്‍ അനാവരണം ചെയ്യുന്ന കൃതി. ‘അറബിമലയാളി’. റഷീദ് പാറയ്ക്കല്‍. ഗ്രീന്‍ ബുക്സ്. വില 130 രൂപ.

വളരെ ചെറുപ്പത്തില്‍ തന്നെ നരച്ച മുടി കുറച്ചുപേരുടെയെങ്കിലും ആത്മവിശ്വാസത്തെ ചെറുതല്ലാതെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് പോഷകങ്ങള്‍ കഴിക്കാത്തത് മുതല്‍ അമിതമായി ചായ, കാപ്പി, മദ്യം എന്നിവ പതിവാക്കുന്നത് വരെ നരയ്ക്ക് പിന്നിലെ കാരണങ്ങളാണ്. പിഗ്മെന്റേഷന്‍ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റത്തിന്റെ കാരണം. മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. ചിലരുടെ കാര്യത്തില്‍ നേരത്തെ മുടി നരയ്ക്കുന്നതിന്റെ കാരണം പാരമ്പര്യമാണ്. പക്ഷെ മറ്റു ചിലരില്‍ വേണ്ടത്ര പോഷണം ഇല്ലാത്തത് മൂലമാണ് നര ഉണ്ടാകുന്നത്. മുടിക്ക് ധാരാളം പോഷണം ആവശ്യമാണ്. അത് പ്രോട്ടീനില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ അത് മുടിയെ ബാധിക്കും. കഴിക്കുന്ന ഭക്ഷണത്തിനും ഇക്കാര്യത്തില്‍ കാര്യമായ പങ്കുണ്ട്. ചായ, കാപ്പി, മദ്യം, പഞ്ചസാര, റെഡ് മീറ്റ്, വറുത്തതും എരിവുള്ളതുമായ ഭക്ഷണം ഇതെല്ലാം അമിതമായാല്‍ നര മുടിയിഴകളില്‍ സ്ഥാനം പിടിക്കും. ഇത്തരം ഭക്ഷണങ്ങള്‍ പോഷകങ്ങള്‍ മുടിയിലേക്ക് എത്തുന്നത് തടയുകയും മുടിയുടെ ആരോഗ്യത്തിന് തിരിച്ചടിയാകുകയും ചെയ്യും.കോപ്പര്‍, സെലിനിയം, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് പോലുള്ള വിറ്റാമിനുകളുടെയും അഭാവവും മുടി നേരത്തെ നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങളാണ്. സമ്മര്‍ദ്ദം, ആശങ്ക, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളും മുടി നരയ്ക്കുന്നതിലേക്ക് നയിക്കാറുണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രാജ്യത്തെ രാജാവിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. എന്നും ആരെങ്കിലും തന്റെ മുന്നില്‍ വന്ന് കഥപറയണം. അതിന് പ്രജകള്‍ ആരും മുടക്കം വരുത്തിയില്ല. കാലം കഴിഞ്ഞുപോയി. രാജാവ് മറ്റൊരു പ്രഖ്യാപനം നടത്തി. ഇനി കഥപറുന്നവര്‍ ഒരിക്കലും അവസാനിക്കാത്ത കഥ പറയണം. കഥ തീരുന്ന അന്ന് ഞാന്‍ അയാളുടെ കഥ കഴിക്കും! പ്രഖ്യാപനം കേട്ട് കഥപറയാന്‍ എല്ലാവരും ഭയന്നു. അങ്ങനെ ഒരാള്‍ വന്ന് കഥ പറഞ്ഞു തുടങ്ങി. ഒരു കൃഷിക്കാരന്‍ ധാന്യം സൂക്ഷിച്ചിരുന്ന പത്തായത്ത് ഒരു ദ്വാരം ഉണ്ടായിരുന്നു. ഒരു പക്ഷി ആ ദ്വാരത്തിലൂടെ കടന്ന് ഒരു ധാന്യമണി കൊത്തി സ്വന്തം കൂട്ടിലെത്തി. രണ്ടാം ദിവസം രണ്ടാമത്തെ മണി കൊത്തിയെടുത്തു. അങ്ങനെ പത്തു ദിവസമായപ്പോഴേക്കും രാജാവ് പറഞ്ഞു: ആ രാജ്യത്തെ രാജാവ് ആ ദ്വാരം അടച്ചു. ബാക്കി കഥപറയൂ.. അയാള്‍ പറഞ്ഞു: ഇപ്പോള്‍ കഥ പറയുന്ന ആള്‍ അങ്ങായി മാറിയിരിക്കുന്നു. ബാക്കി കഥ അങ്ങ് തന്നെ തുടരൂ.. രാജാവ് അയാള്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി. ഒപ്പം തന്റെ പുതിയ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. അധികാര ധാര്‍ഷ്ട്യത്തിന് മുന്നില്‍ രണ്ടുമാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ ആയുഷ്‌കാലം മുഴുവന്‍ അടിമയായി തുടരുക, അല്ലെങ്കില്‍ തന്ത്രങ്ങളിലൂടെ ഈഗോ തകര്‍ക്കുക. ഒരു നേതാവ് തന്റെ അണികള്‍ക്ക് നല്‍കുന്ന ഉത്തരവാദിത്വങ്ങളും അവര്‍ക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളികളും കണ്ടാലറിയാം അദ്ദേഹത്തിന്റെ കര്‍ത്തവ്യബോധവും കാഴ്ചപ്പാടും.. പ്രാപ്തിയില്ലാത്തവരെല്ലാം തങ്ങളുടെ പ്രതാപം കാണിക്കുന്നത് കിരീടത്തിലൂടെയും ചെങ്കോലിലൂടെയും മാത്രമാണ്. പ്രാപ്തരല്ലാത്തവരുടെ പ്രതാപത്തെ തന്ത്രങ്ങളിലൂടെ നേരിടാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *