◾ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചു സംസാരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ പറയുന്നതില്പരം അസംബന്ധം ആര്‍ക്കും പറയാനാവില്ലെന്നും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു വിശ്വസിക്കാനാവില്ലെന്നും അനധികൃത ബന്ധു നിമയനങ്ങള്‍ അനുവദിക്കില്ലെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയോാടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘മുഖ്യമന്ത്രിയോടു ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു ജോലിക്ക് അപേക്ഷിക്കുന്നത്. ആരെങ്കിലും പിശകു ചെയ്തെങ്കില്‍ അനുഭവിക്കട്ടെ’യെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവിഷയത്തിലാണ് മുഖ്യമന്ത്രി പ്രകോപിതനായത്.
◾തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പു വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. നായ്ക്കളെ കൊല്ലരുതെന്ന ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടി കടിക്കുമെന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഹൈക്കോടതി. തെരുവ് നായ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്നതടക്കമുള്ള നടപടികള്‍ കോര്പറേഷന് സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
◾തെരുവുനായകള്‍ക്കു വാക്സിന് നല്കുന്ന തീവ്രയജ്ഞത്തിനു തുടക്കമായെന്ന് മുഖ്യമന്ത്രി. ചൊവ്വാഴ്ചവരെ യജ്ഞം തുടരും. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്കു ലൈസന്‍സ് വേണം. മൂന്നു ദിവസത്തിനകം രജിസ്ട്രേഷന് ലഭിക്കും. തെരുവു നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കൊന്നൊടുക്കുന്നതു പരിഹാരമല്ല. കൊന്നു കെട്ടിത്തൂക്കുന്നതുപോലുള്ള കുറ്റകൃത്യങ്ങളെ അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
◾ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെതിരേ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു ലഹരിക്കായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. രാത്രി എട്ടരയോടെയാണ് രാഹുല്‍ അമൃതപുരിയിലെ മഠത്തിലെത്തിയത്. 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവരും ഉണ്ടായിരന്നു.
◾ലാവലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ചത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇത്തവണയും ഭരണഘടനാ ബഞ്ചിലെ നടപടികള്‍ പൂര്‍ത്തിയായാലേ കേസ് എടുക്കൂ. അതുകൊണ്ടുതന്നെ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്. നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ മാറ്റിവച്ചത്.
◾കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫിസിനു സമീപത്തെ പെട്ടിക്കടയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍. ഉദ്യോഗസ്ഥര്‍ പെട്ടിക്കട വഴി കൈക്കൂലി വാങ്ങുന്നെന്നു വിവരം ലഭിച്ചതനുസരിച്ചു വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 1,57,000 രൂപ പെട്ടിക്കടയില്‍നിന്നു കണ്ടെത്തി.
◾
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
◾ഓണവുമായി മഹാബലിക്കുള്ള ബന്ധം എന്തെന്നു മനസിലാകുന്നില്ലെന്നു കേന്ദ്രസഹമന്ത്രി വി മുരളീധരന്. നര്‍മദാ നദീ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം. മഹാബലി കേരളം ഭരിച്ചതിന് തെളിവില്ല. വാമനന് മഹാബലിക്കു മോക്ഷം നല്‍കിയതാണെന്നും മുരളീധരന്. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരന്റെ പരാമര്‍ശം.
◾കൊല്ലം ആവണിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പഞ്ചായത്ത് മെമ്പറും രക്ഷിക്കാന്‍ ശ്രമിച്ച യുവതിയും ട്രെയിനിടിച്ചു മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി രണ്ടാം വാര്‍ഡ് മെമ്പര്‍ റഹീംകുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെയാണ് റഹിംകുട്ടി അപകടത്തില്‍പ്പെട്ടത്. റഹിംകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാളത്തില്‍ വീണ സജീനയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു.
◾പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെല്‍വരാജ് (46) ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31 നാണ് ശാസ്തവട്ടം ജംഗ്ഷനില്‍ ഭാര്യ പ്രഭ (37 )യെ കഴുത്തറുത്തു കൊന്നത്.
◾വായ്പാ തിരിച്ചടവു മുടങ്ങിയതു ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തിനിടെ തള്ളിയിട്ട സഹോാദരിയുടെ മകന് തലയിടിച്ചുവീണു മരിച്ച സംഭവത്തില്‍ മധ്യവയസ്കനും മകനും അറസ്റ്റില്‍. ആലുവ കോളനിപ്പടിയിലുള്ള കോളാമ്പി വീട്ടില്‍ മണി (58), മകന് വൈശാഖ് (24) എന്നിവരെയാണ് പിടികൂടിയത്. കോളനിപ്പടി ഭാഗത്ത് നിരപ്പില്‍ മഹേഷ് കുമാറാണ് മരിച്ചത്. മരിച്ച മഹേഷ് കുമാറിന്റെ അമ്മയുടെ പേരിലുള്ള സ്ഥലം ഈട് നല്കി മഹേഷ് കുമാര്‍ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍വേഷത്തില്‍ കഴിഞ്ഞിരുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി ഏഴായിരം രൂപയാണു പിഴ. ചന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും കൈക്കലാക്കിയെന്നാണു കേസ്.
◾മഞ്ചേശ്വരത്ത് കെ എസ് ആര് ടി സി ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മഹാരാഷ്ട്ര സ്വദേശി യശ്ദീപിനെ പണവുമായി പിടികൂടിയത്. മംഗളൂരുവില്‍നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് പണം കടത്തുകയായിരുന്നു.
◾ചെങ്ങന്നൂരില്‍ ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിംഗ് ചോദ്യംചെയ്ത യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. അര്ജുനന്(29), എസ് സുനീഷ്(28), വിഷ്ണു (അഖില്‍-31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾ആലപ്പുഴ വണ്ടാനത്ത് പേവിഷബാധയുണ്ടായ ആടിനെ കുത്തിവച്ചു കൊന്നു. ആടിനെ കൂട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
◾രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സെന്‍സസിനൊപ്പം തന്നെ ജാതി സെന്‍സസും നടത്താവുന്നതാണ്. ഓരോ സംസ്ഥാനത്തും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍ കൈ എടുക്കണം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
◾അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസമുണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാന് തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ഈ മുന്നറിയിപ്പ്. യുക്രൈയ്നിലെ സംഘര്‍ഷവും കൊവിഡും ആഗോള തലത്തില്‍ ഊര്‍ജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യഏറ്റെടുത്തു.
◾ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും തമ്മില്‍ ചര്‍ച്ച നടത്തി. കാഷ്മീര്‍ വിഷയം ചര്‍ച്ചയായെന്ന് ഇരുരാജ്യങ്ങളും പ്രസ്താവന നടത്തി. നരേന്ദ്രമോദിയും ഷി ജിന്‍ പിംഗും തമ്മില്‍ ചര്‍ച്ച ഉണ്ടാകുമോയെന്നു തീരുമാനമായിട്ടില്ല.
◾ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്. ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോര്‍ബ്സിന്റെ തത്സമയ ഡാറ്റ പ്രകാരം 27,350 കോടി ഡോളര്‍ ആസ്തിയുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്കിനു തൊട്ടു പിറകിലാണ് അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് അദാനിയെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ഇന്ന്. ചെന്നൈയിലെ ഗവണ്മെന്റ് ആര്‍എസ്ആര്‍എം ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു രണ്ടു ഗ്രാം സ്വര്‍ണമോതിരം സമ്മാനിക്കുമെന്ന് ബിജെപി തമിഴ്നാട് ഘടകം. 720 കിലോഗ്രാം മത്സ്യം സൗജന്യമായി വിതരണം ചെയ്യുമെന്നു കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി എല്‍ മുരുഗന് പറഞ്ഞു.
◾ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ അറസ്റ്റിലായി. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ അനധികൃതമായി 32 പേരെ ജോലിയില്‍ നിയമിച്ചെന്ന കേസിലാണ് അമാനത്തുള്ള ഖാനെ അറസറ്റു ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
◾റോഡ് തടസപ്പെടുത്തി സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു ആറു മാസം തടവുശിക്ഷ. ജിഗ്നേഷ് മേവാനി അടക്കം 18 പേര്‍ക്കാണു ശിക്ഷ. 2016 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിയമവിഭാഗത്തിലെ കെട്ടിടത്തിന് അംബ്ദേകറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണു സമരം നടത്തിയത്.
◾ആഫ്രിക്കയില്‍നിന്ന് എട്ടു ചീറ്റപ്പുലികള്‍ ഇന്ത്യയിലേക്ക്. ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത് കോണ്‍ഗ്രസാണെന്ന് 2010 ല്‍ മന്മോഹന് മന്ത്രിസഭയില്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് അവകാശപ്പെട്ടു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ആഫ്രിക്കന്‍ പര്യടനത്തിനിടെ ചീറ്റപ്പുലിയുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാം രമേശിന്റെ പ്രതികരണം.
◾ഡല്‍ഹി ഗുരുഗ്രാമിലെ സ്പായില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ദിവസവും 10 മുതല്‍ പതിനഞ്ച് പേര് വരെ ബലാല്‍സംഗം ചെയ്തെണ് പെണ്‍കുട്ടി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾ചൈനീസ് ലോണ്‍ ആപ്പ് കേസില്‍ വിവിധ കമ്പനികളുടെ അക്കൗണ്ടിലെ പണം മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാസോര്‍പേ, പേടിയം, ക്യാഷ് ഫ്രീ, ഈസി ബസ് കമ്പനികള്‍ക്കെതിരെയാണ് നടപടി. നാലു കമ്പനികളില്‍ നിന്നായി 46 കോടി രൂപ ഇഡി പിടിച്ചെടുത്തു. ഇതില്‍ 33 കോടിയും ഈസി ബസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ്.
◾ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മൃതദേഹ സംസ്കാര സമയത്ത് ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് ഹീത്രൂ വിമാനത്താവളത്തിലെ നൂറു വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി വിമാന സര്‍വീസുകളുടെ സമയം മാറ്റി. തിങ്കളാഴ്ച പകല്‍ 11.40 മുതല്‍ 12.10 വരെയുള്ള അരമണിക്കൂറിലാണ് സംസ്കാര കര്‍മങ്ങളുടെ അവസാന നിമിഷങ്ങള്‍. ഈ സമയം രണ്ടു മിനിറ്റ് നിശബ്ദത പാലക്കണം. മൃതദേഹവുമായി വിലാപയാത്ര കടന്നുപോകുന്ന 1.45 മുതല്‍ 40 മിനിറ്റു സമയവും വിമാനങ്ങളിറക്കാന്‍ അനുവദിക്കില്ല.
◾കിര്‍ഗിസ്ഥാന്‍ -താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം മൂന്നായി. 27 സൈനികര്‍ക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ടാങ്കുകളും മോര്‍ട്ടാറുകളും അടക്കമുള്ള പടക്കോപ്പുകള്‍ പ്രയോഗിച്ചെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചു.
◾യുക്രൈന് സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടാന്‍ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമര്‍ശം.
◾ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തിയ സഞ്ജു സാംസണ് ഇനി ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയുടെ അമരക്കാരന്. ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതില്‍ ബിസിസിഐയ്ക്കെതിരെ ആരാധകര്‍ രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ഈ തീരുമാനം. മൂന്നൂ മത്സരങ്ങളുള്ള പരമ്പര സെപ്റ്റംബര്‍ 22ന് ചെന്നൈയില്‍ ആരംഭിക്കും.
◾ഏഷ്യാകപ്പ് വിജയത്തിന്റെ ആവേശത്തില്‍ ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. 15 അംഗ പ്രാഥമിക ടീമിനെ ദസുന്‍ ഷനകയാണ് നയിക്കുക.
◾2022 ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നിന്നിരുന്ന ക്രെയ്ഗ് ഇര്‍വിനാണ് നയിക്കുക.
◾ഇന്ത്യയ്ക്ക് ഏറ്റവുമധികം ക്രൂഡോയില്‍ വില്‍ക്കുന്ന രണ്ടാമത്തെ വലിയ രാജ്യമെന്ന പട്ടം മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയെ പിന്നിലാക്കി വീണ്ടും സൗദി അറേബ്യ പിടിച്ചെടുത്തു. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ഇന്ത്യ ആഗസ്റ്റില്‍ ആകെ പ്രതിദിനം 8.63 ലക്ഷം ബാരല്‍ ക്രൂഡോയില്‍ സൗദി അറേബ്യയില്‍ നിന്ന് വാങ്ങി. ജൂലായേക്കാള്‍ 4.8 ശതമാനം അധികമാണിത്. മൂന്നാംസ്ഥാനത്തേക്ക് വീണ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 2.4 ശതമാനം കുറഞ്ഞ് പ്രതിദിനം 8.55 ലക്ഷം ബാരലായിരുന്നു. പ്രതിദിനം 8.95 ലക്ഷത്തിലേറെ ബാരലുമായി ഇറാക്കാണ് ഒന്നാംസ്ഥാനത്ത്. നാലാംസ്ഥാനത്ത് യു.എ.ഇ. അഞ്ചാംസ്ഥാനം കുവൈറ്റിനെ പിന്തള്ളി കസാക്കിസ്ഥാന്‍ നേടി. അമേരിക്കയാണ് ഏഴാമത്. ഇന്ത്യയിലേക്കുള്ള എണ്ണയില്‍ സൗദി അറേബ്യയുടെ വിഹിതം ഉയര്‍ന്നെങ്കിലും സൗദി നയിക്കുന്ന ഒപെക് രാഷ്ട്രങ്ങളുടെ വിഹിതം 59.8 ശതമാനമായി താഴ്ന്നു. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ചയാണിത്.
◾കയറ്റുമതി വളര്‍ച്ച കുറയുന്നതിനിടെ വ്യാപാരക്കമ്മി ഇരട്ടിയിലധികമായി വര്‍ദ്ധിക്കുന്നത് കേന്ദ്രത്തിനും ബിസിനസ് ലോകത്തിനും ആശങ്കയാകുന്നു. കഴിഞ്ഞമാസം കയറ്റുമതി വളര്‍ന്നത് 1.6 ശതമാനമാണ്. 3,392 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. ഇറക്കുമതി 37.28 ശതമാനം ഉയര്‍ന്ന് 6,190 കോടി ഡോളറായി. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ആഗസ്റ്റില്‍ 2,798 കോടി ഡോളറാണ്. 2021 ആഗസ്റ്റില്‍ 1,171 കോടി ഡോളറും കഴിഞ്ഞ ജൂലായില്‍ 3,000 കോടി ഡോളറുമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ആഗസ്റ്റില്‍ കയറ്റുമതി 17.68 ശതമാനം ഉയര്‍ന്ന് 19,351 കോടി ഡോളറിലും ഇറക്കുമതി 45.74 ശതമാനം വര്‍ദ്ധിച്ച് 31,800 കോടി ഡോളറിലുമെത്തി. ഇവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 5,378 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 12,452 കോടി ഡോളറായി.
◾പാപ്പന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ സോംഗ് ആണ് പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്. മധു ബാലകൃഷ്ണന് ആണ് ആലപിച്ചിരിക്കുന്നത്. മലപ്പുറത്തുകാരന് മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പുനം ബജ്വാ ആണ് നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്, മേജര്‍ രവി, മിഥുന് രമേഷ്, ശശാങ്കന് മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
◾നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം വേലയിലെ സണ്ണി വെയ്നിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മല്ലികാര്ജുനന് എന്നു പേരായ എസ്ഐ കഥാപാത്രമാണ് ചിത്രത്തില്‍ സണ്ണി. പിന്നിലേക്ക് ചീകി വെച്ച മുടിയും പിരിയന്‍ മീശയുമൊക്കെയായാണ് സണ്ണി വെയ്ന്‍ ഈ കഥാപാത്രമാവുന്നത്. ഷെയ്ന് നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊലീസ് വേഷത്തിലാണ് ഷെയ്നും എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പൊലീസ് റോളുമാണ് വേലയിലേത്. എം സജാസ് ആണ് രചന. സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനും ചിത്രത്തില്‍ രണ്ട് പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടുള്ള ഒരു പോലീസ് കണ്ട്രോള് റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വിക്രം വേദ, കൈദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാം സി എസ് ആണ് വേലയുടെ സംഗീത സംവിധായകന്.
◾ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട, 2025-ഓടെ ആഗോളതലത്തില്‍ പത്തോ അതിലധികമോ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കും. ഏഷ്യ, ജപ്പാന്, യൂറോപ്പ് എന്നിവിടങ്ങളില്‍ മാത്രമായി പുറത്തിറക്കുന്ന രണ്ട് കമ്മ്യൂട്ടര്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ലൈനപ്പില്‍ ഉള്‍പ്പെടും. ഈ രണ്ട് ഇ-വാഹനങ്ങളും 2024 നും 2025 നും ഇടയില്‍ നിരത്തിലിറങ്ങും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം ഇ ബൈക്കുകള്‍ വില്‍ക്കുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2030 ഓടെ ഇത് ഏകദേശം 3.5 ദശലക്ഷം യൂണിറ്റുകളായി ഉയര്‍ത്തും. എളുപ്പത്തില്‍ ഊരിമാറ്റുന്ന തരത്തിലുള്ള ബാറ്ററികളാവും ഹോണ്ടയുടെ സ്കൂട്ടറുകളില്‍ ഉണ്ടാവുക. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ ഇറക്കും.
◾മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് ‘കാട്ടൂര്‍കടവ്’. ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തില്‍ തകര്‍ന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അശോകന് ചരുവില്‍. ഡിസി ബുക്സ്. വില 420 രൂപ.
◾പല ഭക്ഷണത്തിന്റെയും രുചി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വസ്തുവാണ് നാരങ്ങ. ഈ ഒരു ഗുണം മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും എല്ലുകളെ ബലപ്പെടുത്തുന്നതിനുമുള്ള കഴിവും നാരങ്ങയ്ക്കുണ്ട്. മുടിയെയും ചര്‍മ്മത്തെയും മൃദുവാക്കാനും ഇവ സഹായിക്കുന്നു. എന്നാല്‍ ശരിരായ രീതിയിലല്ല നാരങ്ങ കഴിക്കുന്നതെങ്കില്‍ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാവുക. വര്‍ഷങ്ങളായി പലരും ചെയ്തുവരുന്ന തെറ്റാണ് ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ നഷ്ടപ്പെടുകയും നിങ്ങളുടെ ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കാതെയുമാകും. നാരങ്ങയില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന താപനിലയില്‍ ഇവ വേഗം നശിക്കുന്നു. അതുകൊണ്ടുതന്നെ ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ ചേര്‍ക്കുമ്പോള്‍ വിറ്റാമിന്‍ സി നഷ്ടപ്പെടുന്നു. കൂടാതെ തടി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുമായി ചൂടുവെള്ളത്തില്‍ രാവിലെ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കില്ല. അതിനാല്‍ തിളപ്പിച്ച വെള്ളം തണുത്ത ശേഷം മാത്രം അതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ക്കുക.
*ശുഭദിനം*
*കവിത കണ്ണന്*
വര്‍ഷം 1901. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ ഗാന്ധിജി കല്‍ക്കട്ടയിലെത്തി. കാര്യങ്ങളെല്ലാം പരിചയിക്കാനായി കോണ്‍ഗ്രസ്സിന്റെ ഓഫീസില്‍ രണ്ടു ദിവസം ജോലി ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ഘോഷാല്‍, ഗാന്ധിജിക്ക് ഒരു ജോലി കൊടുത്തു- തനിക്ക് വന്ന അനേകം കത്തുകള്‍ക്ക് മറുപടി അയക്കുക. ഗാന്ധിജി അത് സസന്തോഷം ചെയ്തു. പിന്നീടാണ് ഘോഷാലിന് മനസ്സിലായിത്, ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളെക്കൊണ്ടാണ് താന്‍ ഗുമസ്തപ്പണി ചെയ്യിപ്പിച്ചത്. ഘോഷാല്‍ ഗാന്ധിജിയോട് ക്ഷമ ചോദിച്ചു. ഗാന്ധിജി പറഞ്ഞു: ഞാന്‍ താങ്കളോടാണ് നന്ദി പറയേണ്ടത്, ഇവിടുത്ത കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് ഇതൊരു അവസരമാവുകയാണ് ചെയ്തത്. ജോലി ഏതുമാകട്ടെ, അധ്വാനിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ആ മഹത്വം കണ്ടെത്താന്‍ നമുക്കും സാധിക്കട്ടെ – ശുഭദിനം.