web cover 132

പ്രതിപക്ഷ എതിര്‍പ്പിനും വാക്കൗട്ടിനും ഇടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്‍ ഇനി ഗവര്‍ണറുടെ പരിഗണനയിലേക്ക്. ഭരണഘടനയ്ക്കും സുപ്രീം കോടതി വിധിക്കും എതിരായ ഒരു ബില്ലിലും ഒപ്പുവയ്ക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. നായനാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമത്തിലാണ് പിണറായി സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന്‍ തങ്ങളില്ലെന്നു പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

എറണാകുളം, കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ലഹരിക്കേസില്‍ ആവര്‍ത്തിച്ച് ഉള്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പാ ചുമത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ലഹരികടത്തില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ ബാങ്കും തയാറാക്കും. തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും മയക്കുമരുന്നിനെതിരേ ജാഗ്രത സമിതികള്‍ രൂപീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

കൃത്യമായ കാലാവസ്ഥാ പ്രവചനം ലഭിക്കാന്‍ വിദേശ ഏജന്‍സികളുടെ അടക്കം സേവനം തേടിയെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍. സ്വകാര്യ ഏജന്‍സികളുടെ കാലാവസ്ഥ പ്രവചനം പണം നല്‍കി വാങ്ങുകയാണ്. കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനു കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല.

ഇന്നും ശക്തമായ മഴ തുടരും. നദികളും ഡാമുകളും നിറയുന്നു. മലമ്പുഴ ഡാം ഇന്നു തുറക്കും. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഡാമുകളില്‍ റെഡ് അലേര്‍ട്ട്. മഴമൂലം നദികളിലൂടെ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട് വീണ്ടും വെള്ളപ്പൊക്കത്തിലേക്ക്. കുട്ടനാട്, ചെങ്ങന്നുര്‍ താലുക്കുകള്‍ പ്രളയഭീതിയിലായി. മുട്ടാര്‍, തലവടി പഞ്ചായത്തുകളിലാണ് കെടുതി ഏറ്റവും കുടുതല്‍ ബാധിച്ചത്.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോ വെള്ളത്തില്‍ മുങ്ങി. ഓഫീസിനകത്തേക്കും വെള്ളം കയറി. വള്ളം കയറിയ ഓഫീസിലെ ജീവനക്കാര്‍ മേശപ്പുറത്തു കയറിയിരുന്ന് വഞ്ചിപ്പാട്ട് അനുകരിച്ചു ചിത്രീകരിച്ചു പുറത്തുവിട്ട വീഡിയോ വിവാദമായി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും കാറും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ദമ്പതികള്‍ ഉള്‍പ്പെടെ ആറംഗ സംഘം പാലക്കാട്ട് പിടിയിലായി. കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദ്വീപ്, മുഖ്യസൂത്രധാരനായ പാലാ സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരാണു പിടിയിലായത്.

പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന സിനിമാ താരം അമലാ പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗ് ദത്ത് അറസ്റ്റില്‍. സ്വകാര്യ ആവശ്യത്തിനായി എടുത്ത ഫോട്ടോകള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് അമലാ പോള്‍ നേരത്തെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു.

ബിഹാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി ബാസ്‌കറ്റ്ബോള്‍ താരം കെ.സി. ലിതാരയുടെ കുടുംബത്തിനു ഭീഷണി. ആരോപണ വിധേയനായ പരിശീലകന്‍ രവി സിംഗിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയെന്ന് ലിതാരയുടെ അമ്മ ലളിത കോഴിക്കോട് പോലീസില്‍ പരാതി നല്‍കി. കേസ് പിന്‍വലിക്കാന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തെന്നാണു പരാതിയില്‍ പറയുന്നത്.

ചേര്‍ത്തലയില്‍ 35 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് പിടികൂടിയത്. ബെംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന സ്വകാര്യ ബസില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്നാണ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്.

ആസാം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബംഗാളി യുവാവിനെ മലപ്പുറം ജില്ലയിലെ കാവനൂരില്‍ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അറസ്റ്റ് ചെയ്തത്.

വിഷം കഴിച്ചു റോഡില്‍ ചത്തുവീണ മൂന്നു തെരുവുനായ്ക്കളെ കുഴിച്ചുമൂടിയവര്‍ക്കെതിരേ തിരുവന്തപുരം വട്ടപ്പാറ പൊലീസ് കേസെടുത്തു. കരകുളത്താണു സംഭവം. മൃഗ സ്നേഹികളുടെ പരാതിയിലാണ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്.

മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര, മണക്കാട് മുറിയില്‍, കളിയിക്കവടക്കത്തില്‍, വിനീത് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ആറ്റിങ്ങലില്‍ മൂന്നു വയസുള്ള മകനേയും തന്നേയും മര്‍ദ്ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കുടവൂര്‍കോണം സ്വദേശി ജോഷിയെ കോടതി റിമാന്‍ഡു ചെയ്തു. ജോഷിയുടെ ഭാര്യ കടയ്ക്കാവൂര്‍ അമ്പഴക്കണ്ടം സ്വദേശി അശ്വതിയാണു പരാതി നല്‍കിയത്.

കൊട്ടാരക്കരയില്‍ കെഎസ്ആടിസി ബസില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ പിടിയില്‍. രാമേശ്വരം സ്വദേശികളായ മുത്തുമാരിയും മഹേശ്വരിയുമാണ് പിടിയിലായത്.

കോഴിപ്പാറ സര്‍ക്കാര്‍ സ്‌കൂളിന്റെ ഓഫീസ് കുത്തി തുറന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. തമിഴ്നാട്, മൈലേരിപാളയം ഐ ഷെമീര്‍ ആണ് പിടിയിലായത്.

എഐസിസി പ്രസിഡന്റു സ്ഥാനത്തേക്ക് ശശി തരൂര്‍ എംപിയോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെയാണ് മല്‍സര സാധ്യത തെളിഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദത്തോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഓപറേഷന്‍ താമര ഭീഷണിയുള്ള ജാര്‍ക്കണ്ഡിലെ ഭരണകക്ഷി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡീലേക്കു മാറ്റി. മുഖ്യമന്ത്രിയുടെ വസതിയില്‍ തമ്പടിച്ചിരുന്ന എംഎല്‍എമാരെ വിമാനമാര്‍ഗമാണ് ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലേക്കു കൊണ്ടുപോയത്. മുഖ്യമന്ത്രി ഹേമന്ത് സോറനെ ഗവര്‍ണര്‍ ഇതുവരേയും അയോഗ്യനായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്നു വിനായക ചുതര്‍ത്ഥി. ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആലോഷത്തിന് അനുമതി നല്‍കിയ നടപടി സുപ്രീം കോടതി തടഞ്ഞു. നഗരസഭ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞു. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കര്‍ണാടകയിലെത്തന്നെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ കര്‍ണാടക ഹൈക്കോടതി ഇന്നലെ രാത്രി അനുമതി നല്‍കി. ബെംഗളൂരുവിലെ ഈദ്ഗാഹില്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചത് ഹുബ്ബള്ളിയില്‍ ബാധകമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നാവികസേനയ്ക്കു പുതിയ പതാക. കൊച്ചിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പതാക അനാച്ഛാദനം ചെയ്യുക. കൊളോണിയല്‍ ഭൂതകാലത്തില്‍നിന്നുള്ള വിടവാങ്ങലിന്റെ അടയാളമായാണ് പുതിയ പതാക അനാച്ഛാദനം ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെക്കൊണ്ട് നാവുകൊണ്ടു ശുചിമുറി വൃത്തിയാക്കിച്ചതിന് ജാര്‍ക്കണ്ഡിലെ ബിജെപി നേതാവിനെതിരേ കേസ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവുമായ സീമ പാത്രയെ ബിജെപി സസ്പെന്‍ഡു ചെയ്തു. എട്ടു വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ഗോത്രവര്‍ഗ യുവതി സുനിത നല്‍കിയ പരാതിയിലാണു കേസ്. രണ്ടു ദിവസത്തിനകം അറസ്റ്റിനു സാധ്യത.

ബോളിവുഡ് നടി അമീഷ പട്ടേലിനെതിരേയുള്ള ജാര്‍ക്കണ്ഡ് കോടതിയുടെ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടര കോടി രൂപ നല്‍കിയിട്ടും ‘ദേസി മാജിക്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് നിര്‍മാതാവ് അജയ്കുമാര്‍ സിംഗ് നല്‍കിയ പരാതിയിലാണ് അമീഷ പട്ടേലിനെതിരേ ജാര്‍ക്കണ്ഡ് കോടതി നടപടികളെടുത്തിരുന്നത്.

മണിപ്പൂരില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെഡിയു ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കും. പിന്തുണ പിന്‍വലിച്ചാലും ബിജെപിയുടെ ബൈറോണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകില്ല. അറുപതംഗ സഭയില്‍ ജെഡിയുവിന് ഏഴു സീറ്റാണുള്ളത്.

ആശയപരമായ എതിര്‍പ്പുകൊണ്ടല്ല ചിലര്‍ പാര്‍ട്ടി വിട്ടതെന്നും വ്യക്തിപരമായ കാരണങ്ങളെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. പാര്‍ട്ടി വിട്ട ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു, എന്നാല്‍ ആര്‍എസ്എസിനെയോ ബിജെപിയെയോ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ കാര്‍ഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി വിവാദ പരാമര്‍ശം നടത്തിയത്. പരാതിക്കാരിയുടെ വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ വിവിധ ജനനത്തീയതികളാണെന്നും കോടതി കണ്ടെത്തി. ഹണി ട്രാപാണോയെന്നും സംശയിക്കണമെന്നും കോടതി.

ക്യൂബയിലെ വിപ്ളവനായകന്‍ ഏണസ്റ്റോ ചെഗുവേരയുടെ മൂത്ത മകന്‍ കാമിലോ ഗുവേര മാര്‍ച്ച് വെനിസ്വേലയില്‍ അന്തരിച്ചു. അറുപതു വയസായിരുന്നു.

ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്.പ്രണോയ് ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍. എതിരാളിയും ലോക 12-ാം നമ്പര്‍ താരവുമായ എന്‍ജി കാ ലോങ് ആന്‍ഗസ് മത്സരത്തിന്റെ ആദ്യ ഗെയിമിനിടെ പരിക്കേറ്റ് പിന്മാറിയതോടെയാണ് പ്രണോയിയെ വിജയിയായി പ്രഖ്യാപിച്ചത്.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന ആദ്യടീമായി. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാന്‍ മറികടന്നു. ഏഷ്യാ കപ്പിലെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ഹോങ്കോങ്ങുമായി ഏറ്റുമുട്ടും. രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. റുപേ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് പരമ്പരയിലെ ആദ്യത്തേതാണിത്. ഉപഭോക്താവിന് നിരവധി റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കത്തക്കവിധം കോണ്‍ടാക്ട് ലെസ് കാര്‍ഡാണ് പുറത്തിറക്കിയത്. ഐസിഐസിഐ ബാങ്ക് കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് എന്ന പേരിലാണ് കാര്‍ഡ്. പലചരക്കു സാധനങ്ങള്‍, ദൈനംദിന ഉപയോഗത്തിന് വരുന്ന ബില്ലുകള്‍ തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് റിവാര്‍ഡ് ലഭിക്കുക. കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ നൂറ് രൂപയുടെ ഇടപാടിനും രണ്ടു റിവാര്‍ഡ് പോയന്റ് ലഭിക്കും. ദൈനംദിന ബില്ലുകള്‍, ഇന്‍ഷുറന്‍സ് എന്നിവ അടയ്ക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ നൂറ് രൂപയ്ക്കും ഒരു റിവാര്‍ഡ് പോയന്റാണ് ലഭിക്കുക.

ജിയോമാര്‍ട്ടും വാട്ട്സാപ്പും കൈകോര്‍ത്തു. റിലയന്‍സ് ജിയോയുടെ ആനുവല്‍ ജനറല്‍ മീറ്റിങ് തുടങ്ങിയതിനു പിന്നാലെ ജിയോമാര്‍ട്ടുമായുള്ള വാട്ട്‌സ്ആപ്പിന്റെ ആദ്യ ആഗോള ഷോപ്പിംഗ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം പങ്കുവെച്ചത്. ഉപയോക്താക്കള്‍ക്ക് ഒരൊറ്റ ചാറ്റിലൂടെ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ഇന്ത്യയിലെ ഉപയോക്താക്കളെ പ്രത്യേകിച്ച് മുമ്പ് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തിയിട്ടില്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജിയോമാര്‍ട്ടിന്റെ മുഴുവന്‍ ഗ്രോസറി കാറ്റലോഗും തടസ്സമില്ലാതെ ഇനി മുതല്‍ ബ്രൗസ് ചെയ്യാനാകും. കൂടാതെ കാര്‍ട്ടിലേക്ക് സാധനങ്ങള്‍ ആഡ് ചെയ്യാനും പണമടയ്ക്കാനും സാധിക്കുമെന്ന് ജിയോ അറിയിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് പുറത്തുപോകാതെ തന്നെ ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്നതാണ് ഗുണം.

ബിജു മേനോന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബിജു മേനോന്റെ വ്യത്യസ്തമായ കഥാപാത്രത്തെ ട്രെയിലറില്‍ കാണാം. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ബിജു മേനോനൊപ്പം നേര്‍ക്ക് നേര്‍ പൊരുതി റോഷനും ഒപ്പമുണ്ട്. ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്ന് ട്രെയിലര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. രാജേഷ് പിന്നാടന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പത്മപ്രിയ ആണ് നായിക. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കന്‍ തല്ല് കേസ് റിലീസ് ചെയ്യുക.

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഗോള്‍ഡ്’ ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സൂചന. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം.

ഇറ്റാലിയന്‍ അത്യാഡംബര സ്പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബി ഇന്ത്യയിലെത്തി. വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫെരാരിയുടെ മുന്‍ മോഡലായ എഫ് ട്രൈബ്യൂട്ടോയ്ക്ക് പകരക്കാരനായാണ് പുത്തന്‍ 296 ജി.ടി.ബി എത്തുന്നത്. 645 ബി.എച്ച്.പി കരുത്തുള്ള 3.0 ലിറ്റര്‍ വി6 എന്‍ജിനൊപ്പം 164 ബി.എച്ച്.പി കരുത്തുള്ള ഫ്ളോര്‍-മൗണ്ടഡ് 7.45 കെ.ഡബ്ള്യു.എച്ച് ബാറ്ററികൂടി ചേരുന്ന ഹൈബ്രിഡ് എന്‍ജിനാണുള്ളത്. ഫെരാരി ശ്രേണിയിലെ ആദ്യ ഹൈബ്രിഡാണിത്. ഇലക്ട്രിക്കായി മാത്രം 25 കിലോമീറ്റര്‍ വരെ ഓടാം. ടോപ് സ്പീഡ് 135 കിലോമീറ്റര്‍. ഇന്റേണല്‍ കമ്പഷന്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേരുമ്പോള്‍ സംയുക്തകരുത്ത് 818 ബി.എച്ച്.പിയാണ്. 8-സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം വെറും 2.9 സെക്കന്‍ഡില്‍ കൈവരിക്കും. ടോപ് സ്പീഡ് 330 കിലോമീറ്റര്‍.

കലയും സാഹിത്യവും സംഗീതവുമെല്ലാം നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ കല്‍ക്കത്തയില്‍നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ് ‘കല്‍ക്കത്ത കഫെ’. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു. ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു, സ്വപ്നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍, തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള, മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു.

ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ. പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം. മാതൃഭൂമി ബുക്സ്. വില 161 രൂപ.

മിതമായ അളവില്‍ മദ്യം കഴിച്ചാലും തലച്ചോറിനെ ബാധിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവര്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 21,000ല്‍പ്പരം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണം പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേര്‍ണലാണ് പ്രസിദ്ധീകരിച്ചത്. മദ്യ ഉപഭോഗവും തലച്ചോറിന്റെ പ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് പാര്‍ക്കിസന്‍സണ്‍, അല്‍ഷിമേഴ്‌സ് എന്നി രോഗങ്ങള്‍ക്ക് കാരണമാകാം.ഇതിന് പുറമേ ചിന്തയെയും ഇത് ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. ആഴ്ചയില്‍ അഞ്ചു ചെറിയ ഗ്ലാസോ അതില്‍ കൂടുതലോ മദ്യം കഴിക്കുന്നവരുടെ തലച്ചോറില്‍ ഇരുമ്പിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മിതമായ അളവില്‍ മദ്യം ഉപയോഗിച്ചാലും തലച്ചോറിനെ ബാധിക്കും എന്നതിന്റെ തെളിവാണിതെന്നും ഗവേഷകര്‍ പറയുന്നു. തലച്ചോറില്‍ ഇരുമ്പിന്റെ അളവ് വര്‍ധിക്കുന്നത് ചിന്തയെയും കാര്യമായി ബാധിക്കും. ധാരണാശക്തിയെയും തിരിച്ചറിവിനെയും ഇത് ബാധിക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *