web cover 6

◼️മഴക്കെടുതിയില്‍ ഇതുവരെ ആറു പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള്‍ തകര്‍ന്നു. 55 വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും റെഡ് അലര്‍ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. വലിയ ഡാമുകള്‍ തുറക്കേണ്ടിവരില്ല.

◼️വിവാദങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരായി മാറ്റി നിയമിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യ രേണുരാജ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നു. യുഡിഎഫും പത്രപ്രവര്‍ത്തക യൂണിയനും വിവിധ മുസ്ലിം സംഘടനകളും അടക്കമുള്ളവയുടെ ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് കളക്ടറെ മാറ്റിയത്.

◼️ലോക്സഭയില്‍ പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും സ്പീക്കര്‍.

*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

◼️കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങില്‍ ഉരുള്‍പൊട്ടല്‍. പേരാവൂരിലെ മേലെ വെള്ളറ പട്ടികവര്‍ഗ കോളനിയില്‍ വീടു തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു സ്ത്രീകളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനത്തിനു പോയ രണ്ടു മത്സ്യ മത്സ്യത്തൊഴിലാളികളെ കാണാതായി. വൈക്കം തലയാഴം സ്വദേശികളായ ജനാദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്.

◼️മഴക്കെടുതി നേരിടാന്‍ പോലീസ് സജ്ജമാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. എഡിജിപി എം ആര്‍ അജിത്തിനെ സേനാവിന്യാസ നോഡല്‍ ഓഫീസറായി നിയമിച്ചു. എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.

◼️കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ചവരെ അടച്ചു. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം മൂന്നിലവില്‍ വീണ്ടും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ടയില്‍ കടകളില്‍ വെള്ളം കയറി. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകി. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി. കൂട്ടിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

◼️സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാത്തതിനാലും വാഗ്ദാനംചെയ്ത അമ്പതു ശതമാനം ഓഹരി ഉറപ്പാക്കാത്തതിനാലുമാണ് ശബരി റെയില്‍പ്പാത വൈകുന്നതെന്ന് കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തറുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 116 കിലോമീറ്ററുള്ള പദ്ധതിക്ക് 1997-98 വര്‍ഷത്തിലാണ് അനുമതി നല്‍കിയത്. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 3,448 കോടി രൂപയാണ് അടങ്കല്‍.

◼️ഇന്ത്യയുടെ ദേശീയപതാക ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ടാണ്. രാജ്യത്തെ കൈത്തറി, ഖാദി മേഖലയില്‍ ചുരുങ്ങിയ സമയംകൊണ്ട് വേണ്ടത്ര ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡി. യന്ത്രനിര്‍മിത പൊളിസ്റ്റര്‍ പതാകകളാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

◼️ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കട്ടറാമിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്നും സിവില്‍ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി. വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസില്‍നിന്നു തലയൂരാന്‍ ശ്രീറാംതന്നെ ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് രോഗമുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്തത്. കേസില്‍നിന്നു തലയൂരാന്‍ അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തെന്നും ആരോപിച്ച് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതി നല്‍കിയത്.

◼️കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം തുടങ്ങി എട്ട് മാസമായിട്ടും പണം എവിടെപ്പോയെന്നു കണ്ടെത്തിയിട്ടില്ലെന്നു ഹര്‍ജിക്കാരനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ സ്വദേശിയുമായ എംവി സുരേഷ് ആരോപിച്ചു. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കള്‍ ഇടപെട്ട് അട്ടിമറിച്ചെന്നും ആരോപിച്ചിട്ടുണ്ട്.

◼️വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ‘മിഷന്‍ ടൊര്‍ണാഡോ’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ആറു കോടിയോളം രൂപ വിലവരുന്ന 11 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പത്തു യാത്രക്കാര്‍ പിടിയിലായി. കസ്റ്റംസിന്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചത്.

◼️മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്നു പേരെ എക്‌സൈസ് പിടികൂടി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്‌മാന്‍(56), ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്.

◼️കണ്ണൂര്‍ പാനൂരില്‍ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിന് കണ്ണൂര്‍ എആര്‍ ക്യാമ്പിലെ നാലു പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചതു വിവാദമായി. കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ടിന്റെ നടപടിയാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കരുതെന്ന് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

◼️ടെറസിനു മുകളില്‍നിന്നു വീണ അനുജനെ താഴെ കൈകളില്‍ താങ്ങി രക്ഷിച്ച് ജ്യേഷ്ഠന്‍. മലപ്പുറം ചങ്ങരംകുളത്ത് ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് സഹോദരന്‍ സാദിഖ് കൈയില്‍താങ്ങി രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെയാണ് ഷഫീഖ് താഴേക്കു വീണത്. വീഡിയോ വൈറലായി.

◼️ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസില്‍ ശിവന്‍കുട്ടി (79) യാണ് മരിച്ചത്.

◼️തിരുവനന്തപുരം നഗരസഭ ജാതി അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ കായിക ടീമുകള്‍ രൂപവത്കരിക്കുന്നതിനെതിരേ ആക്ഷേപം. ജനറല്‍ വിഭാഗത്തിനും പട്ടിക ജാതി- വര്‍ഗ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍ രൂപീകരിക്കുന്നുവെന്നാണ് ആരോപണം. സ്പോര്‍ട്സ് മെച്ചപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.

◼️തൃശൂരില്‍ മങ്കിപോക്സ് ബാധിച്ചു മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്ക് നിലവില്‍ രോഗ ലക്ഷണങ്ങളില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

◼️കോഴിക്കോട് ആവിക്കല്‍ മാലിന്യ പ്ലാന്റിനെതിരേ പ്രതിഷേധം. വെള്ളയില്‍ ജനസഭയില്‍ പ്രതിഷേധക്കാര്‍ തീരദേശപാത ഉപരോധിച്ചു. തടികളും കല്ലും മണ്ണും നിറച്ചാണ് സമരക്കാര്‍ റോഡ് ഉപരോധിച്ചത്. തീരദേശപാത ഉപരോധിച്ച മത്സ്യതൊഴിലാളികളും പൊലീസുമായി സംഘര്‍ഷമുണ്ടായി.

◼️ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◼️ലിംഗ സമത്വത്തെ പരിഹസിച്ച് ജനപ്രതിനിധികള്‍ പോലും പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ലിംഗ വിവേചനം പാടില്ലെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകളെ തുല്യരായി കണക്കാക്കാന്‍ മടിക്കുന്ന മനോഭാവത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◼️ആഡംബര വാഹനവുമായി ടര്‍ഫില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. പാലോട് നന്ദിയോട് മണ്ണാര്‍കുന്ന് മിഥുനത്തില്‍ മിഥുന്‍, കള്ളിപ്പാറ സ്വദേശി അഖില്‍ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്.

◼️മുപ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍വച്ചാണ് പിടികൂടിയത്.

◼️പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തീരുമാനത്തെ കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സിലില്‍ എതിര്‍ത്തില്ല. ലോക്സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്കു മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ളത്. സംസ്ഥാനങ്ങള്‍ അക്കൗണ്ടന്റ് ജനറലിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ജൂണ്‍ മാസത്തെ കുടിശ്ശിക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

◼️കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കോ മകള്‍ക്കോ ഗോവയില്‍ റസ്റ്റോറന്റോ ബാറോ ഇല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവര്‍ ഉന്നയിച്ച ആരോപണം തെറ്റാണ്. വ്യാജ ആരോപണം ഉന്നയിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തിയെന്നും കോടതി പറഞ്ഞു.

◼️ഡല്‍ഹിയില്‍ മദ്യക്ഷാമം. മദ്യത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്കു പാഞ്ഞ് ജനം. സ്വകാര്യ മേഖലയില്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് കാലാവധി ജൂലൈ 31 ന് അവസാനിച്ചതിനാല്‍ മദ്യശാലകളെല്ലാം അടച്ചിട്ടതാണ് മദ്യക്ഷാമത്തിനു കാരണം. ലൈസന്‍സ് ഒരു മാസത്തേക്കുകൂടി നീട്ടി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഗവര്‍ണര്‍ ഒപ്പുവച്ചില്ല. അതോടെ 468 സ്വകാര്യശാലകള്‍ അടച്ചിട്ടു.

◼️ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം സര്‍ക്കാര്‍ ജോലികളും തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 3,000 രൂപ തൊഴിലില്ലായ്മ വേതനവും നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.

◼️ഫൈവ് ജി സ്‌പെക്ട്രത്തിനുള്ള ആദ്യ ലേലം സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്ന ഇന്നലെ 1,50,173 കോടി രൂപയാണ് അവസാന ലേലത്തുക. വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്.

◼️ജെറ്റ് വിമാനത്തിനുള്ള ഇന്ധനത്തിന്റെ വില 12 ശതമാനം കുറച്ചു. ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,38,148 രൂപയില്‍നിന്ന് 1,21,916 രൂപയായി.

◼️മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം. പത്തു പേര്‍ മരിച്ചു. എട്ടുപേര്‍ക്കു പൊള്ളലേറ്റു. ചന്ദല്‍ ഭട്ടയിലെ ന്യൂ ലൈഫ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അഗ്‌നിബാധയുണ്ടായത്.

◼️ആന്ധ്രപ്രദേശിലെ മുന്‍മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസുഖബാധിതയായിരുന്നു.

◼️യുവതിയുടെ നഗ്‌ന വീഡിയോ കോള്‍ അറ്റന്‍ഡുചെയ്ത വയോധികരില്‍നിന്ന് 3.63 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ അന്ധേരിയിലെ അയല്‍ക്കാരായ രണ്ടു വയോധികര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയെ തുടര്‍ന്ന് അംബോലി പൊലീസ് കേസെടുത്തു.

◼️ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ സൈനികരും ഇറാന്‍ സൈനികരും തമ്മില്‍ ഏറ്റുമുട്ടി. ഒരു താലിബാന്‍ സൈനികന്‍ കൊല്ലപ്പെട്ടു.

◼️ലോകത്ത് പ്രതിദിനം നാലായിരത്തിലധികം പേര്‍ എച്ച്ഐവി ബാധിതരാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഗ്ലോബല്‍ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

◼️ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. വിവാഹ ചിത്രങ്ങള്‍ കമ്മിന്‍സിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

◼️ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം ട്വന്റി-20 മത്സരത്തില്‍ വിന്‍ഡീസിന് അഞ്ച് വിക്കറ്റ് വിജയം. ഇതോടെ വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നാല് ബോളുകള്‍ ശേഷിക്കേ വിജയതീരത്തെത്തി. ലഗേജ് എത്താന്‍ വൈകിയത് മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്.

◼️കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യക്കു രണ്ടു വെങ്കലംകൂടി. 60 കിലോ വിഭാഗത്തില്‍ വിജയ്കുമാര്‍ യാദവ് സൈപ്രസിന്റെ പെട്രോസ് ക്രിസ്റ്റോഡിലോ ഡൂഡ്സിനെ വീഴ്ത്തിയാണ് വെങ്കലം നേടിയത്. വനിതകളുടെ 48 കിലോ ഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി ലിക്മാബാം ഇന്ത്യക്കായി വെള്ളി നേടി. സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

◼️കുറഞ്ഞ കാലത്തിനിടെ ഷോര്‍ട്ട് വിഡിയോ വിപണിയില്‍ ജനപ്രീതി നേടിയെടുത്ത ടിക്ടോക് മ്യൂസിക് രംഗത്തേക്കും വരുന്നു. ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് പുതിയ മ്യൂസിക് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസില്‍ നല്‍കിയ ട്രേഡ്മാര്‍ക്ക് അപേക്ഷ കേന്ദ്രീകരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്. സ്‌പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് ഭീമന്മാര്‍ക്കെതിരെയാകും ടിക്ടോക് മ്യൂസിക് മത്സരിക്കുക. ബൈറ്റ്ഡാന്‍സ് ഇതിനകം തന്നെ റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിങ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ടിക്ടോക് നിരോധിച്ചെങ്കിലും റെസ്സോ ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.

◼️ഇനി മുതല്‍ ജിഫുകളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവെയ്ക്കാം. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നിലവില്‍ 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ടൈപ്പ് ചെയ്യാനാകുക. പക്ഷേ ഒരു ട്വീറ്റില്‍ ഒരു വിഭാഗത്തില്‍പ്പെട്ട ഫയലുകള്‍ മാത്രമേ പങ്കുവെയ്ക്കാന്‍ കഴിയൂമായിരുന്നുള്ളൂ. ചുരുക്കി പറഞ്ഞാല്‍ ട്വീറ്റില്‍ പങ്കുവെയ്ക്കുന്നത് ചിത്രങ്ങളാണ് എങ്കില്‍ ചിത്രങ്ങള്‍ മാത്രമേ പങ്കുവെയ്ക്കാന്‍ സാധിക്കൂ. ഇതിനാണ് ട്വിറ്റര്‍ മാറ്റം കൊണ്ടുവരുന്നത്. ഈ സൗകര്യം ലഭിച്ച് തുടങ്ങിയാലും ഒരേ സമയം നാല് മള്‍ട്ടിമീഡിയ ഫയലുകള്‍ മാത്രമേ ഇത്തരത്തില്‍ പങ്കുവെക്കാന്‍ കഴിയൂ. ദൃശ്യാത്മക ആശയവിനിമയങ്ങളില്‍ ഏര്‍പ്പെടാനാണ് ട്വിറ്ററില്‍ കൂടുതല്‍ പേരും സജീവമാകുന്നത്. കൂടാതെ വ്യത്യസ്ത മീഡിയ ഫോര്‍മാറ്റുകള്‍ ആളുകളെ തമ്മില്‍ എങ്ങനെ ചേര്‍ത്തു നിര്‍ത്തുമെന്ന് അറിയാനും പുതിയ അപ്ഡേഷന്‍ സഹായിക്കും.

◼️പാപ്പന്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി തുടരുമ്പോള്‍ സുരേഷ് ഗോപി നായകനാവുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മേ ഹൂം മൂസ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ജിബു ജേക്കബ് ആണ് സംവിധാനം. സോള്‍ട്ട് ആന്‍ഡ് പെപ്പപ് ലുക്കില്‍ കൊമ്പന്‍ മീശ വച്ചാണ് മൂസയെന്ന കഥാപാത്രം പോസ്റ്ററില്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

◼️പൃഥ്വിരാജ് ചിത്രം കടുവ ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അമ്പത് കോടി ഗ്രോസ് പിന്നിട്ടു. ഇതിനു തൊട്ടു മുന്‍പ് റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ് ചിത്രവും അമ്പത് കോടി ക്ലബില്‍ ഇടം നേടിയിരുന്നു. തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ അമ്പത് കോടി ക്ലബിലെത്തിച്ച പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം മലയാള നടനുമായി മാറി. 2016 ഇല്‍ ഒപ്പം, പുലി മുരുകന്‍ എന്നീ ചിത്രങ്ങള്‍ അമ്പതു കോടി ക്ലബിലെത്തിച്ച മോഹന്‍ലാല്‍ ആണ് ഈ നേട്ടം സ്വന്തമായുണ്ടായിരുന്ന മലയാള നടന്‍. 2018, 2019 ഇല്‍ ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ അമ്പത് കോടി ക്ലബിലെത്തിച്ച മോഹന്‍ലാല്‍ ഈ നേട്ടം രണ്ടാം തവണയും ആവര്‍ത്തിച്ചിരുന്നു.

◼️ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ യമഹ വൈഇസെഡ്എപ് ആര്‍3, ഈ വര്‍ഷം അതിന്റെ പുതിയ തലമുറയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത തലമുറ മോഡല്‍ 2022 ദീപാവലി സീസണില്‍ നിരത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ 2022 യമഹ ആര്‍3 യുടെ എഞ്ചിന്‍ നിലവിലെ അതേ 321 സിസി, ലിക്വിഡ്-കൂള്‍ഡ് ഡോക് മോട്ടോര്‍ ആയിരിക്കാനാണ് സാധ്യത. ആറ് സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ ക്ലച്ചുമുള്ള യൂണിറ്റ്, 40.4ബിഎച്പി കരുത്തും 29.4എന്‍എം ടോര്‍ക്കും നല്‍കുന്നു. സസ്പെന്‍ഷനും ബ്രേക്കിംഗ് സജ്ജീകരണവും നിലവിലെ തന്നെ ആയിരിക്കും.

◼️മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പത്രാധിപര്‍ എന്ന നിലയില്‍ മാതൃഭൂമിയിലുണ്ടായിരുന്ന നീണ്ട കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളത്തിലെ പ്രശസ്തരായ നിരവധി എഴുത്തുകാരെ കണ്ടെത്തുകയും അവരുടെ വളര്‍ച്ചക്ക് ഒപ്പം നില്‍ക്കുകയും മലയാള സാഹിത്യമേഖലയെ പുതുവഴിയിലൂടെ നടത്തുകയും ചെയ്ത ഒരു പത്രാധിപരെ ഈ പുസ്തകത്തില്‍ അടുത്തറിയാം. ഒപ്പം 90 വര്ഷം പിന്നിടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചരിത്രത്തിലേക്കും മലയാള സാഹിത്യം കടന്നുവന്ന പലകാലങ്ങളിലേക്കുമുള്ള വിസ്മയസഞ്ചാരവും. ‘എം ടി മാതൃഭൂമിക്കാലം’. എം ജയരാജ്. മാതൃഭൂമി ബുക്സ്. വില 332 രൂപ.

◼️ദാഹം തോന്നിയാല്‍ എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കെല്ലാം കാരണമാകാമെന്നതാണ് ഒരു കാര്യം. ആയുര്‍വേദ വിധി പ്രകാരമാണെങ്കില്‍ തണുത്ത വെള്ളം കുടിക്കുന്നത് നല്ലരീതിയില്‍ കഫമുണ്ടാക്കുമെന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദേശിക്കുക. സാധാരണനിലയില്‍ നമ്മുടെ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസാണെന്ന് എല്ലാവര്‍ക്കും അറിയാം. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ശരീരം പെട്ടെന്ന് താപനില പുനക്രമീകരിക്കുന്നതിലേക്ക് കടക്കും. ഇതിനായി അധിക ഊര്‍ജ്ജവും വിനിയോഗിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജവും താപനില ക്രമീകരിക്കുന്നതിനായി പോകുന്നതിനാല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന അളവ് കുറയുന്നു. ഇക്കാരണം കൊണ്ട് തന്നെ ഭക്ഷണത്തിന് തൊട്ട് മുമ്പോ ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. എപ്പോഴും തണുത്ത വെള്ളം കുടിക്കുന്നത് മൈഗ്രേയ്ന്‍ അധികരിക്കാനും കാരണമാകാം. മൈഗ്രേയ്ന്‍ ഇല്ലാത്തവരില്‍ കൂടി ഒരുപക്ഷേ ഈ സാധ്യത വര്‍ധിപ്പിക്കാനും തണുത്ത വെള്ളം കുടിക്കുന്ന പതിവ് കാരണമാകാം. ഐസ് വാട്ടര്‍ അധികം കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പതിവാക്കുമെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. തലച്ചോറിലേക്ക് കുറവ് അളവില്‍ മാത്രമേ ഓക്സിജന്‍ എത്തിക്കൂ എന്നതിനാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കുകയും ചെയ്തേക്കാം. ചിലരില്‍ ഇത് പതിവായ തളര്‍ച്ചയ്ക്കും കാരണമാകും. എന്നാല്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഐസ് വാട്ടര്‍ കുടിക്കുന്നതാണ് ഉചിതം. ശരീരം അമിതമായി ചൂടാകുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. കുടിക്കാന്‍ ഏറ്റവും നല്ലത് അന്തരീക്ഷ താപനിലയിലുള്ള വെള്ളമോ, ഇളം ചൂടുവെള്ളമോ ആണ്. ഇത് എല്ലാംകൊണ്ടും ശരീരത്തിന് നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

പലര്‍ക്കും അയാളൊരു അത്ഭുതമായിരുന്നു. അയാള്‍ എപ്പോഴും സന്തോഷവാനും ഉത്സാഹഭരിതനുമായാണ് കാണപ്പെട്ടിരുന്നത്. അയാളുടെ ഈ അവസ്ഥ പലരിലും അസൂയക്ക് വരെ ഇടം നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ ഒരാള്‍ അയാളോട് ചോദിച്ചു: എങ്ങനെയാണ് താങ്കള്‍ക്ക് ഇങ്ങനെ എപ്പോഴും ഒരു പരാതിയോ പരിഭവങ്ങളോ ഇല്ലാതെ സന്തോഷവാനായി ജീവിക്കാന്‍ സാധിക്കുന്നത്? അയാള്‍ പറഞ്ഞു: ലോകത്തിലേക്കുളള എന്റെ നോട്ടം ശരിയായ ദിശയിലായിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഞാന്‍ മരിക്കുമ്പോള്‍ എനിക്ക് ആകെ ആവശ്യം ആറടി മണ്ണ് മാത്രമാണ്. ഞാന്‍ മറ്റുള്ളവര്‍ക്ക് എത്ര പ്രിയപ്പെട്ടവനായിരുന്നാലും എനിക്ക് വേണ്ടി ഇത് മാത്രമേ അവര്‍ക്ക് തരാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ സഹജീവികളില്‍ നിന്നും ഞാന്‍ സ്‌നേഹവും ദയയും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. അതുപോലെ തന്നെ അവര്‍ക്ക് ഇതു തന്നെ ഞാന്‍ തിരിച്ചു നല്‍കാനും ശ്രമിക്കുന്നു. എല്ലാവര്‍ക്കും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. മാത്രമല്ല, തിരിച്ചു ഇവരില്‍ നിന്നും അതൊന്നും പ്രതീക്ഷിക്കുന്നതുമില്ല. എന്റെ മനസ്സിന്റെ സന്തോഷത്തിനും സംതൃപ്തിക്കും മാത്രമാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. എന്റെ ഈ പ്രവര്‍ത്തികള്‍ അവയെനിക്ക് നല്‍കുന്നുമുണ്ട്. അയാള്‍ പറഞ്ഞ് അവസാനിപ്പിച്ചു. ജീവതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സര്‍ഗ്ഗാത്മകവും ആരോഗ്യകരവുമായ ഒരു കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ നമുക്ക് സാധിച്ചാല്‍ നന്മയുടെ പകുതി ദൂരം നാം സഞ്ചരിച്ചിരിക്കുന്നു എന്ന് പറയാം. വീക്ഷണം വിശാലമാകട്ടെ , ദര്‍ശനം ഭദ്രമാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *