ഇതുവരെ കേട്ടറിഞ്ഞതിലും അപ്പുറത്താണ് ഖുറേഷി അബ്രാമിന്റെ ലോകമെന്ന് സൂചന നല്കി മോഹന്‍ലാല്‍. എംപുരാനിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിരീസില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേറി അബ്രഹാം എന്ന കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് സുപ്രധാന സൂചനകള്‍ നല്‍കുന്നത്. ലൂസിഫറിന് ശേഷം ‘എംപുരാന്’ മാര്‍ച്ച് 27 ന് വെള്ളിത്തിരയിലേക്ക് എത്താനിരിക്കെ സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്ന് കൂടിയാണ് മോഹന്‍ലാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഖുറേഷി അബ്രാമിന്റെ ലോകത്തെ കുറിച്ചാണ് എംപുരാന് പറയുന്നത്. ഖുറേഷി അബ്രഹാം തനിക്ക് മുന്നിലെത്തുന്ന പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും എന്നാണ് എംപുരാന്റെ ഇതിവൃത്തം. സ്റ്റീഫന്‍ നെടുമ്പുള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ മുഴുവന്‍ കഥ മൂന്നാം ഭാഗത്തില്‍ ഉണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ അല്ലിരാജയും ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.