ഭാരത് ജോഡോ യാത്ര നടത്തുന്ന ”പ്രിയ സഹോദരൻ രാഹുൽ ഗാന്ധി “യുടെ പ്രസംഗങ്ങൾ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് സ്റ്റാലിൻ .
നെഹ്‌റുവിനെ കുറിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് എ.ഗോപണ്ണ എഴുതിയ ‘മാമനിതാർ നെഹ്‌റു’ എന്ന പുസ്തകം ചെന്നൈയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയുടേത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണു രാഹുൽ സംസാരിക്കുന്നത്. അതുകൊണ്ടാണു ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്‌റുവിനെപ്പോലെയാണ്. നെഹ്റുവിന്റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാൽ നെഹ്റുവിനെയും സ്റ്റാലിൻ അനുസ്മരിച്ചു.
മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽനിന്ന് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികളുടെ വർത്തമാനങ്ങളിൽ ഗോഡ്‌സെയുടെ പിൻഗാമികൾക്കു കയ്പ് തോന്നുന്നത് സ്വാഭാവികമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.