വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുന്നത് മുതല്‍ പാനീയങ്ങള്‍ക്ക് ഉന്മേഷദായകമായ രുചിയും സുഗന്ധവും നല്‍കുന്നത് വരെ പുതിനയിലയുടെ ഗുണങ്ങള്‍ നീളുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കാനും ഇതിന് കഴിവുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും അമിതമായ അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. ചര്‍മ്മത്തില്‍ പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും. ‘ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം’ ഉള്ളവര്‍ കുടല്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദിവസവും മൂന്നോ നാലോ മിന്റ് ചായ കുടിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ പേശികള്‍ക്ക് അയവ് നല്‍കാനും പേശീവലിവ് കുറയ്ക്കാനും സഹായിക്കുന്നു. നല്ല ഉറക്കം കിട്ടാനും ദിവസവും ഒരു കപ്പ് കുടിക്കാവുന്നതാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പെപ്പര്‍മിന്റ് ടീ ഒരു മികച്ച മാര്‍ഗമാണ്. ഒരു കപ്പ് പെപ്പര്‍മിന്റ് ടീ കുടിക്കുന്നത് ദീര്‍ഘനേരത്തേക്ക് വയറു നിറഞ്ഞതായി തോന്നിപ്പിക്കാന്‍ സഹായിക്കും. പെപ്പര്‍മിന്റ് വയറിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കിയേക്കാം. മലബന്ധം, യാത്രയ്ക്കിടയിലുള്ള അസ്വസ്ഥത, ഐ.ബി.എസ് തുടങ്ങിയ വയറുസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്ന മെന്തോള്‍ പെപ്പര്‍മിന്റില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ‘അഡാപ്‌റ്റോജെനിക്’ ഗുണങ്ങള്‍ രോഗകാരികളായ അണുക്കളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിവിധതരം ആന്റിഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
