പുനരധിവാസം തീരുമാനിക്കുന്നത് മുൻപ് ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് . ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് ടൗൺ, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഞായറാഴ്ച രാവിലെ സന്ദർശനം നടത്തി. ഇപ്പോൾതന്നെ എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ പക്കൽ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.