ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒന്നും മറക്കാനില്ലെന്നും എല്ലാ സത്യവും പുറത്തുവരട്ടെയെന്നും പ്രശാന്ത് പറഞ്ഞു. ഒരാളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡില്ല. ന‌ടപ‌ടികൾ അടുത്ത യോ​ഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. പെൻഷൻ ഉൾപ്പെടെ തടയുന്നത് ആലോചിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

 

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. മോഷണം പോയ സ്വർണ്ണത്തിൻ്റെ യഥാർത്ഥ അളവിൽ ദേവസ്വം വിജിലൻസ് സംശയം രേഖപ്പെടുത്തി. വിജിലൻസിൻ്റെ റിപ്പോർട്ടും മൊഴികളും അനുസരിച്ച്, സ്വർണം ഉരുക്കി കിട്ടിയത് 989 ഗ്രാം ആണെന്ന കണക്ക് നൽകിയത് സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ്. എന്നാൽ, ഇതിലും കൂടുതൽ സ്വർണ്ണം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് വിജിലൻസിൻ്റെ നീക്കം. ഈ പശ്ചാത്തലത്തിൽ, സ്വർണ്ണപ്പാളിയുടെ ശാസ്ത്രീയ പരിശോധന ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ കേസെടുക്കും. ദേവസ്വം കമ്മീഷണർ സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുക്കുക. കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തും. ഉണ്ണികൃഷ്ണൻപോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികളാകും.

 

വടകര എംപി ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. ഷാഫിക്ക് മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. മുൻ ദേശീയ കോഡിനേറ്റർ വിനീത് തോമസാണ് പരാതി നൽകിയത്.

 

ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ കെസി വേണു​ഗോപാലും രമേശ് ചെന്നിത്തലയും. സംഘർഷത്തിൽ ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എങ്ങനെയെന്ന് ചെന്നിത്തല ചോദിച്ചു. പൊലീസുകാർക്കെതിരെ നടപടി വേണം. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയില്ലേ. ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

 

പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും സി.പി.എം. ഗൂഢാലോചന നടത്തിയതാണെന്നും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംപിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സിപിഎമ്മിനെ ഭയപ്പെടുത്തുന്നു എന്നതിൻ്റെ തെളിവാണ് ഈ ആക്രമണമെന്നും കൂടാതെ, സംസ്ഥാനത്തെ പ്രബലമായ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

 

പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്പിക്കെതിരെയാണ് രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു.

 

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്.

 

ആഘോഷമായി ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ. ഓഫീസുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിർദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. രണ്ടുതവണയാണ് എംവിഡിയുടെ പുതിയ വാഹനങ്ങൾ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതിനായുള്ള പരിപാടി നടന്നത്.

 

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊച്ചി വാട്ടർ മെട്രോ ലോക ശ്രദ്ധ ആകർഷിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാഷ്ട്രങ്ങൾ വാട്ടർ മെട്രോ നടപ്പിലാക്കാൻ കേരളത്തെ സമീപിച്ചു. പ്രാദേശിക വികസനത്തിൽ കൊച്ചി വാട്ടർ മെട്രോ വലിയ സംഭാവന നൽകുന്നു. നമ്മുടെ നാട്ടിൽ ഒരു കാലത്തും നടക്കില്ല,ഇങ്ങനെയായിപ്പോയി ഈ നാട് എന്ന് പൊതുജനങ്ങൾ കരുതിയ പല വികസന പദ്ധതികളും നടപ്പിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് നൽകിയ വിവരം രഹസ്യമാക്കി വെച്ചതിൽ ദുരൂഹതയുണ്ടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ഇ.ഡി.യും സി.പി.എമ്മും ഈ വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ഇ ഡി സമൻസ് അയച്ചത്. എന്തിലാണ് സമൻസ് നൽകിയതെന്നതിൽ വ്യക്തതയില്ല. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചിരിക്കുന്നത്. അതേസമയം, വിഷയത്തിൽ ഇ ഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം.

 

പത്തനംതിട്ടയിൽ 61കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. ഇത് തീർക്കാനായി ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തുവെന്നും പൊലീസ് കണ്ടെത്തി.

 

പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.

 

കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേ​ഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

 

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.

 

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60)ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

 

കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഉരുക്കിയതും ചുരുണ്ടിയതും തേടിയുള്ള അന്വേഷണമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനസര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നുംചെയ്യുന്നില്ലെന്ന് മാത്രമല്ല, അടിച്ചുമാറ്റല്‍ ഒരുവശത്തുകൂടി യഥേഷ്ടം നടക്കുന്നുണ്ടെന്നും പാലക്കാട് നഗരസഭയിലെ ആറ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.

 

തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

 

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും ഓൺലൈനിൽ പ്രചരിപ്പിച്ചതിനും 55കാരനെ യുഎപിഎ ചുമത്തി കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഡബ താലൂക്കിലെ രാമകുഞ്ച സ്വദേശിയായ സയ്യിദ് ഇബ്രാഹിം തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനം ഉണ്ടായിരുന്നിട്ടും, പ്രതി സംഘടനയെ പ്രോത്സാഹിപ്പിക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തുവെന്നും തുടർന്ന് മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

 

രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

 

മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. തൃത്താലൂർ സ്വദേശി എസ് വിനോദ് കുമാർ (35) ആണ് മക്കളെ കൊലപ്പെടുത്തിയത്.

 

മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻ്റിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻ്റ്‌ഡിൽഡിൽ വിള്ളൽ കണ്ടെത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ യാത്രക്കാർ സുരക്ഷിതരാണ്. ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള വിമാനത്തിൻ്റെ സർവീസ് ഈ തകരാറിനെ തുടർന്ന് റദ്ദാക്കി.

 

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സൽമാൻ ഇദ്രീസ് ഖാൻ (30), പ്രമോദ് ഛബ്ബൻ കാംബ്ലെ (28), ദർശിത് മോഹൻ റാവുത്ത് (32) എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്ന് 613-1456- വിമാനത്തിൽ എത്തിയ അബ്ദുൾ ബാഖി എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.

 

ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം തനിക്ക് ഭയമില്ലെന്നാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം. അതേ സമയം, ആർജെഡി എംഎൽഎമാർ ബിജെപിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

 

ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടി എല്ലാ എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ഇന്നത്തെ വിയന്ന-ദില്ലി വിമാനം ഓട്ടോപൈലറ്റ്, സിസ്റ്റം തകരാറുകളെ തുടർന്ന് ദുബായിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് പ്രത്യേക ഡിജിസിഎ ഓഡിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.

 

താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിന് വിളിക്കാത്തതിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് വനിതാ മാധ്യമപ്രവർത്തകർ. അഫ്ഗാൻ മന്ത്രിയുടെ ദില്ലിയിലെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

 

പാക് പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 7 പോലീസുകാരും 6 തീവ്രവാദികളും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ന് ആറ് പൊലീസുകാർ കൂടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.

 

അമേരിക്കൻ സൈന്യത്തിൻ്റെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന പ്ലാൻ്റിലുണ്ടായ സ്ഫോടനത്തിൽ 18 പേരെ കാണാതായി. ടെന്നസിയിലെ ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈന്യത്തിൻ്റെ ആയുധപ്പുരയിലാണ് സ്ഫോടനമുണ്ടായത്. യുഎസ് സൈന്യത്തിനായുള്ള സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന എട്ട് കെട്ടിടങ്ങളുള്ള അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസിലാണ് സ്ഫോടനം. 15 മൈലുകൾ വരെ ദൂരത്തിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടതായി സ്ഫോടനത്തെ തുടർന്ന് അവശിഷ്ടങ്ങൾ വളരെ ദൂരേക്ക് തെറിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോ​ഗ്യ നില അസാധാരണമെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ ഹൃദയാരോ​ഗ്യം അസാധാരണമാണെന്ന് കണ്ടെത്തിയതായി യുഎസ് പ്രസിഡന്റിന്റെ ഡോക്ടർ അറിയിച്ചു. ട്രംപിന്റെ കാർഡിയാക് പ്രായം യഥാർഥ പ്രായത്തേക്കാൾ 14 വയസ്സ് കുറവാണെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വൈറ്റ് ഹൗസ് അറിയിച്ചു.

 

ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവാർഡ് ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ട്. തന്നോടുള്ള ബഹുമാനാർത്ഥം താനിത് അർഹിക്കുന്നത് കൊണ്ടാണ് സമാധാന നോബേൽ സ്വീകരിക്കുന്നതെന്ന് മരിയ കൊറിന മചാഡോ തന്നെ വിളിച്ച് പറഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

 

ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അഫ്​ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ബ്രിട്ടീഷുകാരോടോ അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി അത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ വിശദീകരിക്കും. ഞങ്ങൾക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ കാര്യം ട്രംപ് വ്യക്തമാക്കിയത്. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ.

 

അമേരിക്കയില്‍ ധനപ്രതിസന്ധിയെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ പത്താംദിവസത്തിലെത്തിയതിന് പിന്നാലെ ഫെഡറല്‍ ജീവനക്കാരെ ഔദ്യോഗികമായി പിരിച്ചുവിടാന്‍ ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ആര്‍ഐഎഫ് (റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ്) ആരംഭിച്ചതായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസല്‍ വോട്ട്, സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.

 

പാക് പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 7 പോലീസുകാരും 6 തീവ്രവാദികളും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ന് ആറ് പൊലീസുകാർ കൂടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *