ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4 Bns 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നു .മനുഷ്യ കടത്തും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് ഇന്ന് കോടതിയിൽ സഭാ നേതൃത്വം അപേക്ഷ നൽകും. ദുർഗിലെ കോടതിയിൽ ആണ് അപേക്ഷ നൽകുക. വെള്ളിയാഴ്ചയാണ് നിർബന്ധിത മത പരിവർത്തനം ആരോപിച്ചു ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബെന്നി ബഹന്നാനും നോട്ടീസ് നൽകി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ് രംഗത്ത്.ആർ എസ് എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ് ആ ശത്രുക്കളെ ഇപ്പോഴും വേട്ടയാടുകയാണ് അതിപ്പോളും മനസിലാകാത്ത വരുണ്ടെങ്കിൽ ഈ സംഭവം അവരുടെ കണ്ണ് തുറപ്പിക്കും ഉറങ്ങുന്നവരെയെ ഉണർത്താൻ കഴിയു ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല ഇതെല്ലാം കണ്ടിട്ടും സംഘപരിവരത്തെ രക്ഷകരായി കാണുന്നവരുണ്ടെകിൽ അവർ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിൻ്റെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പുറത്ത് വന്നത്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിൽ ആണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത് എന്നും ആരോപണമുയരുന്നുണ്ട്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദം കാരണം എന്നും ആരോപണമുണ്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ക്രിസ്മസിന് കേക്കുമായി അരമനകളിൽ കയറി ഇറങ്ങുന്നവരുടെ മനസ്സിൽ വർഗീയതയാണ്. വാദിയെ പ്രതിയാക്കുന്ന സമീപനവും പ്രതികൾക്ക് സംരക്ഷണം നൽകുന്ന നിലപാടും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്ന് ജോണ്‍ ബ്രിട്ടാസ് എംപി.സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ല,ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും അദ്ദേഹം പറഞ്ഞു.അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു. ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നത് എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും അതിന് ശേഷം നീതി ഉറപ്പാക്കാൻ വേണ്ടത് ചെയ്തു എന്നും ഷോണ്‍ പറഞ്ഞു. നിരപരാധികളാണെങ്കിൽ നീതി ലഭിക്കാനുള്ള കാര്യങ്ങൾ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ ഔദാര്യം വേണമെന്നും ദീപിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് രംഗത്ത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വേദനയുള്ള സംഭവമാണ്. ബജ്റങ്ദൾ പ്രവർത്തകർ ആണ് അവരെ ആക്രമിച്ചത്. മത സ്വാതന്ത്ര്യം ഉള്ള രാജ്യത്ത് ആണ് ഇങ്ങനെ ഉള്ള പ്രവൃത്തി നടന്നത്. ഇത് ഭരണഘടനക്ക് എതിരായ പ്രവർത്തനം ആണ്. ഏറ്റവും കൂടുതൽ രാഷ്ട്ര നിർമിതിക്ക് സംഭാവന നൽകിയ മതമാണ് ക്രൈസ്തവരുടേത്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് രാഹുൽ ഗാന്ധി.ന്യൂനപക്ഷ പീഡനമാണിത്. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്.മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനമാണ വിഷയത്തില്‍ ഉയര്‍ന്നു വരുന്നത്. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ് നിലവില്‍.
ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു. രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എഎ റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകി.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിറോ മലബാർ സഭാ പിആർഒ ഫാദർ ടോം ഓലിക്കരോട്ട്. ഭാരതത്തിന്‍റെ മതേതര ഭരണഘടനയാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷനറിമാർ നടത്തുന്നത് നിസ്വാർത്ഥ സേവനമാണ്. മതം മാറ്റം എന്നത് ദുരാരോപണമാണ്. ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂർവമായ സേവനത്തെ തടയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു.കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവം പ്രതിഷേധാർഹമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണിത്. ബജ്രംഗ് ദളിന്റെ പ്രവർത്തകരെ വിളിച്ചുകൂട്ടി ട്രെയിൻ ടിക്കറ്റ് എക്‌സാമിനറാണ് ഇവരെ ആൾക്കൂട്ട വിചാരണയ്ക്ക് ഇട്ടുകൊടുത്തതെന്ന വിവരം ഞെട്ടിക്കുന്നതാണെന്നും മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആര്‍എസ്എസ് പരുപാടിയില്‍ പങ്കെടുത്ത കുഫോസ് വിസി ബിജു മാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി. ആര്‍എസ്എസിന്‍റ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല,ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ കാര്യം തീരുമാനിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.
ആർഎസ്എസ് സംഘടിപ്പിച്ച ജ്ഞാനസഭ പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വിസിമാർക്ക് മന്ത്രി ബിന്ദുവിന്റെ വിമർശനം. ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താക്കി. ജ്ഞാനോല്പാദനത്തിനും വിജ്ഞാന വളർച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിൻ്റെ തൊഴുത്താസർവ്വമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെക്കി മാറ്റിയെന്നത് ആർഎസ്എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർഎസ്എസ് പരിപാടിയിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാർ പങ്കെടുത്തതിൽ സർക്കാർ കടുത്ത പ്രതിരോധത്തിൽ. കുഫോസ് വിസിയുടെ പങ്കാളിത്തം ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സർക്കാർ നോമിനിയാണ് കുഫോസ് വിസി. സിപിഎം നിർദേശപ്രകാരമാണ് വിസി രാത്രി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി.
തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായി എൻ. ശക്തൻ ഇന്ന് ചുമതലയേൽക്കും. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചതോടെയാണ് ശക്തനെ അധ്യക്ഷനാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കലുൾപ്പെടെ നടക്കുന്നതിനാലാണ്, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മുതിർന്ന നേതാവായ ശക്തനെ കെപിസിസി ചുമതല ഏൽപ്പിച്ചത്.
കനത്ത മഴയിൽ ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ൽ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടു. ടാറിങ് പൂർത്തിയാക്കിയ ഭാഗത്താണ് ഏകദേശം 50 മീറ്ററിലധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ദേശീയപാത അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തൃപ്പുണിത്തുറ എരൂർ കാർത്യായനി ഗവ. യുപി സ്കൂളിൻ്റെ മതില്‍ ഇടിഞ്ഞ് വീണു. പഴക്കം ചെന്ന കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് ഇടിഞ്ഞ് വീണത്. നേരത്തെ അടുക്കളയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൻ്റെ പിൻവശത്തെ മതിൽ ആണ് ഇടിഞ്ഞ് വീണത്. കെട്ടിടത്തിന് 100 വർഷം പഴക്കമുണ്ട്. അപകടത്തില്‍ ആർക്കും പരിക്കില്ല.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ഇതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം. കേസിലെ പരാതിക്കാരൻ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ഹരിപ്പാട് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയില്‍. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് തമിഴ്നാട് സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വെല്ലുവിളികൾ നിറഞ്ഞ വഴിയിലൂടെയാണ് ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തമിഴ്നാട്ടിൽ പ്രതികൾക്കായുള്ള അന്വേഷണം നടത്തുന്നത്.
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ..രാഷ്ടപതി ദ്രൗപതി മുര്‍മു നല്‍കിയ റെഫറന്‍സ് ഉത്തരം നല്‍കാതെ മടക്കണമെന്ന് കേരളം. ഈ ആവശ്യം ഉന്നയിച്ച് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ചെയ്തു.
ആക്ഷന്‍ ഹീറോ ബിജു 2′ എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക.
എസ്എഫ്ഐയെ താൻ പുകഴ്ത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിലെ ചിലർ നടത്തിയ സൈബർ ആക്രമണം കെട്ടടങ്ങിയത് ആ ആരോപണം അടിസ്ഥാനരഹിതമായതിനാലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷനും കെപിസിസി നിർവാഹകസമിതി അംഗവുമായ പ്രൊഫ. പി.ജെ. കുര്യൻ..പല മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ ഇല്ലെന്നും, കമ്മിറ്റികൾ രൂപവത്കരിക്കാൻ നേതൃത്വം നടപടി സ്വീകരിക്കണമെന്നുമാണ് പറഞ്ഞത്.
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ 16-ാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽമുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. ചിദംബരമാണ് ..മികച്ച സംവിധായകൻ(മഞ്ഞുമ്മൽ ബോയ്‌സ്). ആസിഫ് അലിയാണ് മികച്ച നടൻ. ചിന്നു ചാന്ദ്‌നി മികച്ച നടി. മികച്ച ഗായകൻ വേടൻ(മഞ്ഞുമ്മൽ ബോയ്‌സ്, കൊണ്ടൽ).
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. കടലാക്രമണത്തിനും സാധ്യതയുണ്ട്.
ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും.നിലവില്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്.ധർമസ്ഥലയിലെ റിസർവ്ഡ് വനത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക.
ഹൈദരാബാദിൽ വനിതാ ഡോക്ടർ അടങ്ങിയ കുട്ടിക്കടത്ത്-വാടക ഗർഭധാരണ മാഫിയ പിടിയിൽ. ഹൈദരാബാദിലെ ഗോപാലപുരത്തുള്ള സൃഷ്ടി ഐവിഎഫ് സെന്ററിന്റെ ഉടമസ്ഥയായ ഡോ. നമ്രത അടക്കം എട്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിറ്റിയിലെ വിവിധ ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് ഇവർ നടത്തിയത് കോടികളുടെ ഇടപാടുകളാണ്. ഹൈദരാബാദിലെ ദമ്പതികളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ എംബസി ആരംഭിച്ചതിന് അറസ്റ്റിലായ ഹർഷ് വർധൻ ജെയിൻ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. പത്തു വർഷത്തിനിടെ ഇയാൾ 162 വിദേശ യാത്രകളാണ് നടത്തിയത്. 25 ഷെൽ കമ്പനികളും 10 വിദേശ ബാങ്ക് അക്കൗണ്ടുകളും ഇയാളുടെ ഹർഷ് വർധന്‍റെ പേരിലാണ്. ഇയാളുടെ വിദേശബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും അപകടം. രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും 29 പേർക്ക് പരിക്കേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്റലിജൻസ് പരിശീലനത്തിൽ സമൂലമായ പരിഷ്കാരങ്ങളുമായി ഇസ്രായേൽ സൈന്യം. എല്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും അറബി ഭാഷയും ഇസ്ലാമിക സാംസ്കാരിക പഠനവും നിർബന്ധമാക്കിയെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് മുമ്പുള്ള ഇന്റലിജൻസ് വീഴ്ചകളെ തുടർന്നാണ് പരിഷ്കരണം.
വേതന പരിഷ്കരണം, 36 മാസത്തെ കുടിശ്ശിക വിതരണം എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടകയിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ജൂലൈ 30 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നിരാഹാര സമരം നടത്താൻ ആഹ്വാനം ചെയ്തു.
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത് വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങുമ്പോളാണ് കൊലപാതകം. പോലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്.
ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ഇന്ന് ചർച്ചക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധമന്ത്രി രാജ്നാഥ് ചർച്ചക്ക് തുടക്കമിടും. രാജ്നാഥ് സിംഗ് തന്നെ മറുപടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും.
ലോക്സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ ഇന്ന് ചർച്ചകൾക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേൽ ചർച്ച. കോൺഗ്രസിൽ നിന്നും ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ ശശി തരൂർ ഉണ്ടാകില്ല. സംസാരിക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയായിരിക്കും കോൺഗ്രസിൽ ചർച്ചക്ക് തുടക്കമിടുക. വിഷയത്തിൽ ഇന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി സംസാരിക്കും. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നാളെ കോൺഗ്രസിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും.
ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ച ചൈന സന്ദർശിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. വെള്ളിയാഴ്ച ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗം തേടിയാണ് മുനീർ ചൈനയിലെത്തിയത്.
വ്യാപാര കരാർ ഉപയോഗിച്ച് ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെട്ടത് പോലെയാണ് തായ്ലാൻഡ് കംപോഡിയ വിഷയത്തിലും ഇടപെട്ടത്.ഇരു രാജ്യങ്ങളും തമ്മിൽ ആണവയുദ്ധം ഒഴിവാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്നും, വ്യാപാരബന്ധം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇത് നേടിയെടുത്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യൻ യൂണിയനും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോൻദർ ലയണും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യൻ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്തുന്ന വ്യവസ്ഥകൾക്കാണ് ധാരണയായത്.
സമാജ്‌വാദി പാർട്ടി എംപിയും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവിനെതിരെ മതപുരോഹിതൻ മൗലാന സാജിദ് റാഷിദി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വ്യാപക പ്രതിഷേധം. ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയാണ് തല മറയ്ക്കാതെ പള്ളിയിൽ പ്രവേശിച്ച ഡിംപിളിനെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് റാഷിദി വിമർശിച്ചത്. ദില്ലിയിലെ പള്ളിയിലാണ് അഖിലേഷിനൊപ്പം ഡിംപിൾ യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
നാസയും ഐഎസ്ആർഒയും ഒത്തുചേർന്ന് നിർമ്മിച്ച ലോകത്തിലെ എറ്റവും മികച്ച ഭൗമനിരീക്ഷണ ഉപഗ്രങ്ങളിലൊന്നായ NISAR (നാസ ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ) വിക്ഷേപണത്തിന് ഒരുങ്ങുന്നു. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകുന്നേരം 5:40ന് എൻ ഐ സാർ ഉപഗ്രഹവും വഹിച്ചുകൊണ്ട് ഇസ്രൊയുടെ ജിഎസ്എൽവി-എഫ്16 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും.
ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എന്നാൽ പഹൽഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും സംഭവിക്കരുതെന്നും ഗാംഗുലി പറഞ്ഞു. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.