പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറു ഭീകരർക്കായി അനന്തനാഗ് മേഖലയിലെ സമ്പൂർണ തിരച്ചിൽ 30 മണിക്കൂർ പിന്നിട്ടു. ഇവർ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരച്ചിലാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.
ഇന്ത്യ-പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷൻ സിഗ്നലുകൾ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. നേരത്തെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
ഭീകരാക്രമണം നടന്ന പഹൽഗാം എൻഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദർശിച്ചു. ഞായറാഴ്ചയാണ് എൻഐഎ സംഘം കേസ് ഏറ്റെടുത്തത്. തെക്കൻ കശ്മീരിൽ ഇപ്പോഴും തീവ്രവാദികൾ സാന്നിദ്ധ്യമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ. ഉറി, കുപ്‍വാര, അഖ്നൂര്‍ മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തി. ഇതിനിടെ, ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. സിന്ധു നദീജലം തടസപ്പെടുത്തിയാൽ ആക്രമണമായി കണക്കാക്കുമെന്നും ആദ്യം ആക്രമണം നടത്തുന്ന നയം ഇല്ലെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരര്‍ക്ക് പാകിസ്ഥാൻ കനത്ത സുരക്ഷ ഒരുക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തി മേഖലയായ പർഗാനയിലെ പാക്ക് പോസ്റ്റിൽ പാക് പതാക പുനഃസ്ഥാപിച്ചു. രണ്ടു ദിവസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യ തിരിച്ചടിക്കും എന്ന് ഭയന്ന് പാകിസ്ഥാൻ പോസ്റ്റ് ഒഴിഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുർന്നാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായിരിക്കുന്നത്. പാക്ക് റേഞ്ചേഴ്സിനാണ് ഈ പോസ്റ്റിന്റെ ചുമതല.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവിയെ പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി. ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി അസിം മാലികിനെയാണ് എൻഎസ്എ ആയി നിയമിച്ചത്. ഏപ്രിൽ 22 ലെ പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ പാക്ക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ യുഡിഎഫിനെതിരെ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ ഇപ്പോൾ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്ന് വി ഡി സതീശൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയുടേയും യുഡിഎഫ് സർക്കാരിൻ്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
വിഴിഞ്ഞം തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലി പോസ്റ്റർ യുദ്ധം. ഇന്നത്തെ പത്രങ്ങളിൽ രണ്ട് വിഴിഞ്ഞം പരസ്യങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യവും നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളിൽ ഉണ്ട്. പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്.
ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അംഗീകരിച്ചത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ തന്നെ ക്ഷണിച്ചിട്ടില്ല, എന്നാലും പങ്കെടുക്കുമെന്നും പദ്ധതിയിൽ കേന്ദ്രത്തിന് അവകാശപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം അവകാശവാദ തർക്കം വിവാദം ആക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. കല്ല്യാണം ഒന്നും അല്ലല്ലോ നാടിന് വേണ്ടിയുള്ള പദ്ധതിയല്ലെ എന്നും പ്രതിപക്ഷ നേതാവിനെ ആദ്യം ക്ഷണിച്ചില്ല എന്നു പറഞ്ഞു, വേണ്ട വിധം ക്ഷണിച്ചില്ല എന്നു പിന്നീട് തിരുത്തി എന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം നാടിന് വേണ്ട പദ്ധതിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാർവദേശീയ തൊഴിലാളി ദിനമായ ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകൽ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും. യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും. ആശാ പ്രവർത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42ാം ദിവസത്തിലേക്കും കടന്നു.
ആശാ സമരത്തിന് പിന്തുണയുമായി കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായി. തൃശൂരിൽ ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മല്ലിക സാരാഭായിയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് ചാൻസിലർ ആയാൽ മിണ്ടാതിരിക്കണമോ എന്ന ചോദ്യമുയർത്തി ഫേസ്ബുക്കിൽ മല്ലിക സാരാഭായി പോസ്റ്റ് ഇട്ടു.
വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ ഇന്നലെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെ കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോേഗസ്ഥർ റിസോർട്ടിൽ ഒത്തുചേർന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോർട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ. എന്നാൽ വിഷയത്തിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാർട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയിൽവകുപ്പിന്റെ വിശദീകരണം.
പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരം എന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്‍റെ ബോബ് മാർലി ആരോഗ്യവനായി ഇനിയും കേരളത്തിന്‍റെ റിഗേ സംഗീത വിപ്ലവം അനസ്യൂതം തുടരണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് കൂറിലോസ്. തനിക്കു തെറ്റ് പറ്റിയെന്നും പുകവലിയും മദ്യപാനവും നല്ല ശീലമല്ലെന്നും തിരുത്തുമെന്നുമുള്ള പ്രസ്താവന വേടനോടുള്ള ഇഷ്ടം ആയിരം ഇരട്ടി കൂട്ടുന്നുവെന്നും അദ്ദേഹം കുറിച്ചു.
അഴിമതി കേസിൽ റിമാൻഡിലായ ഉദ്യോഗസ്ഥനെ തിരികെ നിയമിക്കാൻ വനംമന്ത്രിയുടെ ഇടപെടൽ. ഇരുതലമൂരിയെ കടത്തിയ പ്രതികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് അതേ സ്ഥാനത്ത് നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുധീഷ് കുമാറിനെ തിരിച്ചെടുക്കണമെന്ന് വനംവകുപ്പ് സെക്രട്ടറി വനം മേധാവിക്ക് നിർദ്ദേശം നൽകി.
സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ അനുബന്ധ രേഖകള്‍ ഉടൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ സൗകര്യമില്ലെന്ന് വിചാരണ കോടതി അറിയിച്ചു. ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും അക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.
ഇന്ന് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുൻപും ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.
മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെ നിയമനങ്ങൾ പി.എസ്സിക്ക് വിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എംഎസ്പി കമാന്റിനാണ് എയ്ഡഡ് സ്ഥാപനമായ എംഎസ്പി സ്‌കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ് സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനുശേഷവും സ്‌കൂളില്‍ പി എസ് സി വഴിയല്ലാതെ നടന്ന നിയമനങ്ങളിൽ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകി മലയാളി അഭിഭാഷകൻ. സുപ്രീം കോടതിയിലാണ് മലയാളി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഹർജി നൽകിയത്. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം.
പോക്സോ കേസിൽ വിവാഹം പരിഹാരമല്ല എന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. 17കാരിയെ പീഡിപ്പിച്ചെന്ന കേസിൽ , യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണം. 18 വയസ് പൂർത്തിയാകാത്തവരുമായുള്ള ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നും പ്രണയത്തിന്‍റെ പേരിൽ ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമ വിരുദ്ധമായി സുഡാൻ സായുധ സേനയ്ക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറാനുള്ള ശ്രമം പരാജയപ്പെടുത്തി യുഎഇ സുരക്ഷാ ഏജൻസികൾ. ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ആവശ്യമായ ലൈസൻസ് ഇല്ലാതെയാണ് ഇടനിലക്കാരായി പ്രവർത്തിച്ച് പ്രതികൾ ആയുധം കടത്താൻ ശ്രമിച്ചത്. രാജ്യത്തെ വിമാനത്താവളത്തിലെ ഒരു സ്വകാര്യ ജെറ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
ചരിത്രപരമായ കരാർ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണ. ലാഭത്തിന്‍റെ 50 ശതമാനം അമേരിക്കയുമായി പങ്കുവയ്ക്കും. ഏറെ നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാർ ഒപ്പിട്ടത്.