പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്‌. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ്‌ സത്യപ്രതിജ്ഞ നടന്നത്.രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു വയനാട്ടിൽ പ്രിയങ്കയുടെ കന്നിവിജയം.

സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കായി 1,059 കോടി രൂപ അനുവദിച്ച് കേന്ദ്രം . വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയാണ് . കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് അനുവദിച്ചതെന്ന് കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.

 

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

 

കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28, 29, 30 തിയതികളിൽ സംസ്ഥാ ന വ്യാപകമായി പണിമുടക്കും. ബാങ്കിൻ്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ്ഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും.

 

ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം.

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി. ഡിസംബർ 14ന് ആണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് ദീർഘിപ്പിച്ച് നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി.

 

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഹർജി തീർപ്പാക്കിയത്.

 

ക്ഷേമ പെന്‍ഷനില്‍ കൈയിട്ടുവാരിയവരെ കണ്ടെത്താന്‍ സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.

 

നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ബെന്നി ബഹനാൻ എംപി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരിയിൽ അത്യാധുനിക സൗകര്യത്തോടു കൂടിയ റെയിൽവേ സ്റ്റേഷൻ അനിവാര്യമാണെന്നും അത് നടപ്പിലാക്കാനുള്ള നടപടികൾ മന്ത്രാലയം കൈക്കൊള്ളണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.

 

ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാന്‍ ആവശ്യമായ ചട്ടഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വിഎസ്.സുനില്‍ കുമാര്‍. കോടതി വിധി നടപ്പിലാക്കിയാല്‍ പൂരങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും ഈ പ്രതിസന്ധി ചെറുതാക്കി കാണരുതെന്നും അദ്ദേഹം പറയുന്നു.

 

ഹൈകോടതിയുടെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗ്ഗ നിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ രാജന്‍ .കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോടു യോജിക്കാനാവില്ല.പൂരത്തിന്‍റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദ്ദേശം .ചട്ട ഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്.പൂരം അതിന്‍റെ എല്ലാ സൗകര്യങ്ങളോടും നടത്തണമെന്നതാണ് സർക്കാരിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

 

പാമ്പുകടിയേറ്റുള്ള മരണംകുറയ്ക്കാൻ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രതിവിഷം ലഭ്യമാക്കും.അഞ്ചുവർഷത്തിനകം പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ‘ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യു, മൃഗസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

 

സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്.

 

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴയിലെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ ഡിഎംഒയ്ക്ക് കൈമാറും.

 

ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്‍റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ സുറുമിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഷേര്‍ളി. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും 32-ാമത്തെ ആഴ്ചവരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഡോ. ഷേര്‍ളി പറഞ്ഞു..

എറണാകുളം കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഗിരീഷ് ബാബുവിനെ തെങ്ങോടുള്ള പാറമടയിലെത്തിച്ചാണ് പൊലീസ് തെളിവ് ശേഖരിച്ചത്. പ്രതി മൊബൈൽ ഫോൺ എറിഞ്ഞത് ഈ പാറമടയിലാന്നെന്ന് പൊലീസ് പറഞ്ഞു. പാറമടയിൽ മുങ്ങി തപ്പിയ സ്കൂബ ഡൈവർമാർ രണ്ട് ഫോണുകള്‍ കണ്ടെടുത്തു.

 

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സ്വർണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി. വാടകയ്‍ക്കെടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. സുഹൃത്തിന്റെ വിശദമായ മൊഴി പോലിസ് രേഖപ്പെടുത്തി.

മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രത്യേക കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ദേശീയപാത 66 -ന്റെ ബാക്കി പ്രവൃത്തികള്‍കൂടി പൂര്‍ത്തിയാക്കി 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

 

 

ജാർഖണ്ഡിൽ കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 25 വയസുകാരനായ നരേഷ് ഭെൻഗ്രയാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയുകയായിരുന്നു ഇയാള്‍. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെ ആണ് കൊലപ്പെടുത്തിയത്.

 

ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കമ്പിളി പുതപ്പുകൾ ഓരോ യാത്രയ്ക്ക് ശേഷവും കഴുകാറുണ്ടോ എന്ന സംശയം യാത്രക്കാർ ഉന്നയിക്കാറുണ്ട്. ആ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകിയിരിക്കുകയാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. മാസത്തിൽ ഒരിക്കലെങ്കിലും കഴുകാറുണ്ട് എന്നാണ് മന്ത്രി പറഞ്ഞത്. കോൺഗ്രസ് എം പി കുൽദീപ് ഇൻഡോറയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

 

അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദർഗയിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹർജിയിൽ അജ്മീര്‍ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹർജി സമർപ്പിച്ചത്.

 

ഉത്തേജകക്കേസില്‍ നാലുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ രൂക്ഷമായി പ്രതികരിച്ച് ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയ. വിലക്ക് നേരിട്ടതില്‍ അദ്ഭുതമില്ലെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നാല്‍ വിലക്ക് പിന്‍വലിക്കുമെന്നും പുനിയ പ്രതികരിച്ചു.

 

പുതിയ പാമ്പന്‍പാലത്തിലൂടെ തീവണ്ടി സര്‍വീസ് നടത്തുന്നതിന് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാവണ്ടികളും ചരക്കു വണ്ടികളും ഓടിക്കാം. എന്നാല്‍, കപ്പലുകള്‍ക്ക് വഴിയൊരുക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനിലൂടെ 50 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിക്കാനേ അനുമതിയുള്ളൂ.

 

ദില്ലിയിലെ ബിജ്വാസനിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. യുഎഇ ആസ്ഥാനമായുള്ള പിഐപിഎൽ പേയ്‌മെൻ്റ് അഗ്രഗേറ്ററുമായി ബന്ധപ്പെട്ട സൈബർ ആപ്പ് തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

 

എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം രം​ഗത്ത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കാമുകൻ സൃഷ്ടിയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സൃഷ്ടി തുലിയെ മുംബൈയിലെ മാറോൾ ഏരിയയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

ഝാര്‍ഖണ്ഡിന്റെ 14-മത് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുകു അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *