mid day hd 4

സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുമായി വിളിച്ചത് കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണെന്നും , ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പൊഴിയൂർ പൊലിസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ അപേക്ഷ നൽകി. അന്വേഷണത്തിന് രേഖകൾ മഹസിറിന്‍റെ ഭാഗമാക്കണമെന്നും, എല്ലാ രേഖകളും കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാ‌ഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഇഡി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും 55 പേർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും, രേഖകൾ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.

100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറും സിപിഐ നേതാവുമായ എസ്.ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.

ഇന്നലെ രാത്രി ഭാസുരാംഗന്റെ വസതിയില്‍ ആരംഭിച്ച ഇഡി പരിശോധന ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിൽ മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍ നിന്നും ഭാസുരാംഗനെ നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി വ്യക്തമാക്കി.

കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന് എൻ.ഭാസുരാംഗനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു .

രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് ആകണമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലാവ്‍ലിൻ കേസിൽ പണം വാങ്ങിയത് പിണറായി അല്ലെന്നും പാർട്ടിയാണെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്നും കെ സുധാകരൻ വെളിപ്പെടുത്തി.

എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബഞ്ചുകൾക്ക് ചുമതല നല്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാദ്ധ്യായ നല്കിയ ഹർജിയിലാണ് ഉത്തരവ്.

എംവി രാഘവന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റിന്റെ സെമിനാറിൽ പങ്കെടുക്കാൻ എം വി ആറിന്റെ മകൻ നികേഷ്കുമാറാണ് തന്നെ ക്ഷണിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി.എന്നാൽ ഇടതുപക്ഷ വേദിയിൽ താൻ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എംവിആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.

എംവിആർ അനുസ്മരണത്തിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവത്തിൽ ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം.അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോ എന്നും സലാം പ്രതികരിച്ചു.

എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നതിനു മുൻപായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളും വാഹനത്തിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഇതേതുടര്‍ന്ന് വണ്ടികളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്. കേസിൽ പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ലണ്ടനില്‍ സമാപിച്ച വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യു.ടി.എം – 2023) മികച്ച പവലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ഇത് വലിയ അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് ആശുപത്രിയിൽ കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മയുടെ മൃതദേഹം മാറി നല്‍കി. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്.

ഹർത്താലുകൾ നിരോധിക്കാൻ നിയമം പാസാക്കണമെന്നും, ബിസിനസിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. ദേശീയതലത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ 40% ആണ്. അടുത്ത അഞ്ചുവർഷത്തിൽ10 ലക്ഷം യുവാക്കൾ നാടുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് അരമങ്ങാനത്തെ യുവതിയുടേയും മകളുടേയും മരണത്തിൽ അധ്യാപകനായ ബാര എരോൽ സ്വദേശി സഫ്‌വാനെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനു മേല്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. റുബീനയെയും അഞ്ചര വയസുള്ള മകൾ ഹനാന മറിയത്തേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയയെും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. 2014ലാണ് സംഭവത്തില്‍ ഇഡി അന്വേഷണം തുടങ്ങിയത്. ഇരുവർക്കും പുതിയ സമൻസ് അയക്കാനും നീക്കമുണ്ടെന്നാണ് സൂചന.

മുൻ നിശ്ചയിച്ച പ്രകാരം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഇന്ന് ഓണാഘോഷ പരിപാടികൾ നടത്തുമെന്ന് മലയാളി വിദ്യാർഥികൾ. മതപരമായ ആചാരങ്ങൾ ക്യാമ്പസിൽ പാടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഓണാഘോഷത്തിന് അനുമതി നിഷേധിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ അധികൃതരുടെ നടപടിയെ ഒരു വിഭാഗം വിദ്യാർത്ഥികൾ പിന്തുണച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

സൗജന്യ റേഷൻ നൽകുന്ന പദ്ധതിയായ ഗരീബ് കല്ല്യാൺ യോജന ബിജെപിക്ക് പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കിയെന്ന് മധ്യപ്രദേശിലെ സ്ഥാനാർഥിയും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ കൈലാഷ് വിജയ് വർഗിയ പറഞ്ഞു. ദരിദ്ര വിഭാഗത്തിൽ പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പുരില്‍ തട്ടിക്കൊണ്ടുപോയ നാലുപേരില്‍ രണ്ടുപേരെ കൊലപ്പെടുത്തി. കാങ്ചുപില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് കുക്കി വിഭാഗക്കാരെയാണെന്നും ഒരു പുരുഷന്‍റെയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്.

ലോകകപ്പിൽ സെമി പ്രതീക്ഷ നിലനിര്‍ത്താൻ ന്യുസീലൻഡ് ഇന്നിറങ്ങുന്നു. നിര്‍ണായക മത്സരത്തിൽ ശ്രീലങ്കയാണ് എതിരാളി. ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിൽ തുടങ്ങുന്ന മത്സരത്തിന് മഴയാണ് ഭീഷണി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *