സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ൽ തൃശ്ശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും അനുവദിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി പി സി വിഷ്ണുനാഥിനുമെതിരെ വിമര്‍ശനവുമായി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്നാണ് കോന്നി എംഎല്‍എയുടെ പരാതി. കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്.മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ പോലെ തരം താഴരുതെന്നും വിമര്‍ശനം.
സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടുകാർ വലിയ കഷ്ടപ്പാടിലാണെന്നും മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയേയും ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും ഭരണകക്ഷിയുടെ ഭാഗമായ കുട്ടനാട് എംഎൽഎ. സംസ്ഥാന സർക്കാർ മഴക്കെടുതി കൈകാര്യം ചെയ്യുന്നതിൽ അതൃപ്തി വ്യക്തമാക്കി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.തോട്ടപ്പള്ളി സ്പിൽവേയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കാത്തതിലും കുട്ടനാട് എംഎൽഎയുടെ അതൃപ്തി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോർട്ട്. നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ. എച്ച്1എൻ1 കേസുകളും ഉയരുകയാണ്.കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകർച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി നടപടി. ആഗസ്റ്റ് 19 വരെയാണ് ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്തത്.
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കുറ്റിപ്പുറം ബസ് അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അപകട കാരണം ബസിന്‍റെ അമിത വേഗതയാണെന്നാണ് മോട്ടോർ വാഹന വകപ്പിന്‍റെ റിപ്പോർട്ട്. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകൾ ഉണ്ട്, ബസ് അമിത വേഗത്തിൽ ആയിരുന്നതിനാൽ ഒരു വളവ് കഴിഞ്ഞു രണ്ടാമത്തെത് വളക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു,
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് നിയമസഭയിൽ പറഞ്ഞത് താൻ തന്നെയാണെന്നും ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് പറയുന്നില്ല, ആരോപണത്തില്‍ തെളിയിക്കാൻ ഒന്നുമില്ലെന്ന് വിജിലൻസ് കണ്ടെത്തിയത് എൽഡിഎഫ് കാലത്താണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശൻ്റെ വിദേശ സന്ദർശനം ബിജെപി ഡീലിൻറെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരിസ്ഥിതി സമ്മേളനം എന്ന് നുണ പറഞ്ഞാണ് പ്രളയത്തിന് ശേഷം സതീശൻ യുകെയിലേക്ക് പോയത്. അത്തരം ഒരു സമ്മേളനം അവിടെ ഉണ്ടായിട്ടില്ല. നിയസഭ സെക്രട്ടറിയേറ്റിൽ നിന്നും അനുമതി തേടിയില്ല. അന്ന് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നിഷേധിച്ച സമയത്താണ് പറവൂർ എംഎൽഎക്ക് അനുമതി കിട്ടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പ്രഖ്യാപനം.
കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന എഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് ആറ്) നിലവിൽ വരും. കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ ചുവടുവയ്പ്പാണിത്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നാളെ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും.
ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും, വ്യാജ സ്റ്റോക്ക് കാണിച്ചും അരവണ നിർമ്മാണ സാമഗ്രികൾ മറിച്ചുവിറ്റും തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. നിതിൻ കക്കേടത്ത് എന്ന എഫ്ബി ഐഡിക്കെതിരെയാണ് കേസെടുത്തത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമാണ് പരാതിക്കാരൻ.
കണ്ണൂർ പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്പിരിറ്റും ഇതിനായി ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം പിടികൂടി. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറകളിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കാട്ടാക്കടയിലെ ആദിശേഖറിന്റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ചു കോടതി, പ്രതിയായ പ്രിയരഞ്ജന് ജാമ്യം അനുവദിച്ചു. 15 വയസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സുപ്രിംകോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം നൽകിയത്. സര്‍ക്കാരിന്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.
കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കാവുങ്കൽ ദേവാലയത്തിൽ ആർ കുഞ്ഞുമോന്‍റെയും ഷൈലജയുടെയും ഏക മകൻ ദേവാനന്ദൻ (27) ആണ് മരിച്ചത്.
കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിനോട് ചേർന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ രക്തംപുരണ്ട തൂവാലയുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് സിബിഐ പ്രത്യേക കോടതി നിർദേശം നൽകി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഹാഫിസ് മുഹമ്മദ് പരിഗണിക്കുന്ന കേസിന്‍റെ വിചാരണ ചൊവ്വാഴ്ച പുനരാരംഭിച്ചു.
കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിദേശത്തേക്ക് കടന്ന ആസിഫിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നും ഇവർ ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍ പരിക്കേറ്റ ആറന്മുള എംഎൽഎ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍. പരിക്ക് ഗുരുതരമല്ല. കോന്നി സ്വദേശി സജി കുമാറിന്‍റെ വാഹനമാണ് എംഎൽഎയുടെ വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. സജികുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാടിന്‍റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളുടെ പ്രചാരണം, ഉള്ളടക്ക നിയന്ത്രണത്തിലെ പിഴവുകൾ തുടങ്ങിയ വിഷയങ്ങളിൽ മെറ്റയുടെ ആഗോള നേതൃത്വത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടും. ഇന്ത്യ സന്ദർശിക്കുന്ന മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ നിയമപാലനം, അൽഗോരിതം പക്ഷപാതം എന്നിവയും ചർച്ചയാകും.
ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (എ ഐ2379) കടുത്ത ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്ക്. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്‍റെ ആലോചന. കൂടാതെ സിബിടി രീതിയിലേക്കുള്ള മാറ്റവും പരിഗണയിലുണ്ട്. വിഷയത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.
പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത സുരക്ഷാ ജാഗ്രതയിൽ. സംസ്ഥാന പദവി തിരികെ നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം. ഇന്ന് അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലാണ് പരാമർശം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയർത്തുമെന്നാണ് പ്രഖ്യാപനം.
നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ രാജ്യ വ്യാപക പര്യടനവും തുടർ സമരപരിപാടികളും ചർച്ചയാകും.
ഇറാനുമായുള്ള യുദ്ധത്തിൽ ദീർഘദൂര മിസൈലുകൾ വ്യാപകമായി ഉപയോഗിച്ചതോടെ അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ആയുധക്ഷാമം സംബന്ധിച്ച ആശങ്കകൾ പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞെങ്കിലും, കുറഞ്ഞ ആയുധശേഖരം നികത്താൻ വർഷങ്ങൾ വേണ്ടിവരുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ (എഫ്.എ) തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ.ഞങ്ങൾ ഇൻഫന്‍റിനോയെ മുൻപും പിന്തുണച്ചിട്ടില്ല, ഇനി പിന്തുണയ്ക്കുകയുമില്ല. ഇത്തരം ബ്ലാക്ക്‌മെയിലിംഗുകൾക്ക് വഴങ്ങാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല- പ്രിൻസ് അലി പറഞ്ഞു
ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങളെ കാണുന്നു. ദില്ലിയിൽ നടക്കുന്ന പരിപാടിയിൽ ബംഗ്ലാദേശിലേക്കുള്ള മടക്കവും രാഷ്ട്രീയ പദ്ധതികളും ഹസീന പ്രഖ്യാപിക്കുമെന്നാണ് സൂചന. വധശിക്ഷ വിധിക്കപ്പെട്ട ഹസീന, നിയമനടപടികൾ നേരിടാൻ ഡിസംബറോടെ മടങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ എഥനോൾ നയവുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന വ്യാജ എഐ, ഡീപ്ഫേക്ക് വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തനിക്ക് ഈ നയത്തിൽ പങ്കില്ലെന്നും വ്യക്തിഹത്യയാണ് ലക്ഷ്യമെന്നും ഗഡ്കരി ഹർജിയിൽ വാദിച്ചു.
