വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അദാനിയുമായി അനുബന്ധ കരാർ പരിഗണനയിൽ. വിദേശ നിക്ഷേപം സ്വീകരിച്ച് ഓഹരി കൈമാറാനുള്ള അദാനി വിഴിഞ്ഞം പോർട്ടിന്റെ നടപടിയിൽ അതീവ ശ്രദ്ധയോടെയാണ് സർക്കാരിന്റെ തുടർ നടപടികൾ.
വി ഡി സതീശൻ സർക്കാരിനെതിരെ വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. കരാർ ലംഘനമുണ്ടായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. പദവി വേണമെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുമ്പോൾ, ഇത് അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ മുന്നണിയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അവഗണിച്ച് മന്ത്രിമാർ തന്നിഷ്ടപ്രകാരം നിയമനം നടത്തിയെന്നും ഇത് വഞ്ചനയാണെന്നും പ്രമേയത്തിൽ പറയുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും സമാനമായ രീതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
യുഡിഎഫ് സർക്കാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാർ എടുക്കുന്നതിനുള്ള അനുമതി നീട്ടി നൽകി. ഊരാളുങ്കലിന്റേതടക്കം 46 ഏജൻസികളുടെ അനുമതിയാണ് നീട്ടി നൽകിയത്. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് സർക്കാർ നീട്ടി നൽകിയത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജുവാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.
തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചയാൾ സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു. ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സി ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതി ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്റ്റോപ്പ് മെമോ നൽകിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ജോലി തെറിപ്പിക്കും എന്നാണ് ഭീഷണി. കടപ്ര മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം പരുമല ലോക്കൽ സെക്രട്ടറിയുമായ ഷിബു വർഗീസാണ് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ കൗൺസിൽ യോഗത്തിലുണ്ടായ തർക്കത്തിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം വിശദീകരണം നൽകി. യുഡിഎഫ് അംഗങ്ങളുടെ അഭാവത്തിൽ വോട്ടെടുപ്പിലൂടെയാണ് ഡിവൈഎഫ്ഐയുടെ ആവശ്യം അംഗീകരിച്ചത്.
ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടവന്ത്ര എസ്എച്ചഒയെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി അൻസിബ ഹസൻ. എസ്എച്ചഒയെ മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് പരാതി നല്‍കും എന്ന് അൻസിബ വ്യക്തമാക്കി. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി അന്വേഷണം നടക്കില്ലെന്നും ഇന്നലെ മൊഴിയെടുക്കാൻ സ്റ്റേഷനിൽ എത്തിയപ്പോൾ മനഃപൂർവം ബുദ്ധിമുട്ടിച്ചെന്നും അൻസിബിയുടെ അഭിഭാഷകൻ പറഞ്ഞു.
വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം വടിവാൾ ആക്രമണത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു.
പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക് പരിക്കേറ്റു. മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ കടയുടെ ചില്ല് തകർത്ത് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ആ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരുന്ന കട ഉടമയായ ബീനക്കാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്.
ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽനിന്ന് തെറിച്ചുവീണ് ഗുരുതരപരിക്കേറ്റ മലയാളി യുവതിക്ക് ഒടുവിൽ കമ്പനിയുടെ സഹായവാഗ്ദാനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് സഹായവാഗ്ദാനവുമായി റാപ്പിഡോ കമ്പനി രംഗത്തെത്തിയത്.
ആനക്കൊമ്പ് കേസിൽ വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. തന്റെ കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങൾ വനം വകുപ്പിനാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തണ പൊതുമാപ്പ് സംവിധാനം ഉപയോഗിച്ചാണ് നടപടി
പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തില്‍ പൊലീസ്. കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷങ്ങളാണ് പ്രതികൾ ദിവസവും ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച് കടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികളിൽ പലരും ലക്ഷങ്ങൾ വിലയുള്ള ഭൂമിയും കാറുകളും വാങ്ങിയതായും തെളിഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി നേരിടുന്നതിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് മമത ബാനർജി. ചതിയൻമാരായ വിമതർ, ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്നു തന്നോട് പൊരുതണമെന്നും അല്ലാതെ ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുതെന്നും മമത തുറന്നടിച്ചു.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതികളുടെ മൊബൈൽഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്.
ജമ്മുകശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളിൽ വിതരണം ചെയ്ത പുസ്തകങ്ങളിൽ തീവ്രവാദികളെയും വിഘടനവാദികളെയും മഹത്വവൽക്കരിച്ചെന്ന വിവാദത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ‘പേഴ്സണാലിറ്റീസ് ആൻഡ് ലെജൻഡ്സ് ഓഫ് ജെ ആൻഡ് കെ’ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സർക്കാർ വിവാദത്തെ തുടർന്ന് അടിയന്തരമായി പിൻവലിച്ചത്.
കേന്ദ്രസർക്കാരിന്റെ ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്സീൻ പൂനാവാലയുടെ നേതൃത്വത്തിൽ ‘എഥനോൾ തട്ടിപ്പിനെതിരേ ടീം ഭാരത്’ എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ബി ജെ പിയുടെ ദേശീയ തലത്തിലുള്ള സംഘടനാ അഴിച്ചുപണി ഉടനെന്ന് സൂചന. അമിത് ഷായുമായി ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അടക്കുമുള്ളവർ 3 മണിക്കൂർ ചർച്ച നടത്തിയതോടെയാണ് ദേശീയ തലത്തിലുള്ള അഴിച്ചുപണി വാർത്തകളും സജീവമായത്. കേരളത്തിൽ നിന്നുള്ളവരുടെയടക്കം സംഘടന ചുമതലയിൽ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപചടങ്ങിലെ ജനപങ്കാളിത്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതിനെ ‘വ്യാജക്കണ്ണീർ’ എന്ന് വിശേഷിപ്പിച്ചു. ഇറാൻ നേതൃത്വത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തനിക്ക് കഴിയുമെന്നും എന്നാൽ ചർച്ചകൾക്കായി അതിന് മുതിരുന്നില്ലെന്നും ട്രംപ് വിവാദ പ്രസ്താവന നടത്തി.
റഷ്യയിലെ പ്രധാന ഓയിൽ ടെർമിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരേയാണ് യുക്രൈൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. യുദ്ധം നടത്താനായുള്ള റഷ്യയുടെ പ്രധാനവരുമാന സ്രോതസ്സിനെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഇതിനൊപ്പം റഷ്യയുടെ നേവൽ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അവകാശപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച തന്നെ വൈറ്റ് ഹൗസിൽ നടന്നേക്കുമെന്ന് സൂചന. ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ചതായി ഡൊണാൾഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ പരാഗ്വയെ തോൽപ്പിച്ചാണ് ഫ്രാൻസ് എത്തിയത്, കാനഡയെ തകർത്ത് മൊറോക്കോയും. 2022 ലോകകപ്പ് സെമിയിൽ ഫ്രാൻസിനോട് തോറ്റതിന് പകരം വീട്ടാനാണ് മൊറോക്കോ ഇറങ്ങുന്നത്.
