രാജ്യത്ത് വാണിജ്യ സിലിണ്ടര് വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്ച്ച നടത്തി. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബക്കാർഡിയുടെ കത്തിൽ മുൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നിർവചനം ചോദിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും ആ ഫയൽ പിന്നീട് അനങ്ങിയിട്ടില്ലെന്നും എം വി ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. 2017ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്സ്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നൽകുകയായിരുന്നു. 2018 ആഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്.
മദ്യനികുതി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ്പ് പാംപ്ലാനിയും. മുന്നണിക്ക് അകത്ത് വിമർശനം കടുക്കുമ്പോൾ സമുദായ നേതാക്കൾ നൽകുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ആശ്വാസകരമാകും. സമുദായ നേതാക്കളെ രംഗത്തിറക്കി മദ്യനികുതി ഇളവിനെ ചെറുക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മയപ്പെടുത്തിയ നിലപാടുമായി രംഗത്ത് വന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്നത് സംബന്ധിച്ച് ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.ഇക്കാര്യത്തിൽ വിഡി സതീശനെ പിന്തുണക്കുന്നുവെന്നും ലഹരിക്ക് അനുകൂലം എന്ന് തോന്നുന്ന ഒരു നിലപാടും ആരും സ്വീകരിക്കരുതെന്നും, വിഷയത്തിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ ഇടയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കും. ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിലെ വിവാദത്തില് പ്രതികരണവുമായി മന്ത്രി കെ മുരളീധരന് രംഗത്ത്. പാര്ട്ടിയിലും മുന്നണിക്കകത്തും ചർച്ച ചെയ്തിട്ട് മാത്രമേ ഇക്കാര്യം നടപ്പാക്കുവെന്നും അത് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യ ദുരന്തം ഉണ്ടാകും. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം .അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത്- മുരളീധരൻ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വില്പനയിൽ പ്രതികരിച്ച് റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ. മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. എൽഡിഎഫ് ഭരണകാലത്തേതുപോലെ ഒരാളിൽ മാത്രം കേന്ദ്രീകരിച്ചല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും നയപരമായ കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിയമസഭയോട് കള്ളം പറയരുത്, സഭാചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി വിഡി സതീശനോട് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. കളവ് പറയാതിരിക്കുന്നതുതന്നെ വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണെന്നും അങ്ങയെ ഞാൻ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു.ഫേസ് ബുക്കില് പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമർശനം.
മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്റിന് ശേഷം പാലക്കാട് മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനിൽ നിന്നും ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്ത് വരുമ്പോൾ നടത്തുന്ന സംഘർഷമാണെന്നും സിപിഎമ്മിന്റെ അവസാന തിരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളാട് പ്രതികരിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ അഞ്ചു വർഷത്തേക്ക് ബിജെപി ഏറ്റവും സേഫ് ആണെന്ന് മേയർ വിവി രാജേഷ്. ഈ മാസം 29 ന് കൗൺസിൽ യോഗം നടക്കുമെന്നും പ്രതിപക്ഷത്തിൻ്റെ അവിശ്വാസം വരട്ടെ നേരിടുമെന്നും വിവി രാജേഷ് പ്രതികരിച്ചു.
തിരുവനന്തപുരം നഗരസഭയിലെ സംഘര്ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. പ്രതിപ്പട്ടികയിലെ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് വരുത്തി. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് പാര്ട്ടി നേതാവിന്റെ പേരാണ് തെറ്റിയത്. പിഴവ് വന്നതോടെ എഫ്ഐആര് തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.
മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇഡി അന്വേഷിക്കുന്നു. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം.
അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ജവാൻ മദ്യ ഉൽപാദനം നിലച്ചതിൽ അട്ടിമറി സാധ്യത അടക്കം അന്വേഷിക്കുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു. ജവാൻ ഉൽപാദനം നടക്കാത്തതിനെ തുടർന്ന് മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടായോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും.
അന്ത്യോദയ അന്നയോജന കാർഡിനുള്ള (മഞ്ഞ റേഷൻ കാർഡ്) ധാന്യവിഹിതം കുറയ്ക്കാനുള്ള നീക്കം റേഷൻ വിതരണത്തിലെ അസമത്വം ഇല്ലായ്മ ചെയ്യാനെന്ന് കേന്ദ്ര സർക്കാരിൻ്റെ ന്യായീകരണം. അംഗസംഖ്യ പരിഗണിക്കാതെ ഒരു കുടുംബത്തിന് 35 കിലോ അരിയെന്നത് അസമത്വം ഉണ്ടാക്കുന്നുവെന്നും കൂടുതൽ അംഗങ്ങുള്ള കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കാനാണ് പുതിയ ഭേദഗതിയെന്നുമാണ് കേന്ദ്രം വിശദീകരിക്കുന്നത്.
കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലമാണ് മൊഴി നൽകിയത്. വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്നു സ്വർണം കൊടുത്തു വിട്ടവർ പറഞ്ഞിരുന്നതായി അസ്ലം പൊലീസിന് മൊഴി നൽകി.കസ്റ്റംസിന്റെ പിടി വീഴില്ലെന്നു ഇവർ ഉറപ്പ് നൽകിയിരുന്നതായും അസ്ലം പൊലീസിനോട് പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകര സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും മാട്രിമോണി വഴി വിവാഹവാഗ്ദാനം നൽകിയും നിരവധി പേരിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ ചാവക്കാട് സ്വദേശി പി കെ സലീമിനെയാണ് (48) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025ൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഇയാളെ ചെങ്ങന്നൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ- സിപിഎം പോര് രൂക്ഷമായി. പിണറായിയെ ചാരി സിപിഎമ്മിനെതിരെ ഡിഎംകെ മുഖപത്രം തന്നെ രംഗത്തെത്തി. തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മുരശൊലിയിൽ ലേഖനപരമ്പര തുടങ്ങി. വിഴിഞ്ഞം ചടങ്ങിൽ മോദിക്കും അദാനിക്കുമൊപ്പം പിണറായി നിൽക്കുന്ന ചിത്രവുമായി ലേഖനം പ്രസിദ്ധീകരിച്ചു.
ടിവികെയിൽ ചേരാനിരിക്കെ മണ്ഡലത്തിലെ വീടുകളിലേക്ക് സമ്മാനങ്ങളുമായി മുൻ മന്ത്രി സി.വിജയഭാസ്കർ. ഒരു സ്ററീൽ കണ്ടെയ്നറും മധുരപലഹാരവും പേനയും നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്തുമാണ് പുതുക്കോട്ട വീരാളിമല മണ്ഡലത്തിലെ വീടുകളിൽ രാവിലെ എത്തിയ മുൻ മന്ത്രിയുടെ സമ്മാനപൊതിയിലുള്ളത്.
അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരിക്കുന്ന പെൺകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി. മഹാരാഷ്ട്രയിലെ പൻവേലിലാണ് അംഗൻവാടി ജീവനക്കാരി ഒരു കൊച്ചുകുട്ടിയോട് ക്രൂരമായി പെരുമാറുന്നത്.സംഭവത്തിൽ നവി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് പരിക്കേറ്റത്.കിഴക്കൻ ഡൽഹിയിൽ വെച്ചാണ് ഇവരെ തെരുവിൽ അലഞ്ഞുനടക്കുന്ന പശു ആക്രമിച്ചത്.
കമിതാക്കളായ യുവാവിനെയും യുവതിയെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ അശോക്നഗറിലാണ് സംഭവം. അശോക് നഗർ സ്വദേശികളായ ഋതിക് സോണി (26), മസ്കൻ(24) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ നിർത്തിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
40 അടി ഉയരത്തിൽ ക്രെയിനിൽ കെട്ടിയിട്ട് വാൻ. മുഹറം ഘോഷയാത്രയ്ക്കിടെ പടക്കങ്ങൾ കുത്തിനിറച്ച് പൊട്ടിത്തെറിപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലെ ബദ്നഗറിലാണ് സംഭവമുണ്ടായത്. ആൾക്കൂട്ടം ചുറ്റും കൂടി നിൽക്കുമ്പോഴാണ് 40 അടി ഉയരത്തിൽ വച്ച് വാൻ സ്ഫോടനം നടത്തിയത്. ജൂൺ 24ാം തിയതിയാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിപുല കർമപദ്ധതിയ്ക്ക് ഇന്ന് തുടക്കമാക്കും. കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ് രാജ്യ വ്യാപകമാകമായ ഈ പദ്ധതിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷൻ ഡോക്യുമെന്റും പുറത്തിറക്കും.
മധ്യപ്രദേശ് ഭൂമികുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിൻറെ കുടുംബം ഭൂമി വാങ്ങിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരുമകൾ ശാലിനി മോഹൻ യാദവ് മുഖ്യമന്ത്രി ആയ ശേഷവും ഒരു കോടി മുടക്കി ഭൂമി വാങ്ങി.മോഹൻ യാദവിന് ഓഹരിയുള്ള കമ്പനിയും ഭൂമി വാങ്ങിയിരുന്നു. ഉജ്ജയിനിലെ ചില റോഡ് പദ്ധതികൾ മോഹൻ യാദവ് വന്നശേഷം പ്രഖ്യാപിച്ചതെന്നും റിപ്പോർട്ട്.
മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന അടുത്തയാഴ്ച നടന്നേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ച മന്ത്രിസഭാ പുനസംഘടനയുടെ മുന്നോടിയായാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.
പൂനെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ സിയ ഗോയലിനെതിരെ പിതാവ് പ്രവീൺ ഗോയൽ. തന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ വൈകാരികമായ അഭിമുഖത്തിൽ പ്രവീൺ ഗോയൽ വിശദമാക്കി.
അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പണം കൈകാര്യം ചെയ്യാൻ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
പാകിസ്ഥാൻ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റിനെ വെയിലത്ത് നിർത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് കുടക്കീഴിൽ നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി. നയതന്ത്ര മര്യാദയുടെ ലംഘനമെന്ന് വിമർശനം ഉയരുമ്പോഴും, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചർച്ചകളും ഈ സന്ദർശനത്തിൽ നടന്നു.
വെനിസ്വേലയിലെ ഇരട്ട ഭൂചലനത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്ക 150 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരെ ജീവനോടെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് ഇരട്ട ഭൂചലനം ഉണ്ടായത്.
സൗദി അറേബ്യയിൽ വിദേശികൾക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുമതി നൽകുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രത്യേക ഭൂമിശാസ്ത്ര മേഖലകളിൽ താമസ, വാണിജ്യ ആവശ്യങ്ങൾക്കായി വസ്തുവകകൾ വാങ്ങാൻ ഈ നിയമം അനുവദിക്കുന്നു. എന്നാൽ മക്ക, മദീന തുടങ്ങിയ വിശുദ്ധ നഗരങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.
ഹോർമൂസിൽ ഗതാഗതം സാധാരണ നിലയിൽ ആകാൻ ഏതാനും ആഴ്ചകൾ കൂടി എടുക്കും. ഇതോടെ ക്രൂഡ് വില ഇനിയും താഴുമെന്നാണ് വിലയിരുത്തൽ. പക്ഷെ പെട്രോൾ ഡീസൽ വിലകൾ ആനുപാതികമായി കുറക്കുന്ന കാര്യത്തിൽ എണ്ണകമ്പനികൾ തീരുമാനം എടുത്തിട്ടില്ല.
ഗ്രൂപ്പ് ഐയിൽ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ ഫ്രാൻസും- നോർവെയും നേർക്കുനേർ. രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വിജയിച്ചൻ എത്തുന്നത്. ഇതുകൊണ്ട് തന്നെ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.
ഗ്രൂപ് ഡിയിലെ അവസാന മത്സരങ്ങളിലൊന്നിൽ അമേരിക്കയെ തകർത്ത് തുർക്കി. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും തങ്ങളുടെ അവസാന മത്സരത്തിൽ 3 -2 എന്ന മികച്ച സ്കോറിനാണ് തുർക്കി അമേരിക്കയെ തകർത്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓസ്റ്റൻ ട്രസ്റ്റിയുടെ ഗോൾ മികവിൽ അമേരിക്ക മുന്നിലെത്തിയെങ്കിലുംണ് ഓർക്കാൻ കോക്ച്ചുവിന്റേയും യുവതാരം ആർദ ഗുള്ളറിന്റെയും ഗോൾ മികവിൽ തുർക്കി മുന്നേറി.
ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബ്രസീൽ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫിൽ സ്വീഡനുമായി സമനില വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ യോഗ്യത നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ നെതർലൻഡ്സ് അടുത്ത റൗണ്ടിൽ മൊറോക്കോയെ നേരിടും.
