ക്ഷേമ പെൻഷൻ മുടങ്ങില്ലെന്നും തുക 3,000 രൂപയാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ഉറപ്പ് നൽകി. അനർഹരെ ഒഴിവാക്കി അർഹർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും, സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോസ് ആഞ്ചൽസിൽ നിന്നൊരാൾ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കാര്യവും മുഖ്യമന്ത്രി സഭയിൽ സൂചിപ്പിച്ചു.
സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകി. മുഹമ്മദ് റിയാസാണ് നോട്ടീസ് നൽകിയത്. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യേണ്ട ഒരു കാര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനുള്ള അനുമതി കെ മുരളീധരൻ നിഷേധിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് അതൃപ്തി. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാൻ ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. ഈ തീരുമാനം കോൺഗ്രസിനകത്തും പ്രതിപക്ഷത്തും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിറോ മലബാർ സഭ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന ഇത്തരം നയങ്ങൾ സ്വീകാര്യമല്ലെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം. മുഖപത്രമായ സിറാജിലെ എഡിറ്റോറിയലിലാണ് കടുത്ത വിമർശനമുന്നയിച്ചത്. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധം, വ്യാജം എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിമർശിച്ചു.
മുല്ലപ്പെരിയാറില് പുതിയ ഡാം പണിയണമെന്ന് ഡീന് കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം.അതനുസരിച്ച് കരാർ ഉണ്ടാക്കണം, നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണ് വരുന്നത്. കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച കത്ത് നൽകി.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്കിയതിലും ധാതുമണല് ഖനനത്തിലും ചില ആശങ്കകള് ഉണ്ടായിട്ടുണ്ടെന്ന് എഐസിസി ജനറല് സെക്രട്ടറി കെസി വേണുഗോപാല് പറഞ്ഞു.കോൺഗ്രസിനും UDF നും നിലപാടുണ്ട് ദേശീയ തലത്തിലെ നിലപാട് അനുസരിച്ചേ കേരളത്തിലും കാര്യങ്ങൾ നടക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കശുവണ്ടി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയിൽ നേരിട്ട് ഹാജരായി. ഹനീഷ് കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഇന്ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടി വരുമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. പിന്നാലെയാണ് ഹനീഷ് ഹാജരായത്.
എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷിപ്യാർഡിൽ അറ്റകുറ്റ പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്.
അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി അംഗങ്ങൾ അടക്കം പിരിഞ്ഞുപോയ സ്ത്രീകളെ തിരിച്ചു കൊണ്ട് വരണം എന്നും അൻസിബ പ്രതികരിച്ചത്. തന്റെ പ്രശ്നം പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് പരിമിതികൾ ഉണ്ടാകാം. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അൻസിബ പ്രതികരിച്ചു.
കൊല്ലം ആദിച്ചനല്ലൂരിൽ വേറിട്ട പ്രതിഷേധം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് . പ്രതിഷേധ സൂചകമായി പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് 15 കിലോമീറ്റർ ദൂരം സൈക്കിൾ യാത്ര ചെയ്തു. ഇന്നലെ മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാഴികളുടെ വാർഷിക യോഗത്തിന് പോകാൻ പഞ്ചായത്ത് പ്രസിഡന്റിന് പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.
തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ട കാർ ചരക്ക് വാഹനം ഇടിച്ചു തെറിപ്പിച്ചു. വാഹനാപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാഹനത്തിൻ്റെ പാസഞ്ചർ സീറ്റിൽ നിന്നും യാത്രക്കാർ പുറത്തിറങ്ങി സെക്കൻഡുകൾക്കകമാണ് അപകടം ഉണ്ടായത്.
മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെ എസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.
സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. അതെസമയം ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ശാസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ. ഇതിൽ ഇടപെട്ട ഖാർഗെ, പ്രവർത്തകരെ ഒന്നിനും കൊള്ളാത്തവരെന്ന് വിമർശിക്കുകയും അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
250 കിലോമീറ്റർ വേഗതയിൽ ചീറിപ്പായുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് ആഡംബര കാർ അപകടത്തിൽപ്പെട്ടു. രണ്ട് പേർ കൊല്ലപ്പെട്ടു. മൃതദേഹ ഭാഗങ്ങളും എൻജിനും റോഡിൽ ചിതറിയ നിലയിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് യുവതി ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
ദില്ലിയിൽ നടക്കുന്ന കോക്റോച്ച് ജനത പാർട്ടി പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക്. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് ജന്തർ മന്ദറിൽ പ്രതിഷേധം ആരംഭിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരം തുടരുമെന്ന നിലപാടിൽ പ്രവർത്തകർ.
അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരിട്ടാണ് റിപ്പോർട്ട് നൽകിയത്. അന്തിമ റിപ്പോർട്ട് ഞായറാഴ്ച നൽകും. പണാപഹരണം ഏറ്റവുമധികം നടന്നത് ഇക്കഴിഞ്ഞ കുംഭമേളക്കാലത്തെന്നാണ് റിപ്പോർട്ടിൽ സൂചന. ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്രം ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി ആണ് ജൂലൈ ഒന്നുമുതൽ മൂന്നുവർഷത്തേക്ക് കൂടി തുഷാർ മേത്തയെ പുനർനിയമിച്ചത്.
നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച നിർണായക സമാധാന ചർച്ചകളിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സമാധാന ചർച്ചകൾക്കെത്തിയ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള സംയുക്ത ഫോട്ടോ സെഷനിൽ പങ്കെടുക്കാതെയും ട്രംപിന്റെ പുതിയ ഭീഷണിക്ക് പിന്നാലെ ചർച്ചാ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്ത് ഇറാൻ പ്രതിനിധികൾ.
സിന്ധുനദീജല വിതരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടുകൾക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി. ഇന്ത്യ 1960-ലെ സിന്ധുനദീജല കരാർ റദ്ദാക്കിയതിനെ തുടർന്നുള്ള തർക്കങ്ങൾക്കിടയിലാണ് ഈ പ്രകോപനപരമായ പ്രസ്താവന.
ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ ആൾമാറാട്ടം നടത്തിയ 24 പേർ അറസ്റ്റിലായി. 40 ലക്ഷം രൂപയുടെ ഡീൽ നടത്തിയ സോൾവർ ഗ്യാങ് സംഘമാണ് ഇതിന് പിന്നിലെന്നും 5 മെഡിക്കൽ വിദ്യാർത്ഥികളും പിടിയിലായവരിൽ ഉൾപ്പെടുന്നുവെന്നും പൊലീസ് അറിയിച്ചു. യുപിയിലും സമാനമായ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി.വിജയ്യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ചെട്ടിപ്പടി സ്വദേശി മേമ്പാട്ട് പറമ്പിൽ അബ്ദുന്നാസർ (48) ആണ് മരിച്ചത്. ജുബൈലിന് സമീപം അബൂഹദ്രിയ്യ റോഡിൽ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയായിരുന്നു അപകടം സംഭവിച്ചത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ്റെ തിരിച്ചടി. തിങ്കളാഴ്ച ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഡസൻ കണക്കിന് ഡ്രോൺ തകർത്തതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്.
ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിലെ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. ഇതൊരു സാങ്കേതിക തകരാറാണെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണിയോ വാതക ചോർച്ചയോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയും യൂറോപ്യന് യൂണിയനും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാര് പ്രകാരം ഇറക്കുമതി തീരുവയില് വലിയ ഇളവുകള് വരുന്നു. ഈ കരാര് നിലവില് വരുന്നതോടെ സൗന്ദര്യവര്ദ്ധക വസ്തുക്കള്, ഒലീവ് ഓയില്, ചോക്ലേറ്റുകള്, മദ്യം തുടങ്ങിയ നിരവധി യൂറോപ്യന് ഉല്പ്പന്നങ്ങള്ക്ക് ഇന്ത്യയില് വില കുറയും.
ഗ്രൂപ്പ് ജെ യിൽ അർജന്റീന ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയായാണ് എതിരാളികൾ. അൾജീരിയയുമായുള്ള ആദ്യ മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവിൽ മികച്ച വിജയം നേടിയ അർജന്റീന തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്.
ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്.
വിശ്വവേദിയിൽ വീണ്ടും വിസ്മയമായി കേപ് വർദെ. ഗ്രൂപ്പ് എച്ച്- ൽ ഇന്നലെ നടന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായ്യെ 2 – 2 നാണ് കേപ് വർദെ തോല്പിച്ചത്. ലോകകപ്പിൽ തങ്ങളുടെ ആദ്യ ഗോൾ നേട്ടം കൂടി ഇന്നലെ കേപ് വർദെ ആഘോഷിച്ചു.
