കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്.
നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയുടെ മര്യാദ എല്ലാവരും പാലിക്കണമെന്നും ജ്യേഷ്ഠ സഹോദരന്മാർ പാലിക്കുന്ന രീതി 71 പുതിയ അംഗങ്ങളും മാതൃകയാക്കണമെന്നും സ്പീക്കർ സഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.
ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തില്‍ സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ.സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്നയിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിമർശനം എന്നാല്‍ ഭരണത്തിൽ വന്നപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല.ഇരു കൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കും തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്എഞു
മുൻ മന്ത്രി കെ ടി ജലീൽ സിപിഎം അംഗത്വം എടുത്തതായി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു. വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നും, താനും ഭാര്യയും പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും.
മലപ്പുറം പുൽപ്പറ്റയിൽ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിന് പകരം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിതരണം ചെയ്തു. സർക്കാർ ഉത്തരവ് ലംഘിച്ച്, പ്രായമായവരെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം നൽകിയെന്നും ഇതിനായി സർക്കാർ അനുവദിച്ച അധിക തുക നേതാക്കൾ കൈപ്പറ്റിയെന്നും സിപിഎം കുറ്റപ്പെടുത്തി.
വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത് അതിൽ സന്തോഷം ഉണ്ട്. അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.
2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.
നവകേരള ബസിന് നേരെയുണ്ടായ കല്ലേറുണ്ടായി എന്ന പ്രതികളുടെ വാദം കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഫോറൻസിക് പരിശോധനയിലും ഡ്രൈവറുടെ മൊഴിയിലും ഇത് തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയാണ് നരഹത്യശ്രമകുറ്റം ചുമത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതിയില്ല. വി ജോയ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വത്തിന്റെ അഹങ്കാരവും ജനവിരുദ്ധ സമീപനവുമാണെന്ന് മുൻ നേതാവ് ടികെ ഗോവിന്ദൻ. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായ അണികൾ തന്നെയാണ് പാർട്ടിക്ക് എതിരെ വോട്ട് ചെയ്തതെന്നും, തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. നെന്മാറ കണിമംഗലം പുഴക്കൽ തറ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് പിടികൂടിയത്.
കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് സംശയം.
കൊണ്ടോട്ടി ജോയിൻ്റ് ആർടി ഓഫീസിൽ എംഎൽഎ ടി.പി.അഷ്‌റഫലി നടത്തിയ യോഗത്തിൽ ചട്ടലംഘനമെന്ന് വിമർശനം. ഓഫീസിലെത്തിയ എംഎൽഎയെ ഉദ്യോഗസ്ഥർ നിരന്നുനിന്ന് സല്യൂട്ട് ചെയ്യുന്നതിൻ്റെയും എംഎൽഎ ഓഫീസിൽ ഉദ്യോഗസ്ഥൻ്റെ കസേരയിലിരുന്ന് യോഗം നടത്തുന്നതിൻ്റെയും വീഡിയോ റീലാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
പാലക്കാട് കോളേജ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി. അലൻ പുന്നൂസിനെയാണ് (20) കാണാതായത്. കോയമ്പത്തൂർ എജെകെ കോളേജ് ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്.
പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്.
പിലാത്തറയിലെ കാർ കവർച്ചയിൽ അന്വേഷണം കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക്.അക്രമി സംഘം കാറിനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്ന് കാറിലുണ്ടായിരുന്നവർ. എന്നാൽ സീറ്റിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച 55 ലക്ഷം രൂപ കൂടി നഷ്ടമായതായി കാറിന്‍റെ ഉടമ.
പയ്യന്നൂർ സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിൽ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ സംഭവത്തിൽ, വോട്ട് മറിച്ചെന്ന ആരോപണത്തെ തുടർന്നുള്ള വാക്കേറ്റമാണ് അധിക്ഷേപത്തിൽ കലാശിച്ചത്. വനിതാ നേതാവ് പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകൾക്കും സന്ദേശങ്ങൾക്കും പിന്നിലുള്ളവരെ പിടികൂടും എന്നും എസ് ഐ ടി വ്യക്തമാക്കി.
നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെയോടെ കാലവർഷം എത്തുമെന്നും വരും ദിവസങ്ങളിലും മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് എതിരെ വെളിപ്പെടുത്തലുമായി അഷ്കറിന്റെ ഉമ്മ. അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.ആഹാരം കഴിക്കാത്തതിന് അഷ്കർ കുഞ്ഞിനെ ചവിട്ടാറുണ്ട്. ആ മർദനത്തിലാകാം കുഞ്ഞ് മരിച്ചതെന്നും അഷ്കറിന്റെ ഉമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപ മുഖ്യമന്ത്രി മാത്രമാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും.
കോളേജിലെ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫീസിൽ നിന്ന് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലേറെ രൂപ കണ്ടെടുത്തു. കറൻസി നോട്ടുകളിൽ ഭൂരിഭാഗവും ചിതലരിച്ചും ദ്രവിച്ചും പൂർണമായും നശിച്ച നിലയിലായിരുന്നു. പശ്ചിമ ബംഗാളിലെ സുരേന്ദ്രനാഥ് കോളേജിലാണ് സംഭവം.
ദില്ലിയിൽ നാല് നില കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചു. കൂടുതൽ വാടക വരുമാനം ലക്ഷ്യമിട്ട് ഉടമ നടത്തിയ നിയമവിരുദ്ധ നിർമ്മാണമാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. കെട്ടിട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു, എന്നാൽ നിർമ്മാണം നടത്തിയ ബിൽഡർ ഒളിവിലാണ്.
പശ്ചിമ ബംഗാളിലെ നബദ്വീപിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പ്രദേശത്തെ ജനങ്ങളുടെ വികസനം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് വാർഡ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ തങ്ങൾ ബിജെപിയിൽ ചേരില്ലെന്നും അവർ അറിയിച്ചു.
പശ്ചിമ ബംഗാളിലെ നബദ്വീപിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പാർട്ടി ഓഫീസ് ബിജെപിക്ക് വിട്ടുനൽകി. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പ്രദേശത്തെ ജനങ്ങളുടെ വികസനം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് വാർഡ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ തങ്ങൾ ബിജെപിയിൽ ചേരില്ലെന്നും അവർ അറിയിച്ചു.
പശ്ചിമബംഗാളിൽ മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഭൂരിപക്ഷം എംപിമാരും വിട്ടുനിന്നു. പാർട്ടിക്ക് ആകെയുള്ളത് 80 എംഎൽഎമാരാണ്. ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടിക്കുള്ളത് 42 എംപിമാരും. പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്.
എട്ടാം ശമ്പള കമ്മീഷന് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 15 വരെ അന്തിമമായി നീട്ടി. നിലവിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ ആരംഭിച്ച കമ്മീഷൻ, 2027 പകുതിയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്നും ഫിറ്റ്‌മെന്റ് ഫാക്ടർ 3.83 ആയിരിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ബ്രിട്ടന്റെ പുതിയ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇതില്‍ അയവുവരുത്തിയില്ലെങ്കില്‍, സ്കോച്ച് വിസ്കി പോലുള്ള ഉൽപ്പന്നങ്ങൾക്ക് നൽകിയ നികുതിയിളവുകൾ പുനഃപരിശോധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഈ തർക്കം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലെ ക്വിഷം ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാൻ, കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണ ശ്രമങ്ങളെ അമേരിക്കൻ-ബഹ്‌റൈൻ പ്രതിരോധ സേനകൾ തടഞ്ഞെങ്കിലും ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വധിക്കപ്പെട്ട് മൂന്ന് മാസത്തിനൊടുവിൽ, മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി ഇറാൻ. മൂന്ന് ദിവസത്തെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാൽ, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്.
ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം.
