കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്.
മലയിടംതുരത്ത് ഉന്നതി ഒഴുപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കോടതിയോട് സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും. തുടർന്ന് കോടതിയുടെ നിർദ്ദേശത്തോട് മാത്രമായിരിക്കും തുടർ നടപടി സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
എറണാകുളം മലയിടം തുരുത്തിൽ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഇടതുപക്ഷ ഭരണത്തിലും കോടതി വിധി ഉണ്ടായിരുന്നു. അന്നൊന്നും പാരിയത്ത് കാവിൽ പൊലീസ് ഇങ്ങനെ പെരുമാറാൻ ധൈര്യപ്പെട്ടിട്ടില്ല. പുതിയ മുഖ്യമന്ത്രിയായി വടശ്ശേരി ദാമോദര മേനോൻ സതീശൻ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാളാണ് എറണാകുളം പാരിയത്ത് കാവിലെ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പൊലീസ് വേട്ടക്കിറങ്ങിയതെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി കെഎസ്ആർടിസി.സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും.
ആലപ്പുഴയിൽ നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിവരും. ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമെന്ന് എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു.
മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിച്ചതായി വെളിപ്പെടുത്തൽ. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം കേസ് ഡയറി തിരുത്തിയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി.
ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ നിരസിച്ചു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് സിപിഎം അംഗത്വം മരവിപ്പിച്ചത്.
മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ ബിലാൽ സംഭവത്തിന്റെ മുഖ്യസൂത്രധാരനാണെന്നും നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഒരു ഡീലിൽ ലഭിക്കുക 50000 – ഒരുലക്ഷം വരെയാണ്. കേസിൽ രണ്ട് പരാതികൾ കൂടി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
കെ-റെയിലിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. സംസ്ഥാന സർക്കാരിന് കേസ് എഴുതിത്തള്ളാമെന്ന് പറയാം. പക്ഷേ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല കോടതിയാണ്. ശബരിമല കേസിലും ഇതാണ് സ്ഥിതിയെന്നും പി രാജീവ് വ്യക്തമാക്കി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനം. ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നും, സിപിഐ മന്ത്രിമാരുടെ പ്രവർത്തനം പരാജയമായിരുന്നുവെന്നും യോഗം വിലയിരുത്തി.
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി 68 കാരി. കുത്തിവെപ്പിനിടെ ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി ഒരു വർഷത്തോളം വേദന അനുഭവിച്ചെന്ന് പരാതി.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയതായി പരാതി. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഏകദേശം 120 ഓടുകൾ തകർന്ന് വീണതായി വീട്ടുകാർ പറഞ്ഞു.
സിപിഎം അടൂർ ഏരിയ കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടരിക്ക് രൂക്ഷ വിമര്‍ശനം ജയന്റെ സിനിമയിലെ ഒരു ഗാനമുണ്ട്” ചാം ചച്ച ചോം ചച്ച ” ആ പാട്ട് എഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും എന്താണെന്നറിയില്ല അതുപോലെയാണ് ഗോവിന്ദന്റെ പത്രസമ്മേളനം പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ഒഴിഞ്ഞ് നിന്ന് മാതൃക കാട്ടണമെന്നും ആവശ്യം ഉയര്‍ന്നു
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
മഡിവാളയിൽ ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്താനായി ദേശീയ പാതയിൽ സിസിടിവി സ്ഥാപിച്ച ഇന്ത്യക്കാരൻ പിടിയിൽ. പത്താൻകോട്ട് ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് എന്ന ബിട്ടുവാണ് സുജൻപൂർ പൊലീസിന്‍റെ പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയിൽ ആണ് ഇയാൾ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഏജന്റുകൾക്ക് തത്സമയം നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഊർജ്ജ വിതരണത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ജൂൺ 1 മുതൽ 3വരെ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെയാണ് അനുമതി. ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പശ്ചിമാഫ്രിക്കയിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവെച്ചു. ആരോഗ്യ സുരക്ഷാ വെല്ലുവിളികളും വൈറസ് വ്യാപന സാധ്യതയും കണക്കിലെടുത്താണ് ആഫ്രിക്കൻ യൂണിയനുമായി ചർച്ച ചെയ്ത് ഈ തീരുമാനമെടുത്തത്. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഉച്ചകോടി വീണ്ടും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞത് രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടില്‍ പറയുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും. അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡ് ആയതിന് പിന്നാലെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് കോക്രോച്ച് ജനത പാർട്ടി.
മകന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ തനിക്ക് സാധിച്ചേക്കില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ യുദ്ധം, സമാധാന ചർച്ചകൾ തുടങ്ങിയ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ദേശീയ സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാണ് വിവാഹത്തിൽ പങ്കെടുക്കാനാകുമോ എന്ന കാര്യത്തിൽ സംശയമെന്ന് ട്രംപ് പറയുന്നു. എന്നാൽ മകന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു
യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടേത് വെറും കള്ളപ്രചാരണങ്ങൾ മാത്രമാണെന്നും, സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. കമ്യുണിസ്റ്റ് ക്യൂബയ്ക്ക് എതിരായ നീക്കം ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത് വന്നിട്ടുണ്ട്.
