വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനം ഉണ്ടാകുക. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും.
വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ തീരാനോവായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ. പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ തന്നെ മസ്നീനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വനിത സംവരണത്തെ അട്ടിമറിച്ചത് ബിജെപിയെന്ന് കെ സി വേണുഗോപാൽ. 543 അംഗ സഭയിൽ മൂന്നിൽ ഒന്ന് സംവരണം നൽകാൻ തയ്യാറാകണം. 2029 ലോക്സഭ അതിൻ്റെ അടിസ്ഥാനത്തിൽ ആകണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് പാസാക്കാം എന്നാണ് ബിജെപി കരുതിയത്. ജനാധിപത്യം അട്ടിമറിക്കാനായിരുന്നു ശ്രമം. അത് പൊളിഞ്ഞതിൽ ഉള്ള നിരാശയാണ് ബിജെപിക്ക്. വനിത സംവരണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചരണം നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ.ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു.വൈകുന്നേരത്തെ ആവശ്യകതയും റെക്കോർഡിൽ എത്തി.ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തു്ടര്‍ന്നാല്‍ ലോഡ് ഷെജിംഗു പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.
നിതിൻ രാജിന്റെ മരണത്തിൽ പൊലീസിന്റെ നിർണായക നീക്കം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജി വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് റിമാൻഡിലായത്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതര്‍ ശ്രമിക്കുകയാണെന്നും അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ലെന്നും കേസ് അന്വേഷണത്തിൽ തൃപ്തരല്ലെന്നും നിതിന്‍റെ സഹോദരി ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം. മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. 12പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ നാലുപേര്‍ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കുഴഞ്ഞുവീണു. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിന്‍റെ കാരണം നോക്കാൻ പോയപ്പോൾ ആണ് ശ്വാസതടസം അനുഭവപ്പെട്ടത്.
തിമിരി ബോംബ് കേസിൽ സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. കണ്ണൂർ ആലക്കോട് തിമിരിയിൽ ആർ എസ് എസ് – ബി ജെ പി പ്രവർത്തകരെ ബോംബ് എറിഞ്ഞതായിരുന്നു കേസ്. പഞ്ചായത്ത് അംഗം അടക്കം 10 സി പി എം പ്രവർത്തകർക്കാണ് 25 വർഷം തടവ് വിധിച്ചത്. 2011 നവംബർ 27 നായിരുന്നു സംഭവം.
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നൽകുന്ന ടൗൺഷിപ്പിലെ ഒരുവീട്ടിൽ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത ഭാഗത്ത് ഉരച്ചുനോക്കുകയും വിലയിരുത്തുകയും ചെയ്തു.
പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് കായംകുളത്ത് മുട്ടക്കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. ഐക്യ ജങ്ഷനിൽ പ്രവർത്തിക്കുന്ന ബൈജുവിന്റെ ഉടമസ്ഥതയിലുള്ള പി കെ മുട്ടക്കടയ്ക്കു നേരെയായിരുന്നു ആക്രമണം. കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെത്തുടർന്ന് കടയിൽ സൂക്ഷിച്ചിരുന്ന മുട്ടകൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ജീവനക്കാരനെ മർദിക്കുകയുമായിരുന്നെന്ന് കടയുടമ പറഞ്ഞു.
വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. വെള്ളിയാഴ്ച രാത്രി 10:25 ഓടെയാണ് സംഭവം നടന്നത്. അപകടത്തെത്തുടർന്ന് പൂണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു.
ഗൾഫ് സംഘർഷം കാരണം അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപമുള്ള വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകളുടെ വൻ പ്രവാഹമാണ്. നിലവിൽ നൂറോളം കപ്പലുകൾ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും, തുറമുഖത്തിന്റെ ശേഷി പരിമിതി ഒരു വെല്ലുവിളിയായി തുടരുന്നു, ഇത് പരിഹരിക്കാൻ വിപുലീകരണ പദ്ധതികൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം.
കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.വീരപ്പൻ ജീവിച്ചിരുന്നാൽ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കൾക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കാൻ കാരണം. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്നാട് മുഖ്യമന്ത്രിയായേനെ എന്നും ഭാര്യ മുത്തുലക്ഷ്മി അവകാശപ്പെട്ടു.
വനിത സംവരണ ബില്‍ പാസ്സാക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിത സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാടിനെതിരെ സ്ത്രീകല്‍ തെരുവിലിറങ്ങുമെന്ന് കേന്ദ്ര ബിജെപി നേതാക്കള്‍ വ്യക്തമാക്കി. വനിത സംവരണ ബിൽ പാസാക്കാൻ ഇനിയും ശ്രമം നടത്തുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഇറാനിൽ നിന്ന് 2,361 പേരെ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ദില്ലയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്.
കരസേനയുടെ ലഖ്നൗ ആസ്‌ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സ്‌ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ സിജെ ജയചന്ദ്രൻ മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനുശേഷമാണ് നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ചേർന്നത്.
കഞ്ചാവ് കൈവശം വച്ചതിന് എയർ ഇന്ത്യ പൈലറ്റിനെ നാടുകടത്തി യുഎസ് അധികൃതർ. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെയാണ് കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു.
അനുചിതമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് വഴിവയ്ക്കുമെന്ന് തിരുച്ചിറപ്പള്ളി ദേശീയ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി.നാഗരാജ്. ഷോട്സ് ധരിക്കുന്നവർ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയാണെന്നും ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തുകയാണെന്നുമുള്ള വി.നാഗരാജിന്‍റെ പരാമർശത്തിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.യൂണിവേഴ്സിറ്റിയുടെ പ്രശസ്തിക്ക് വസ്ത്രധാരണം കാരണമാണെന്നാണ് നാരാജ് അവകാശപ്പെടുന്നത്.
യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. മുൻപ് നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനെ തുടർന്നാണ് വീണ്ടും ചർച്ചകൾക്ക് കളമൊരുങ്ങുന്നത്.
