20251128 141206 0000

 

ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം നിസ്സാരവൽക്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമര്‍ശിച്ചു. സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താൽ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു.

സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.

വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. രാവിലെ മുതൽ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങൾ‌ക്കൊടുവിലാണ് നിജി ജസ്റ്റിൻ മേയറായി സത്യപ്രതിജ്ഞ ചെയ്തത്.

തൃശ്ശൂർ മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ പറഞ്ഞു.

കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെതിരെ തൃശൂർ ഡിസിസി. നാല് പ്രാവശ്യം കൗൺസിലറായ വ്യക്തിയാണ് ലാലി. അവർ ആ‍ർക്കാണ് കൗൺസിലറാകാൻ പെട്ടി കൊടുത്തതെന്ന് വ്യക്തമാക്കണമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. വൈകാരികമായി അല്ല ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ടത്. അവർ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച ബിജെപിയുടെ, മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ആശംസകൾ അറിയിച്ചു. ഇന്ന് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി ഫോണിലൂടെ വി വി രാജേഷിന് ആശംസ അറിയിച്ചു.

ഇനി വിവി രാജേഷ് തലസ്ഥാന ന​ഗരിയുടെ നാഥൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.

തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ വി വി രാജേഷ്. നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കാര്യം പാർട്ടി അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.

തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ടെടുപ്പിൽ പരാതിയുമായി സിപിഎം.ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് സിപിഎം കൗൺസിലർ എസ്.പി ദീപക് ഉന്നയിച്ചത്. ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല.

ഷൊർണൂർ നഗരസഭാധ്യക്ഷയായി എൽഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച പി. നിർമല തെരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫിനോട് പി നിർമല അധ്യക്ഷ സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിർത്താൻ പി നിർമലയെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചത്. 17 എൽഡിഎഫ് അംഗങ്ങളും നിർമലക്ക് വോട്ട് ചെയ്തു. നിർമലയുടെ വോട്ടടക്കം ആകെ 18 വോട്ടുകൾ നേടി.

ഒറ്റപ്പാലം നഗരസഭയിൽ സിപിഎമ്മിലെ എം.കെ.ജയസുധ ചെയർപഴ്സണായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എസ് സി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാത്തതാണ് ഏകപക്ഷീയമായ വിജയത്തിനു വഴിയൊരുക്കിയത്. സിപിഎം കൗൺസിലർ കെ.കെ.രാമകൃഷ്ണൻ നാമനിർദേശം ചെയ്ത ജയസുധയെ യുഡിഎഫ് നേതാവ് പി.എം.എ.ജലീൽ പിന്തുണച്ചതും ശ്രദ്ധേയമായി. ഇവിടെ ഉച്ച കഴിഞ്ഞാണ് ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ്.

വേങ്ങരയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് പോസ്റ്റർ പ്രചാരണത്തിലേക്ക് എത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രനായ അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നേതൃത്വം നിശ്ചയിച്ചതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. “വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാൻ?” എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.

മേയർമാരെ തിരഞ്ഞെടുക്കുന്നതിൽ ഞാൻ ഇടപ്പെട്ടില്ല എന്നതാണ് എനിക്കെതിരായ ഗുരുതരമായ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘തിരഞ്ഞെടുപ്പ് ജയിപ്പിക്കുന്നത് വരെ ഞാൻ അവിടെയുണ്ടായിരുന്നു. ഞാൻ ഇടപെടാൻ പാടില്ല. ഒരു മുതിർന്ന നേതാവും ഇടപെടാൻ പാടില്ല. ഇതിന് നടപടിക്രമം ഉണ്ട്’ സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടിയതിൽ പ്രതിഷേധവുമായി കെജിഎംഒഎ. ഏകപക്ഷീയമായി രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തനസമയം വർധിപ്പിക്കാനുള്ള സർക്കാർ ഉത്തരവിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെജിഎംഒഎ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ യാതൊരു വർധനവും വരുത്താതെയാണ് ജീവനക്കാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന ഈ തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു

സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്

വയനാട്ടിൽ 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയത്. 14 വയസുള്ള ആൺ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഇലവീഴാപൂഞ്ചിറ മലനിരയിൽ വൻ തീപ്പിടിത്തം. നിയന്ത്രണവിധേയമാക്കിയ തീ രാത്രിയോടെ വീണ്ടും പടർന്നു. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്.

രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ചെയർപേഴ്സൺ നിലപാടെടുത്തതോടെ മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും. പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസിൽ കയറില്ലെന്ന നിലപാടെടുത്തത്.

ഉത്തർപ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൻഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ഉന്നാവിലെ അതിജീവിത. സെൻഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ട്. സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗക്കേസിൽ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാർ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത പറഞ്ഞു.

കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ബലൂണുകളിൽ നിറയ്ക്കാൻ ഉപയോഗിക്കുന്ന ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി സലീം ആണ് മരിച്ചത്. 4 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് അപകടമുണ്ടായത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൻ ഐഎയും അന്വേഷണം നടത്തും.

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി. അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി.

നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങിയതായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും, നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നുമാണ് ട്രംപിന്‍റെ വിശദീകരണം.

കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്‌ഡി വിദ്യാർത്ഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവ്വകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപത്ത് വെച്ചാണ് 20 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ശിവാങ്ക് മരിച്ചു. ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.

പഞ്ചാബിൽ മുൻ‌കൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് ഹൈക്കോടതി വിലക്കി. പൊതുതാത്പര്യ ഹർജിയിലാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവർ അടങ്ങിയ ബെഞ്ച് സുപ്രധാനമായ ഉത്തരവ് ഇറക്കിയത്.

ഒഡീഷയിൽ അന്യസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള ജുവൽ ഷെയ്ഖ് എന്ന തൊഴിലാളിയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായി .കൊല്ലപ്പെട്ടത്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാരാണെന്ന് സംശയിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചതെന്ന് പരിക്കേറ്റ തൊഴിലാളികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ത്യൻ കരസേന. ഇനി മുതൽ സൈനികർക്ക് ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും. എന്നാൽ, ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല. അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും നിശബ്ദ കാഴ്ചക്കാർ ആയി മാത്രമേ സൈനികർക്ക് തുടരാനാകൂ.

ഓൺലൈൻ ബെറ്റിംഗ് ആപ്പുകളിലും ഗെയിമുകളിലും പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ 18 വയസ്സുകാരനായ വിക്രം, ഒരു ലക്ഷം രൂപ ബെറ്റിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടർന്ന് കീടനാശിനി കഴിച്ച് മരിച്ചു. വിക്രം ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ട വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) ഭീകരർക്ക് നേരെ അമേരിക്കൻ സൈന്യം മാരകമായ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്മസ് ദിനത്തിൽ നടന്ന ഈ സൈനിക നടപടിയിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നൈജീരിയയിൽ ക്രിസ്ത്യാനികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെ നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കം. നൈജീരിയൻ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് സോകോട്ടോ സ്റ്റേറ്റിൽ ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാൻഡ് അറിയിച്ചു.

ബംഗ്ലാദേശിൽ തന്റെ പുറത്താക്കലിന് പിന്നാലെ അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിൽ ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകർക്കുന്ന സർക്കാരാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. മുസ്ലിങ്ങളല്ലാത്തവർക്കെതിരെ വലിയ അതിക്രമം നടക്കുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നും അവർ പറഞ്ഞു.

പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേശകൻ മിർസ ഷഹ്സാദ് അക്ബറിന് നേരെ ആക്രമണം നടന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *