പോഷണത്തിന്റെ കാര്യമെടുത്താല്‍ കോഴിയിറച്ചിയും മുട്ടയും ഒന്നിനൊന്ന് മെച്ചം. കൊളീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകള്‍ക്കും ചയാപചയ സംവിധാനത്തിനുമെല്ലാം ആരോഗ്യം നല്‍കും. പല തരം ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും ഇതില്‍ അടങ്ങിയിരിക്കുന്നു. മറുവശത്ത് കോഴിയിറച്ചിയാകട്ടെ പേശി വളര്‍ത്താനും ഭാരം കുറയ്ക്കാനുമൊക്കെ നിര്‍ദ്ദേശിക്കപ്പെടുന്ന ലീന്‍ പ്രോട്ടീനാണ്. ഇതില്‍ ബി വൈറ്റമിനുകളായ നിയാസിനും ബി6 ഉം അടങ്ങിയിരിക്കുന്നു. ഈ പോഷണങ്ങള്‍ ഭക്ഷണത്തെ ഇന്ധനമാക്കി മാറ്റാന്‍ സഹായകമാണ്. തൈറോയ്ഡിന്റെ ആരോഗ്യം, എല്ലുകളുടെ കരുത്ത്, കോശങ്ങളുടെ അറ്റകുറ്റപണി എന്നിവയ്ക്ക് ആവശ്യമായ സെലീനിയവും ഫോസ്ഫറസും കോഴിയിറച്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ തന്നെ കോഴിയുടെ നെഞ്ച് ഭാഗത്തെ ഇറച്ചി ഏറ്റവും കുറഞ്ഞ തോതിലുള്ള കൊഴുപ്പിനൊപ്പം ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ ശരീരത്തിന് പ്രദാനം ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കോഴിയിറച്ചി നല്ലതാണ്. ശരീരം മുട്ടയിലെ പ്രോട്ടീനെ വളരെയെളുപ്പത്തില്‍ കാര്യക്ഷമമായി വലിച്ചെടുക്കുമെന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം ധൈര്യമായി മുട്ട തിന്നാവുന്നതാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള വിശപ്പ് നിയന്ത്രിക്കാനും മുട്ട നല്ലതാണ്. മുട്ടയെ അപേക്ഷിച്ച് കോഴിയിറച്ചി ദഹിക്കാന്‍ കുറച്ച് കൂടി സമയമെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ അമിതമായി വേവിച്ച ഇറച്ചി ദഹനത്തിന് നല്ലതല്ല.
കോഴിയിറച്ചിയാണോ മുട്ടയാണോ ആരോഗ്യത്തിന് നല്ലത്?
