ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് പതാക ഒളിപ്പിച്ചുവെന്നും ത്രിവര്‍ണ്ണ പതാക ഉപേക്ഷിക്കണമെന്ന സംഘ പരിവാര്‍ ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങുകയാണോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ  രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസിന്റേയും പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മുസ്ലിം ലീഗില്‍ നിന്ന് നാളെ മുസ്ലിം ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് കെടി ജലീല്‍. പണ്ട് കോണ്‍ഗ്രസ് ലീഗിനോട് പറഞ്ഞത് സിഎച്ചിനെ സ്പീക്കറാക്കണമെങ്കില്‍ ‘തൊപ്പി’ അഴിച്ചുവെക്കണമെന്നാണ്. ഇപ്പോള്‍ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഗിനോട് കല്‍പ്പിക്കുന്നത് അബദ്ധവശാല്‍ പോലും പച്ചപ്പതാക ഉയര്‍ത്തിപ്പോകരുതെന്നാണെന്നും കെടി ജലീല്‍ പറഞ്ഞു.

ദില്ലിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണെന്നും ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ലെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധിയേയും ഇന്ത്യ മുന്നണിയേയേും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയതായിരുന്നു അവര്‍. രാഹുലിന്റെ  പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്ത്യ മുന്നണിക്ക് സ്വീകാര്യമല്ലേയെന്നും രാഹുല്‍ ഇന്ത്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലെയെന്നും ചോദിച്ച സ്മൃതി മുസ്ലിം ലീഗിന്റെ  തൃപ്തി നേടാന്‍ രാഹുല്‍ ഇവിടെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് അധികാരമോഹമാണെന്നും പറഞ്ഞു.

എസ്ഡിപിഐ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് വിഡി സതീശനും, എംഎം ഹസ്സനും വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ  തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് പുതിയ നീക്കം. ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്‍ക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴല്‍നോട് പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു.

ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഭിക്ഷക്കാരനോട് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ട ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഭിക്ഷക്കാരന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരന്‍ ചാടി രക്ഷപ്പെട്ടു.

സിപിഎം നേതാവും മുന്‍ എം.പിയുമായ പി.കെ.ബിജു  കരുവന്നൂര്‍ കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജറായി.ചോദ്യങ്ങള്‍ക്ക് അറിയാവുന്ന മറുപടി നല്‍കുമെന്ന്  ബിജു പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ  ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്

കരുവന്നൂരിലെ ജനങ്ങളുടെ പണം കവര്‍ന്നവര്‍ക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കില്‍ ഇഡിയില്‍ വിശ്വാസമില്ലാതാവുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ലെന്നും ചോരപ്പണമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാട്ടാളത്തെ നിര്‍ത്തിയായാലും  പണം കൊടുപ്പിക്കണം. ഇത് പ്രജാ രാജ്യമാണ്. ജനങ്ങള്‍ ഉലയാതിരിക്കാനാണ് ഇഡി. അവര്‍ അവരുടെ ജോലി ചെയ്യട്ടെ, അവരെ ജോലിചെയ്യാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴ പ്രവചനം. ഒപ്പം കടലാക്രമണത്തിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് നേരിയ സാധ്യതയുള്ളത്. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും തുടർ നടപടികൾ വൈകിച്ചതിനാൽ ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി, നവീന്‍തോമസ്, ഇവരുടെ സുഹൃത്ത് ആര്യ നായർ എന്നിവരുടെ മരണത്തിനിടയാക്കിയത് നവീൻ തോമസ് ആണെന്ന് സൂചന. ഭാര്യയും സുഹൃത്തിനെയും അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുകയും, മരണശേഷം മറ്റൊരു ഗ്രഹത്തിൽ ജീവിക്കാമെന്ന് വിശ്വസിപ്പിച്ചതുമായാണ് വിവരം.ഇവരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്.

സിബിസിഐ സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. സിബിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലെടുത്ത തീരുമാനങ്ങളിലാണീ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. എല്ലാ സ്‌കൂളുകളിലും സര്‍വമത പ്രാര്‍ത്ഥന മുറി സജ്ജമാക്കണമെന്നും മറ്റ് മതങ്ങളിലെ കുട്ടികള്‍ക്ക് മേല്‍ കൃസ്ത്യന്‍  ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും സ്വാതന്ത്ര്യ സമര സേനാനികള്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍  സ്‌കൂളില്‍ സ്ഥാപിക്കണമെന്നും സ്‌കൂളുകള്‍ക്ക് സുരക്ഷ കൂട്ടണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലുണ്ട്.

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം കൂടുന്നു.107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടു.

ഊരൂട്ടമ്പലം സര്‍വീസ് സഹകരണബാങ്കിൽ ക്രമക്കേടുകൾ കണ്ടെത്തി. നിക്ഷേപകരുടെ വ്യാജ ജാമ്യ പത്രം ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബോർഡ് മെമ്പർമാരുടെ ബന്ധുക്കൾക്കും വലിയ തുക വായ്പയായി നൽകിയിട്ടുണ്ട്. എന്നാൽ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തിയത് കൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്നാണ് ബാങ്കിന്റെ വിശദീകരണം.

രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപവുമുണ്ട്. എന്നാല്‍ സ്വന്തമായി വാഹനമോ  താമസിക്കാന്‍ ഫ്ളാറ്റോ ഇല്ല.ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ഇതുകൂടാതെ അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ബിജെപി എംപി ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുചെയ്ത കോൺഗ്രസ് എംപി രൺദീപ് സുര്‍ജേവാലയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി . ഹോമമാലിനിയും രൺദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുര്‍ജേവാലയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം പ്രചരിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് വിഷയത്തില്‍ നല്‍കുന്ന വിശദീകരണം.

രാഷ്ട്രപതിയോ, പ്രധാനമന്ത്രിയോ ആക്കാമെന്ന വാ​ഗ്ദാനം നൽകിയാൽ പോലും ബിജെപിയിലേക്ക് പോകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി-ആർ.എസ്.എസ് എന്നിവയിൽ പോയി ആരും വീഴരുത്. ശൂദ്രർ-ദലിതർ, സ്ത്രീകൾ എന്നിവർക്ക് ആർഎസ്എസ് സങ്കേതത്തിൽ പ്രവേശനമില്ല. ലോക്‌സഭാ സ്ഥാനാർത്ഥി എം. ലക്ഷ്മണന് വോട്ട് അഭ്യർത്ഥിച്ച് നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ രൂക്ഷ വിമർശനം നടത്തിയത്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *