Untitled design 20240624 134401 0000

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്.

 

 

 

വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു ഡി എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന്‍ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

മന്ത്രിമാരായ എംബിരാജേഷും ആര്‍.ബിന്ദുവും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ പറയുന്നതെന്ന് എംബിരാജേഷ് കുറ്റപ്പെടുത്തി. അത് തിരുത്താൻ ശ്രമിക്കുമ്പോൾ അദ്ദേഹം വഴങ്ങാറില്ലെന്നും, പരിഹാസവും പുച്ഛവുമാണ് പ്രസംഗത്തിൽ അത് തിരുത്തണമെന്നും എം ബി രാജേഷ് പറഞ്ഞു. അതോടൊപ്പം തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരൽചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതിൽ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു. എന്നാൽ രണ്ടു മന്ത്രിമാർക്കെതിരെയും എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കൂടാതെ തന്റെ പ്രസംഗം തടസപ്പെടുത്തലാണ് രണ്ടുമൂന്നു മന്ത്രിമാരുടെ സ്ഥിരം പരിപാടിയെന്നും, ധിക്കാരവും ധാർഷ്ട്യവും പുച്ഛവും ആർക്കാണെന്ന് എല്ലാവർക്കും അറിയാം , തിരുത്താൻ ആണല്ലോ നിങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആ ചാപ്പ എന്റെ മേൽ കുത്തേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ,പക്ഷെ അതുണ്ടാകാറില്ലെന്ന് സ്പീക്കറും കൂട്ടിച്ചേർത്തു.

 

 

 

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചും അനുവദിച്ചു.

 

 

 

 

നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു. എന്നാൽ സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണെന്നും, വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. രാജ്യാന്തര തലത്തിൽ കേരളത്തിലെ സർവ്വകലാശാലകളുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

 

 

 

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സൂചന. പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ പ്രാധാന്യം ക്ഷേമപെന്‍ഷന് നല്‍കും. അടുത്ത മുന്‍ഗണന സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ ജനത്തെ നേരിട്ടു ബാധിക്കുന്ന മേഖലകള്‍ക്ക് നൽകും. ക്ഷേമപെന്‍ഷന്‍ കുടിശിക തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കൊടുത്തുതീര്‍ക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടുന്നത് പ്ലാൻ ബിക്ക് ഗുണകരമാകുമെന്നാണ് റിപ്പോർട്ട്.

 

 

 

 

പി എസ് സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. തൻെറ ഭാഗത്തെ പിഴവില്ലെന്ന് നേതൃത്വത്തെ അറിയിച്ച പ്രമോദ് വനിതാ ഡോക്ടറുടെ പക്കൽ നിന്ന് 22 ലക്ഷം രൂപ വാങ്ങിയെടുക്കുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്ത സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചതായാണ് സൂചന. ശനിയാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

 

 

 

 

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിമയലംഘനം നടത്തി ഓടിച്ച വാഹനം ഇന്നലെ രാത്രി പനമരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആകാശ് തില്ലങ്കേരിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ഷൈജലാണ് വാഹനം സ്റ്റേഷനില്‍ എത്തിച്ചത്. എന്നാൽ രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്.

 

 

 

 

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നൈറ്റ് പട്രോളിങ്ങുൾപ്പെടെയുള്ള നിരീക്ഷണം ഏർപ്പെടുത്തിയത്.

 

 

 

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യാതിരുന്നതിന് മുരിയാട് പുല്ലർ സ്വദേശിക്ക് കോടതി രണ്ടായിരം രൂപ പിഴയിട്ടു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിലാണ് കോടതി നടപടി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിക്കാതെ വന്നതിന് പിന്നാലെയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ചത്.

 

 

 

 

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ സർവകലാശാല പ്രിൻസിപ്പൽ സുനില്‍ ഭാസ്ക്കറിന്റെ വിശദീകരണം തേടി. ഉടനടി വിശദീകരണം നൽകിയെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് വിദ്യാർത്ഥികൾ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. അതോടൊപ്പം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

 

 

സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സ്ഥിരീകരിച്ചു. യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപണം. അതോടൊപ്പം, തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് യദു കൃഷ്ണൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പടെ പരാതിയും നൽകി. എന്നാൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

 

 

 

ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് വിവാദ യൂട്യൂബർ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുളള പരിപാടിയിൽ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് നോട്ടീസിലുള്ളത്. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

 

 

നടൻ സുരേഷ് ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ. തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.

 

 

 

കാസർകോട് ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി.

 

 

 

മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങൾ കണാതായതായി റിപ്പോർട്ട്. ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടത്തിയത്. എട്ട് സപ്പൈക്കോ ജീവനക്കാർക്കെതിരെ കല്പഞ്ചേരി പൊലീസ് കേസ് എടുത്തു. ഡിപ്പോ മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

 

കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസും വാഹന രജിസ്ട്രേഷനും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. ഇടപ്പള്ളി കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യുവാവ് യാത്ര ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്.

 

 

മലപ്പുറം വേങ്ങരയിൽ സംശയ രോഗവും കൂടുതൽ സ്ത്രീധനം ചോദിച്ചും ഭർത്താവ് മർദ്ദിച്ചതായി നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയിൽ തന്നെ ഭർത്താവായ ഫായിസ് ക്രൂരമായി മർദിച്ചെന്നും തലയിണ മുഖത്തമർത്തി കൊല്ലാൻ നോക്കി. പുറത്തു പറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായി നവവധു വ്യക്തമാക്കി. ഫായിസ് മർദിക്കുമ്പോൾ വീട്ടുകാർ നോക്കി നിന്നെന്നും അവർ പറഞ്ഞു. നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

 

 

ഇടപ്പള്ളി വൈറ്റില റൂട്ടിൽ ദേശീയ പാതയിൽ തടി ലോറി മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന തടികൾ റോഡിലേക്ക് മറിഞ്ഞതോടെ സ്ഥലത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ഇടപ്പള്ളി വൈറ്റില റൂട്ടിൽ ചക്കര പറമ്പിലാണ് ലോറി അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ക്ലീനർക്ക് കൈക്ക് പരിക്കേറ്റു.

 

 

 

 

മലപ്പുറം വഴിക്കടവിൽ ഒരാൾക്ക് എച്ച്‍വൺഎൻവൺ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചു.

 

 

 

അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ, അഭിനനന്ദ എന്നിവരാണ് മരിച്ചത്. കുനിയിൽ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണാണ് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

 

 

പാലാ-ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ അമ്പലം ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി എബിൻ ജോസഫാണ് മരിച്ചത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു.

 

 

 

 

നീറ്റ് ചോദ്യപേപ്പർ ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണ് ചോർത്തിയതെന്ന് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാർത്ഥികൾക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

 

 

 

യു.ജി.സി- നെറ്റ് പരീക്ഷാക്കടലാസ് ചോർന്നിട്ടില്ലെന്ന് സി.ബി.ഐ. കണ്ടെത്തൽ. ടെലഗ്രാമിൽ പ്രചരിച്ച ചോദ്യക്കടലാസ് പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സി.ബി.ഐ. കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ചോദ്യക്കടലാസ് ചോർന്നുവെന്ന വിവരത്തെത്തുടർന്ന് പരീക്ഷ നടന്ന് പിറ്റേന്ന് കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു.

 

 

 

 

മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻഗണക്കായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായിട്ടില്ല.

 

 

 

ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി സ്ത്രീകളെ തടങ്കലിൽ വച്ചതിനുമാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറൻ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്.

 

 

 

ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ് 30 പേർ മരിച്ചെന്ന് റിപ്പോർട്ട് . പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ ഏഴു പേർക്കും, പൂർവാഞ്ചലിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 10 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

 

 

കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി ടീമിന് പേരിട്ട് നടന്‍ പൃഥ്വിരാജ്. ഫോഴ്സാ കൊച്ചി എഫ്‌സി എന്നാണ് ടീമിന്‍റെ പേര്. പോര്‍ച്ചുഗീസ് ഭാഷയില്‍ മുന്നോട്ട് എന്നാണ് ഫോഴ്സാ എന്ന വാക്കിന്‍റെ അര്‍ത്ഥം. കാൽപന്തിന്‍റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ ക്ലബ്ബിന്‍റെ പേര് പ്രഖ്യാപിച്ചത്.

 

 

 

 

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിതനായ ഗൗതം ഗംഭീറിന്‍റെ പ്രതിഫലകാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. പ്രതിഫലത്തിന്‍റെ കാര്യം ഗംഭീറിന്‍റെ അവസാന പരിഗണനയാണെന്നും തന്‍റെ സഹപരീശലകരെ നിയമിക്കുന്നതിലും അടുത്ത പരമ്പരക്കായി ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിലുമാണ് ഗംഭീര്‍ ആദ്യ പരിഗണന നല്‍കുന്നതെന്നുമാണ് റിപ്പോർട്ട്.

 

 

 

കോപ്പ അമേരിക്ക സെമി ഫൈനലിൽ തോൽവിക്കു പിന്നാലെ കൊളംബിയൻ ആരാധകരെ മർദിച്ച് യുറഗ്വായ് താരങ്ങൾ. യുറഗ്വായുടെ ലിവർപൂൾ താരം ഡാർവിൻ നൂനസ് ഉൾപ്പെടെയുള്ളവരാണ് കാണികൾക്കുനേരെ തിരിഞ്ഞത്. നൂനസ് മറ്റു താരങ്ങൾക്കൊപ്പം സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിലേക്ക് കയറിച്ചെന്ന് കൊളംബിയൻ ആരാധകരെ ഇടിക്കുകയായിരുന്നു. സെമിയിൽ യുറഗ്വായ് ഒരു ഗോളിനാണ് കൊളംബിയയോട് തോറ്റത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *