റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. നാൽപ്പത് വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയിൽ എത്തിയ മോദി, ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെയും ചാൻസലർ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം തേടും. വിയന്നയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും മോദി സംവദിക്കും.
ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ക്ഷേമ ആനുകൂല്യങ്ങളിലും കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകൾ ഈ മാസം 31 ന് അകം പ്രത്യേകം ഉത്തരവിറക്കണമെന്നും കടുത്ത പണ ഞെരുക്കത്തിനിടയിലും സർക്കാർ അവശ വിഭാഗത്തെ ചേർത്ത് നിർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനവുമായി സിപിഎം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. ആർക്കാണ് ധാർഷ്ട്യമെന്ന ചോദ്യത്തോടെ വിമര്‍ശനം തുടങ്ങിയ കടകംപള്ളി തികഞ്ഞ അഹങ്കാരത്തോടെ സഭയിൽ പെരുമാറുന്നത് പ്രതിപക്ഷ നേതാവാണെന്ന് കുറ്റപ്പെടുത്തി. സർവജ്ഞ പീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ശങ്കരാചാര്യർ കഴിഞ്ഞാൽ താനാണെന്ന ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സഭയിൽ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. എന്നാൽ ധാർഷ്ട്യത്തിന് കയ്യും കാലും വയറും ഒക്കെ വെച്ചാൽ പ്രതിപക്ഷ നേതാവായെന്നും കടകംപള്ളി സുരേന്ദ്രൻ വിമര്‍ശിച്ചു.
അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ കെ രമ. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അവര്‍ പറഞ്ഞു. ഇരക്ക് ഒപ്പം എന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും കെ കെ രമ പറഞ്ഞു. എന്നാൽ പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കൂടാതെ കാലടി കോളേജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു. സർക്കാരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇരയാണ് താൻ എന്നും വീണ ജോർജ് പറഞ്ഞു. ഇടത് നേതാക്കൾക്ക് എതിരെ സൈബർ ആക്രമണം നടത്തിയവർക്ക് കോൺഗ്രസ് പിന്നീട് പദവി നൽകി. വടകരയിൽ കെ കെ ഷൈലജക്ക് എതിരെ ആര്‍എംപി നേതാവ് പറഞ്ഞത് എന്താണെന്നും അവര്‍ ചോദിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
കെ കെ രമ അവതരിപ്പിച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രമേയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു നിലപാട് ഉണ്ടാകാവു എന്ന കാര്യത്തില്‍ തർക്കമില്ലെന്നും കാപ്പ കേസിൽ പ്രതിയായ ആളെ മാല ഇട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആളാണ് ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമെന്ന് എം വിൻസെന്റ് എംഎൽഎ നിയമസഭയിൽ വിമര്‍ശനം ഉന്നയിച്ചു. എന്നാൽ എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിയത് ഇകെ നയനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണെന്ന് സഭയിൽ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് എം വിൻസൻ്റ് എംഎൽഎയുടെ പ്രതികരണത്തിനായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയുടെ മറുപടി. മന്ത്രി വി.എൻ വാസവൻ പറഞ്ഞ വാദം മന്ത്രി സജി ചെറിയാനും സഭയിൽ ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആദ്യം തീരുമാനിച്ചത് ഇകെ നായനാർ സർക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുഡിഎഫ് സർക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ചോര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളോട് ഒപ്പവും അവിശ്വാസികൾക്കൊപ്പവും നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ട്. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരള സർക്കാർ നടത്തിയ കേരളീയത്തിന്റെ ആദ്യ പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരിൽ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതോടൊപ്പം സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നൽകിയവരുടെയും പട്ടികയിൽ നികുതി കുടിശികയുള്ളവര്‍ ഉൾപ്പെട്ട കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കേരളീയത്തിൻ്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തേടി പിസി വിഷ്ണുനാഥ് എംഎൽഎ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ എസ്എഫ്ഐക്കും പരാതിക്കാരിക്കുമെതിരെ സർവ്വകലാശാലയിലെ ഇടത് അധ്യാപക സംഘടന കളമശ്ശേരി പോലീസിന് പരാതി നൽകി. സിൻഡിക്കേറ്റ് അംഗവും അധ്യാപകനും ഇടത് നേതാവുമായ പികെ ബേബിക്കെതിരെ നൽകിയ പരാതി വ്യാജമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചർ അസോസിയേഷൻ പറയുന്നു. ക്യാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള എസ്എഫ്ഐയുടെ ശ്രമമാണിതെന്നും പരാതി നൽകിയ പെൺകുട്ടിക്കെതിരെയും ഈ പരാതിയുടെ പേരിൽ അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐക്കെതിരെയും അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
പി.എസ്.സി. കോഴ വിവാദത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തേക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജീർണ്ണിച്ച കെട്ടിടം വീഴാൻ സാധ്യതയുള്ളതിനാൽ കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന അങ്കനവാടി ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി എം.ബി രാജേഷ്. അങ്കനവാടിക്ക് സമീപത്തുളള പൊളിഞ്ഞു വീഴാറായ കെട്ടിടം നാളേയ്ക്കകം പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പാലക്കാട് ചാലിശ്ശേരിയിൽ പെരുമണ്ണൂർ ജി എൽ പി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികൾക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്.
സർക്കാർ ആദിവാസികൾക്ക് വിതരണം ചെയ്ത ഭക്ഷ്യ സഹായ കിറ്റിൽ ക്രമക്കേടെന്ന് ആരോപണം. 2018 ൽ സർക്കാർ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് വിതരണത്തിനെത്തിച്ചത്. വെളിച്ചെണ്ണയുടെ പാക്കറ്റിൽ ബന്ധപ്പെടാൻ കൊടുത്തിരിക്കുന്ന ഫോൺ നമ്പറും വ്യാജവുമായിരുന്നു. വെളിച്ചെണ്ണയിൽ മായമുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ വിതരണക്കാർ പ്രശ്നം പരിഹരിക്കുമെന്നും വെളിച്ചെണ്ണ മാറ്റി നൽകുമെന്നുമാണ് പട്ടിക വർഗ വികസന വകുപ്പിന്റെ വിശദീകരണം.
തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളെ കൂട്ടാൻ പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ ഉടൻ ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിൻ്റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. അപകട സമയത്ത് ഡ്രൈവറും ആയയും മാത്രമാണ് ബസിൽ ഉണ്ടയിരുന്നത്.
കോട്ടയം നഗരസഭയുടെ കൈയ്യിലുള്ള പല സ്ഥലങ്ങൾക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോർട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതിനാൽ പല വികസന പദ്ധതികളും നടപ്പായിട്ടില്ല. റെയിൽവേ പാത ഇരട്ടിപ്പിക്കലിന് നഗരസഭ 0.17 ഹെക്ടർ ഭൂമി വിട്ട് നൽകിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി റെയിൽവേ അഞ്ചര കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ മതിയായ രേഖകൾ ഹാജരാക്കാത്തത് കൊണ്ട് ഈ പണം ഇതുവരെ ലഭിച്ചിട്ടില്ല.
പാനൂർ ബോംബ് സ്ഫോടന കേസിലെ നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. നാലാം പ്രതി സബിൻ ലാൽ, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജിൽ, പതിനൊന്നാം പ്രതി അക്ഷയ് എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനാൽ സായൂജിനും സബിൻ ലാലിനും കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ചാർജർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു. മർദനത്തിൽ പെൺകുട്ടിയുടെ കേൾവി ശക്തി തകരാറിലായി. സംശയവും കൂടുതൽ സ്ത്രീധനം ചോദിച്ചുമായിരുന്നു മർദ്ദനം. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാത്രി ധോണി അരിമണിയിൽ തത്തയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. കഴിഞ്ഞ വർഷം പിടി സെവൻ ഇറങ്ങിയ മേഖലയിൽ തന്നെ വീണ്ടും കാട്ടാന ഇറങ്ങിയതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ.
മലയാറ്റൂരിൽ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങുന്നതിന്റെ പേരിൽ വ്യാപക പ്രതിഷേധവുമായി നാട്ടുകാർ. ഇല്ലിത്തോട് മേഖലയിൽ കാട്ടാനക്കുട്ടി രാവിലെ പ്രദേശവാസിയുടെ വീട്ടിലെ കിണറ്റിൽ വീണിരുന്നു. തുടർന്ന് അമ്മയാനയെത്തി കുട്ടിയാനയെ വലിച്ചുകയറ്റി, കാടുകയറിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം
തുടങ്ങിയത്. ഡിഎഫ്ഒ തന്നെ നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.
മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായത് വിവാദത്തിലായി. പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടർ ഹാജരായത്. കോടതി ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു.
സമുദ്രാധിഷ്ഠിത വാണിജ്യമേഖലയില്‍ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ണസജ്ജമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാഡോ ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞ എത്തിച്ചേരും.
മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെ നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരുന്നു. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അവകാശലംഘന നോട്ടീസ് നൽകി. രാജ്യസഭയുടെ മുൻ അധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2014 ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്‌വ് എന്ന് നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോൾ മോദി പറഞ്ഞിരുന്നു. അധ്യക്ഷനെതിരായ ആരോപണം സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദിക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് നോട്ടീസ് നൽകിയിരിക്കുന്നത്.
വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതിയുടെ വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതിൽ കുപിതനായ മുൻ സൈനികൻ മകന് നേരെ വെടിയുതിർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചിന്താമണി ഏരിയയിൽ താമസിക്കുന്ന മുൻ സിആർപിഎഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റയാൾ ആശുപത്രിയിൽ അപകടനില തരണം ചെയ്തു.
ഉത്തർപ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്സേനയെ കബളിപ്പിച്ച സൈബർ തട്ടിപ്പുകാർ, അദ്ദേഹത്തെ വീട്ടു തടങ്കലിൽ വെച്ച് മണിക്കൂറുകളോളം കവിത ചൊല്ലിച്ചു. തട്ടിപ്പാണെന്ന് മനസിലായി വീട്ടിലുള്ള മറ്റുള്ളവർ ഇടപെട്ടതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട് പൊലീസിൽ പരാതി നൽകി. ലക്നൗവിൽ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ടി20 ലോകകപ്പ് ജയത്തോടെ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ ബി.സി.സി.ഐ. നല്‍കിയിരുന്നു. സ്‌ക്വാഡിലുള്‍പ്പെട്ട താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ചുകോടി രൂപ വീതവും സ്റ്റാഫിന് രണ്ടരക്കോടിയുമായാണ് ഇത് വീതിച്ചത്. എന്നാല്‍, കിട്ടിയ അഞ്ച് കോടിയില്‍നിന്ന് രണ്ടരക്കോടി കുറയ്ക്കണമെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്ക് നല്‍കുന്ന രണ്ടരക്കോടിതന്നെ തനിക്കും മതിയെന്ന അദ്ദേഹത്തിന്റെ ആവശ്യം ബി.സി.സി.ഐ. അംഗീകരിക്കുകയും ചെയ്തു.
അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഫൈനലില്‍ കടന്നത്. 22-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസും 51-ാം മിനിറ്റില്‍ ലിയോണല്‍ മെസിയും ഗോൾ നേടി. മത്സരത്തിന്റെ ഇരുപാതികളിലുമായിരുന്നു ഗോളുകള്‍. വ്യാഴാഴ്ച
പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ഇവർ നേരിടുക.