Untitled design 20240624 134401 0000

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നും ജില്ലകളിലും ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

 

 

 

 

മലപ്പുറം ചെമ്പ്രശ്ശേരിയിൽ നെല്ലേങ്ങര സുരേഷിന്റെ വീട് മഴയിൽ  തകർന്ന് വീണു. മലപ്പുറം കൊണ്ടോട്ടിയിൽ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കിൽ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് കനത്തമഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തൊട്ടിൽപ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ചക്കിട്ടപാറയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്. കോട്ടയം കുമരകത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ കാറ്റിൽ കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേൽക്കൂര പറന്നു പാടത്ത് പതിച്ചു. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് വീണു. നിരവധി ബൈക്കുകളും കാറ്റിൽപെട്ടു.

 

 

 

മഴയിൽ വ്യാപകനാശം ഉണ്ടായതോടെ തീരമേഖലകളിൽ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം എടവനക്കാട് നാട്ടുകാർ റോഡ് ഉപരോധിച്ചു. തീരമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചാണ് വൈപ്പിൻ ചെറായി സംസ്ഥാന പാത ഉപരോധിക്കുന്നത്.

 

 

 

രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും, തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുൻനിർത്തി ഒന്നിച്ചു പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു. എന്നാൽ യുവാക്കള്‍ക്കായുള്ള സർക്കാർ ഇടപെടല്‍ പരാമർശിക്കുപോള്‍ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. നീറ്റ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെതിരെ സുതാര്യമായ അന്വേഷണം നടക്കുമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി. ഇന്ത്യയെ വിശ്വബന്ധുവായാണ് ലോകം കാണുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

 

 

 

 

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നടന്ന നീക്കത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. കേസിൽ ശിക്ഷ അനുഭവിക്കുന്ന നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിന്‍റെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നും കൊളവല്ലൂർ പൊലീസ് ഇന്നലെ വൈകീട്ട് കെ.കെ രമയുടെ മൊഴിയെടുക്കാൻ വിളിപ്പിച്ചുവെന്നും. മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയത്. സർക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.

 

 

പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പുതുക്കിയ ശിക്ഷായിളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്നും, പട്ടിക ലഭ്യമാക്കിയത് ജയിൽ മേധാവിക്കാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു.

 

 

 

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

 

 

 

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ വന്നില്ലെന്ന് കെകെ രമ എം.എല്‍എ പറഞ്ഞു. ഇന്നലെ രാത്രി കൊളവല്ലൂർ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോഴ‌ാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സർക്കാൻ ഇപ്പോൾ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു.

 

 

 

ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.

 

 

 

എറണാകുളം കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ ഇന്ന് രാവിലെ എത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെ പരിശോധിച്ചതിൽ മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാർ പരിശോധനയെ എതിർത്തു. തുടർന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തില്‍ ഏർപ്പെട്ടു. പിന്നീട് ബ്രീത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു.

 

 

 

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി കൊടുക്കാനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനുള്ള ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കംഫർട് സ്റ്റേഷൻ പരിപാലനം സുലഭ് എന്ന ഏജൻസിയെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

 

 

 

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേൽപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കേന്ദ്ര സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും ഇല്ല അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്. സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ടെന്നും സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിലാണ് തുക അനുവദിച്ചത്. അതിനാൽ ബില്ലുകൾ മാറാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്ക് പോസ്റ്ററുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിൽ എഴുതിയത്. റെഡ് ആര്‍മി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമൻ്റിലാണ് പ്രതികരണം.

 

 

ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല, വൈകൃതമായിരുന്നു. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല. കൊല്ലാനാവുമെന്നും പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല. സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു.

 

 

മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്‌തി. അനവസരത്തിലെ പോസ്റ്റ്‌ വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

 

 

 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ മേഖലയിൽ ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകൾ കേരളത്തിൽ ആരംഭിച്ചുവെന്നത് ചരിത്ര മുന്നേറ്റമാണെന്നും പ്രതിവർഷം 10,000 എം എസ് എം ഇകൾ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

കെ ഫോണിന് സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. 5 വർഷ കാലാവധിയിൽ 9.2 ശതമാനം വരെ പലിശ നിരക്കിൽ വായ്പയെടുക്കാനുള്ള ഫയൽ ഐടി വകുപ്പ് മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചത്. സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

 

 

 

വയനാട്ടിലെ പുൽപ്പള്ളിയിൽ ലക്സ് ഇൻ റിസോട്ടിൻ്റെ മുന്നിൽ നിന്ന ചന്ദനം മുറിച്ചു കടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വർഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. പ്രതികൾ തടിയുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുൽപ്പള്ളി പൊലീസിനും വനംവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

 

 

 

കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായി. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നൽകിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

 

 

 

ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന അന്തർ സംസ്ഥാന ബസ് ബസ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്ന് പുലർച്ചെ 5.30 ന് കോയമ്പത്തൂർ വെച്ചാണ് ആർടിഒ ഉദ്യോഗസ്ഥർ ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു. പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.

 

 

 

കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

 

 

ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. മരണം സംഭവിച്ചത് ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്‍കാരം വൈകിട്ട് നാലിന് നടക്കും.

 

 

 

തൊടുപുഴയിൽ ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം.

 

 

 

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്. നിലവിൽ യൂറോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരുടെ പരിചരണത്തിലാണ് അദ്ദേഹം.

 

 

 

ക‍ർണാടക കോൺഗ്രസിൽ നേതൃതർക്കം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്.

 

 

 

നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺഗ്രസ്. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്.

 

 

 

കോളേജ് കാമ്പസിൽ ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി ബോംബൈ ഹൈക്കോടതി തള്ളി. മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെയാണ് ഒൻപത് വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളിയതോടൊപ്പം കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ കനത്ത ചൂടിൽ ഉരുകി. പ്രതിമയുടെ തല വേർപെട്ടു. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്. ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്‍റെ പ്രതിമ നോർത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്കൂളിലാണ് സ്ഥാപിച്ചിരുന്നത്.

 

 

നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പാർലെമെന്റിലേക്ക് അടക്കം പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെയാണ് തീരുമാനം. നികുതി വർധന സംബന്ധിച്ച ബില്ലിൽ താൻ ഒപ്പിടില്ലെന്ന് വില്യം റൂട്ടോ ബുധനാഴ്ച വിശദമാക്കി. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *