പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. അറുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. മരിച്ചവരില്‍ മൂന്നുപേര്‍ റെയില്‍വേ ജീവനക്കാരാണ്. ചരക്കു ട്രെയിനിന്‍റെ ലോക്കോ പൈലറ്റും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം.
പശ്ചിമബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതിയും അനുശോചിച്ചു. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി നേരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും സ്ഥിതി ഗതികള്‍ ഉന്നത ഉദ്യോഗസ്ഥരോട് അന്വേഷിച്ചതായും ട്വീറ്റില്‍ പറയുന്നു. അപകടസ്ഥലത്തേക്ക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉടന്‍ എത്തിച്ചേരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നഷ്ടപരിഹാരമായി നല്‍കും. അതിനിടെ അപകടത്തിന്‍റെ ഉത്തരവാദി മോദി സര്‍ക്കാരാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം വിലപ്പോകില്ല എന്ന സന്ദേശം പൊതുതെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകിയെന്ന് പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി. മതേതര മുന്നണി മുന്നേറ്റം നടത്തിയത് ആശ്വാസമെന്നും അധികാരത്തിലെത്താൻ മതേതര ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിലും ഈ പോക്ക് ശരിയല്ലെന്ന് ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് പാളയം ഇമാം വലിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. വെറുപ്പിന്‍റെ അങ്ങാടിയിൽ സ്നേഹത്തിൻറെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കെ കെ ലതികയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്തുന്നതായി വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
കോൺഗ്രസിന്റെ എക്സ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളോ അർബൻ നക്സലുകളോ ആണെന്ന് തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിമർശിച്ചു. ദേശീയ നേതാക്കൾക്കെതിരെ അപകീർത്തികരവും അപമാനകരവുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് തുടരുന്ന കോൺഗ്രസ് ഇപ്പോൾ ബഹുമാനപ്പെട്ട മാർപ്പാപ്പയെയും ക്രിസ്ത്യൻ സമൂഹത്തെയും പരിഹസിക്കുന്നതിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കുര്യൻ ആരോപിച്ചു. മറ്റ് വിശ്വാസങ്ങളെ അവഹേളിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും വിഷയത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യ പറഞ്ഞു.
മാർപാപ്പയെ അവഹേളിക്കുക എന്ന വിദൂര ചിന്ത പോലും കോൺഗ്രസിന്റെ ഒരു പ്രവർത്തകനും ഉണ്ടാകില്ലെന്നും സ്വയം ദൈവമാണെന്ന് പറഞ്ഞ് ഈ നാട്ടിലെ വിശ്വാസികളെ അപമാനിക്കുന്ന നരേന്ദ്രമോദിയെ പരിഹസിക്കാൻ കോൺഗ്രസിന് ഒരു മടിയുമില്ലെന്നും കോൺഗ്രസ് കേരളാ ഘടകം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നപ്പോൾ ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു എന്ന അടികുറിപ്പോടെയാണ് കോൺഗ്രസ് ഇവരുടെചിത്രം എക്സിൽ പോസ്റ്റ് ചെയ്തത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിനെ തുടർന്നാണ് സംഭവം വിവാദമായത്.
കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മുഖ്യമന്ത്രിയ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തന രീതികളും പരിശോധിക്കണം. പരാജയം ഉള്‍കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തണം. ഇല്ലെങ്കില്‍ ഇടതുപക്ഷം നശിച്ച് പോകുമെന്നും കെഇ ഇസ്മായിൽ പറഞ്ഞു.
പാസ്പോര്‍ട്ടിനായി വ്യാജരേഖകളുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പാസ്പോർട്ട് ഓഫീസർക്ക് പൊലീസ് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു. വ്യാജ രേഖകള്‍ പ്രകാരം പാസ്പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളിൽ അൻസിലിന്റെ പങ്ക് തെളിഞ്ഞാൽ എല്ലാ കേസിലും പ്രതിയാകും.
കാറില്‍ നീന്തല്‍ക്കുളമൊരുക്കിയ സംഭവത്തില്‍ വ്‌ളോഗറുടെ ലൈസന്‍സ് റദ്ദാക്കിയ ഉത്തരവ് പുറത്തിറക്കി മോട്ടോര്‍വാഹന വകുപ്പ്. ഇതില്‍ വ്‌ളോഗര്‍ ഗുരുതരമായ നിയമലംഘനമാണു നടത്തിയതെന്നും സ്ഥിരം കുറ്റക്കാരനാണെന്നും സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. പാലക്കാട് തൃത്താലയിൽ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിപ്പിച്ചത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.
സിനഡ് കുർബാന ചൊല്ലാത്തതിന്‍റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്ന് വിഘടിത വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കുർബാനയെന്ന മേജർ ആർച്ച് ബിഷപ്പിന്‍റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാൽ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നൽകുന്ന വൈദികൻ അറിയിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ അന്വേഷണ സമിതി കെപിസിസി പ്രസിഡന്‍റിന് റിപ്പോർട്ട് കൈമാറി. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് സംഭവംവിവാദമായത്.
പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കർ ഭൂമി സർക്കാർ ഭൂമി വിട്ടൊഴിയൽ നിയമപ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്.
സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ്. ജൂൺ 22 നാണ് അധ്യക്ഷപദവിയേക്കുള്ള സ്ഥാനാരോഹണം.
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും കാറിൽ യുവാക്കളുടെ സാഹസിക യാത്ര. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിന്റെ ഡോറിൽ ഇരുന്ന് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു അപകടയാത്ര. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
പാലക്കാട് യാത്രക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ബസ് നേരെ ആശുപത്രിയിലേക്ക് വിട്ട് ബസ് ജീവനക്കാർ. വളാഞ്ചേരി – പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നീനു സ്റ്റാർ ബസാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഓങ്ങല്ലൂരിൽ വെച്ച് ബസിനകത്ത് കുഴഞ്ഞു വീണ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ബസ് ഡ്രൈവർ ചാത്തനൂർ സ്വദേശി മനാഫ്, കണ്ടക്ടർ കൊടുമുണ്ട സ്വദേശി ഷറഫുദ്ദീൻ അലിമോൻ, വളാഞ്ചേരി സ്വദേശി അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് വാണിയംകുളം സ്വദേശി മണികണ്ഠന്‍റെ ജീവന് രക്ഷയായത്.
കോഴിക്കോട് മാനിപുരത്ത് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. മാനിപുരം കൊളത്തക്കര മദ്രസ്സ കോമ്പൗണ്ടിൽ അറക്കാൻ കൊണ്ടുവന്ന ഏഴ് പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. മാനിപുരം പുഴയുടെ ഭാഗത്തേക്ക് പോയ പോത്തിനെ രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുക്കം അക്നിരക്ഷാസേന പിടിച്ചുകെട്ടി.
കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തൃശ്ശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന സുലൈമാൻ മകൾക്ക് പെരുന്നാള്‍ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനമേറ്റത്.
മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്. യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ് പിടികൂടാൻ കാരണമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കന്നഡ നടൻ ദർശൻ പ്രതിയായ രേണുക സ്വാമി കൊലപാതക കേസിൽ രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്താകെയുള്ള ഗുരുതരമായ 15 മുറിവുകൾ വെളിപ്പെടുത്തുന്നത് ഇയാൾ ക്രൂരപീഡനത്തിന് ഇരയായി എന്നുള്ളതാണ്. ദർശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ബീഹാറിൽ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. 13 പരീക്ഷാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 7 വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദാംശങ്ങൾ ഉടൻ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ചോദിച്ച ചോദ്യങ്ങളിൽ അവരുടെ മറുപടി കൂടി കിട്ടേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി.
ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്ക്രീമിൽ നിന്ന് വിരൽ കിട്ടിയതായി 26കാരനായ ഡോക്ടറാണ് പരാതി നൽകിയത്. പൂനെയിലെ ഇന്ദാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിക്ക് കേന്ദ്ര ലൈസൻസ് ഉണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.