Untitled design 20240521 135515 0000

കുവൈത്തിലെ മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലെ തീപിടുത്തത്തിൽ മരണസംഖ്യ ഉയരുന്നുവെന്ന് റിപ്പോർട്ട്. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക അറിയിക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. അതോടൊപ്പം തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു.

 

 

 

 

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ അപകടത്തില്‍ മരിച്ചെന്നാണ് വിവരം.

 

 

 

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തിലേക്ക് പോവുന്നത്.

 

 

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടുത്തത്തിൽ മരണപെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക.

 

 

 

കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിലാണ്. തീപിടുത്തമുണ്ടായ സമയത്ത് ഏകദേശം 200 ജീവനക്കാര്‍ ഈ ആറു നില കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തുണ്ടായ തീപിടുത്തത്തിൽ കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകൾ തുറക്കാനായില്ലെന്നുമാണ് സൂചന. സംഭവത്തിൽ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ ഉത്തരവാദികൾ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി.

 

 

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സർക്കാരിന്‍റെയും ഏതാനും അധ്യാപകരുടെയും അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

 

 

കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്.

 

 

തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായി എന്നും ലോക്സഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിലെ തോല്‍വി നൽകിയത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. കൂടാതെ സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

നയിക്കാൻ മുരളിയേട്ടൻ വരട്ടെ എന്ന് കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന്‌ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

 

 

വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ലെന്നും, കോടതി പറഞ്ഞു. അതോടൊപ്പം റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വർക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനെ അറിയിച്ചു.

 

 

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോക കേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽ നിന്നും വൻ തോതിൽ പണം സമാഹരിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ്.

ഭൂലോക തട്ടിപ്പായി മാറിയ ലോക കേരള സഭ സിപിഎമ്മിന്‍റെ പിരിവു യന്ത്രമാണ്, സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവുമെന്ന് അദ്ദേഹം ആരോപിച്ചു.

 

 

സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയെന്ന മാമാങ്കം നിര്‍ത്തിവെച്ച് അതിന്റെ തുക കുവൈത്തിലെ അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോക കേരളസഭ എന്ന പേരില്‍ വലിയ മാമാങ്കം നടത്തുന്നതല്ലാതെ അതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

 

യൂട്യൂബർ സഞ്ജു ടെക്കിയുടെ കേസ് 25ന് പരിഗണിക്കാനായി മാറ്റി. സഞ്ജു ടെക്കി കേസില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ടായി നൽകി.

 

 

ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ സമുദായങ്ങൾക്ക് രാജ്യസഭാ സീറ്റ് നൽകിയതടക്കമുള്ള നയങ്ങളുമായി സിപിഎമ്മും എൽഡിഎഫും മുന്നോട്ടു പോയാൽ കാര്യങ്ങൾ കൈവിടുമെന്നും എന്നാൽ കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഉണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിൻറെ അവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

 

പെരിന്തൽമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു യുവാക്കളെ ബാങ്ക് അധികൃതർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. രണ്ട് പവന്‍റെ സ്വർണമാല എന്ന വ്യാജേന മുക്കുപണ്ടം വെച്ച് 60,000 രൂപ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ബാങ്ക് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാകാം തട്ടിപ്പെന്നാണ് സംശയം. സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും മറ്റാരോ മാറിയെടുത്തുവെന്നാണ് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയുടെ പരാതി.

 

ആലപ്പുഴ കുട്ടനാട് രാമങ്കരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറി. പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്‌ പഞ്ചായത്തംഗം ആർ രാജുമോനെ തെരഞ്ഞെടുത്തു. 55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്.

 

 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്. പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

കണ്ണൂർ പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സുബിൻ, സുജനേഷ് എന്നിവർക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടായിരുന്നു.

 

 

 

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും അലൻ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

 

കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. 1563 പേർക്കാണ് ഈ മാസം 23 ന് പരീക്ഷ നടത്തുന്നത്. ഫലം 30 ന് പ്രഖ്യാപിക്കും. 1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം അവരുടെ മാർക്ക് നോർമലൈസ് ചെയ്യുന്ന വിധത്തിൽ ഗ്രേസ്മാർക്ക് നൽകിയത്. ഈ നടപടി പൂർണ്ണമായും റദ്ദാക്കുകയാണ്.

 

തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെ പൊതുവേദിയിൽ വച്ച് അമിത് ഷാ ശകാരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം. മുൻ ഗവർണർ ആയ നാടാർ വനിതയെ അപമാനിച്ചത് അപലപനീയം ആണെന്ന് നാടാർ മഹാജന സംഘം വാർത്താകുറിപ്പിറക്കി. അമിത് ഷായും സംഭവത്തിന്‌ കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

 

 

 

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. ബുധനാഴ്ച കർണാടകയിലെ ബെലഗാവിയിലായിരുന്നു സംഭവം.

 

 

ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ വീണ്ടും ഭീകരാക്രമണം. സൈനിക പോസ്റ്റിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരുക്കേറ്റു. നാലു ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *