മൂന്നാമതും പ്രധാനമന്ത്രിയാകാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിനിടെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു ചേരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ സഖ്യകക്ഷികള്‍ വലിയ സമ്മര്‍ദ നീക്കം നടത്തിയേക്കും. ആഭ്യന്തര മന്ത്രി സ്ഥാനം ചോദിക്കാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനമെന്നാണ് സൂചന. എൻഡിഎ യോഗത്തിൽ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്‍റേയും നിലപാടുകൾ നിർണായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, മൗറീഷ്യസ് പ്രധാനമന്ത്രി, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി സഖാവ് പുഷ്പ കമാൽ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു, മാലദ്വീപ് വൈസ് പ്രസിഡന്‍റ് ഹുസൈൻ മുഹമ്മദ് ലത്തീഫ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ തുടങ്ങി നിരവധി ലോക നേതാക്കളാണ് മോദിയെ അഭിനന്ദിച്ചത്. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധം കൂടുതൽ മെച്ചപ്പെടാൻ മോദിയുടെ മൂന്നാം വരവിന് സാധിക്കുമെന്നും ലോക നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടി ജെഡിയു നേതാവ് നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചര്‍ച്ചകള്‍ നടത്താനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. മറ്റ് സ്വതന്ത്ര പാര്‍ട്ടികളെയും എത്തിക്കാൻ നീക്കം നടത്തുന്നുണ്ട്. സർക്കാർ രൂപീകരണ നീക്കങ്ങളിൽ മമത ബാനർജിയും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
സർക്കാർ രൂപീകരിക്കുന്നതിൽ എടുത്തു ചാടി കോൺഗ്രസ് ഒരു തീരുമാനവുമെടുക്കില്ലെന്ന് കെസി വേണുഗോപാൽ. ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് ആലോചിച്ച് തീരുമാനിക്കും. കെ മുരളീധരനുണ്ടായ തിരിച്ചടി പാർട്ടി ഗൗരവമായി പരിഗണിക്കും. കൂടാതെ രാഹുലിനെ പപ്പുവെന്ന് വിളിച്ച പിണറായി വിജയൻ ആത്മപരിശോധന നടത്തണം. പപ്പു ആരാണെന്ന് ഫലം തെളിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സി പി എം മറ്റന്നാള്‍ ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടത്തിയേക്കും. വിശദമായ ചര്‍ച്ചയ്ക്ക് അഞ്ച് ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും.16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20തീയതികളില്‍ സംസ്ഥാന സമിതി യോഗവും നടക്കും.
ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 47 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഒരു ശതമാനമേ ഇക്കുറി നഷ്ടമായിട്ടുള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് നടന്നത്. കേരളത്തിലേക്ക് അല്ല. ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയാണ്.സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇന്നത്തെ ഇന്ത്യ യോഗത്തിൽ ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം മുന്നണി കൃത്യമായി വിലയിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭാ സീറ്റിൽ സിപിഐക്ക് അവകാശമുണ്ട്. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്ക് സാധ്യതയില്ല. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് പോയതിന് ഇടതുപക്ഷ നയങ്ങളിലുണ്ടായ വ്യതിചലനം കാരണമായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ഇന്ന് വൈകിട്ടോടെ തൃശ്ശൂരിലെത്തും. നിഷേധിയാവില്ല, തന്‍റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു.സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ്ഗോപി. പ്രധാനമന്ത്രിയെ നാളെ കാണും. മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. പ്രചാരണസമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. മുരളിയേട്ടാ എന്നാണ് വിളിക്കാറ് , അങ്ങനെ തന്നെ തുടർന്നും വിളിക്കും. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടാതെ ഇത്തവണ സ്ത്രീ വോട്ടുകൾ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തിൽപ്പെട്ടവരും വോട്ടു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ വടകരയില്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് യു.ഡി.എഫ്. നേടിയ വിജയമെന്ന് ഷാഫി പറമ്പില്‍. വര്‍ഗീയത പറയാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതൊന്നും വടകരയില്‍ ഏശിയില്ല. വടകരയുടെ മതേതര മനസും രാഷ്ട്രീയ പ്രബുദ്ധതയുമാണ് വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ തിരഞ്ഞെടുത്തതെന്നും ഷാഫി പറഞ്ഞു.
ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും പാലക്കാട് ഡിസിസി.പ്രസിഡന്‍റ് എ തങ്കപ്പൻ. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങള്‍ക്കില്ലെന്ന് രമ്യാ ഹരിദാസ് മറുപടി നൽകി. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു.
കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു. തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണം.
തൃശ്ശൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്നും തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരനെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. തൃശൂരിലെ പരാജയത്തിൽ ആത്മപരിശോധന വേണം. ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്. തൃശൂരിൽ ബി.ജെ.പി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോൺഗ്രസും സിപിഎമ്മും പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയില്‍ ചേരാനുള്ള തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍. കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല.മാന്യമായ തോൽവി അല്ല മുരളീധരന്‍റേത്. അതിൽ വേദന ഉണ്ട്.തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.അത് ആരാണെന്നു ഡിസിസി ഓഫിസിന്‍റെ മതിലിൽ എഴുതി വെച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്തിയവർ തന്നെയാണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റിനുമെതിരെ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാറിന് തൃശൂരില്‍ നട തുറന്ന് കൊടുത്തത് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായ ടിഎന്‍ പ്രതാപനുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എഎ മുഹമ്മദ് ഹാഷിം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കെ മുരളീധരൻ തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു. ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്.
സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ. രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു അദ്ദേഹം പ്രവർത്തിച്ചുവെന്നും ശോഭ പറഞ്ഞു. താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും.ആറ്റിങ്ങലിൽ താൻ തന്നെ നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും. പാർട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ എന്നും ശോഭ പറഞ്ഞു.
രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചതെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. പണം കാര്യമായി പ്രചാരണത്തെ ബാധിച്ചു. കൂടാതെ കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേര്‍ പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിഷ്ണുവിനെയാണ് സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചത്.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അഞ്ചാം പ്രതിയായ പൊലീസുകാരന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുഖ്യപ്രതിയെ വിദേശത്തക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്നാണ് ശരത് ലാലിനെതിരായ കേസ്.
മെഡിക്കൽ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പതിമൂന്ന് ലക്ഷത്തി പതിനാറായിരത്തി ഇരുന്നൂറ്റി അറുപത്തിയെട്ട് പേർ യോഗ്യത നേടി. 720 ൽ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തിൽ നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാൻ (20) ആണ് മരിച്ചത്.
തമിഴ്നാട്ടിലെ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈക്കും, എടപ്പാടി പഴനി സ്വാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്. സഖ്യമവസാനിപ്പിച്ച ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോൽവിയാണ് ഉണ്ടായത്.
പൂനെയിൽ 17കാരൻ ഓടിച്ച ആഡംബര കാർഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാനായി ഇടനിലക്കാരായ രണ്ട് പേർ അറസ്റ്റിലായി. 17കാരന്റെ രക്ത സാംപിൾ പരിശോധനയ്ക്ക് മുൻപ് ഡോക്ടർമാരുമായി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് പേരെയാണ് പൂനെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിൽ ബിഎസ്പിയുടെ തകർച്ചയ്ക്കിടെ, ദലിത് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ചന്ദ്രശേഖർ ആസാദ് പാർലമെന്‍റിലേക്ക്. പടിഞ്ഞാറൻ യുപിയിലെ നാഗിന മണ്ഡലത്തിൽ എൻഡിഎയും ഇന്ത്യാ സഖ്യത്തെയും പിന്തള്ളിയാണ് ചന്ദ്രശേഖർ ആസാദിന്‍റെ വിജയം. 1,51,473 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ആസാദ് നേടിയത്.