ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എൻ ഡി എ 295 ഉം, ഇന്ത്യാ സഖ്യം229, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് ലീഡ് നില. ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ ഇന്ത്യാ സഖ്യം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ടി ഡി പി, ബിജെഡി, വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.
കേരളത്തിൽ യു ഡി എഫ് മുന്നറ്റം തുടരുന്നു. യുഡിഫ് 18 , എൽഡിഎഫ് 1, എൻ ഡി എ 1 എന്നിങ്ങനെയാണ് ലീഡ് നില .
നോട്ടക്കുള്ള വോട്ടുകളിൽ വൻകുറവ്. ജനാധിപത്യ പ്രക്രിയയിൽ ഭാഗമാവുകയും എന്നാൽ സ്ഥാനാർത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്.
കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി.
കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.
കെ കെ ശൈലജ ടീച്ചർക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് യു ഡി എഫ് എം എൽ എ സ്നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും രമ ചൂണ്ടികാട്ടി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്ത അദ്ദേഹത്തിന് സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോൽവിയിലേക്ക്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ എതിർ സ്ഥാനാർത്ഥി കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ മുന്നോട്ട് നീങ്ങുകയാണ്.
ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്.
ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകൾ അയയ്ക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നൂറ് കണക്കിന് മാലിന്യ ബലൂണുകൾ അയച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.
രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി. എൻഎസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ൽ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടം വന്നതായാണ് റിപ്പോർട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി